ലക്ഷക്കണക്കിന് സ്ത്രീകൾ ഗർഭസംബന്ധിയായ ബുദ്ധിമുട്ടുകൾ മൂലം മരിക്കുന്നുവെന്ന് മാതൃദിനപശ്ചാത്തലത്തിൽ യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകത്ത് ഗർഭകാലബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് സ്ത്രീകൾ മരിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ മാതൃദിനം ആചരിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ, മെയ് ഏഴാം തീയതി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ, ഗർഭകാല ബുദ്ധിമുട്ടുകളും പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളും മൂലം ഓരോ രണ്ടു മിനിറ്റിലും ഒരമ്മ വീതം മരിക്കുന്നുവെന്ന് വിശദീകരിച്ചു.
2000 മുതൽ 2023 വരെയുള്ള കാലയളവിൽ മാതൃമരണനിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും, 2016 മുതൽ ഈ മരണനിരക്കിൽ വലിയ കുറവില്ലെന്ന് യൂണിസെഫ് തങ്ങളുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കി. 2023-ൽ മാത്രം രണ്ടുലക്ഷത്തി അറുപതിനായിരം സ്ത്രീകളാണ്, ഗർഭകാല ബുദ്ധിമുട്ടുകളും പ്രസവസമയത്തുള്ള പ്രശ്നങ്ങളും മൂലം മരണമടഞ്ഞത്.
ലോകത്ത് നൂറ് കോടിയിലധികം സ്ത്രീകളും പെൺകുട്ടികളും വിവിധ തരത്തിലുള്ള പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നും ഇവരിൽ മൂന്നിൽ രണ്ടുപേരും വിറ്റമിനുകളുടെയും അവശ്യമിനറലുകളുടെയും കുറവാനുഭവിക്കുന്നുണ്ടെന്നും യൂണിസെഫ് വ്യക്തമാക്കി. ഏതാണ്ട് അൻപത് കോടിയിലധികം സ്ത്രീകൾ ഭക്ഷണക്കുറവ് മൂലം വിളർച്ചയനുഭവിക്കുന്നുണ്ടെന്നും ശിശുക്ഷേമനിധി കൂട്ടിച്ചേർത്തു.
ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റവും, സാമ്പത്തികബുദ്ധിമുട്ടുകളും ഭക്ഷ്യ, പോഷകാഹാരക്കുറവുകൾക്ക് കാരണമാകുന്നുണ്ടെന്ന് യൂണിസെഫ് എഴുതി. ജനിക്കുവാൻ പോകുന്ന കുട്ടികളുടെ അതിജീവനത്തിനും വളർച്ചയ്ക്കും വികസനത്തിനും പോഷകാഹാരലഭ്യത പ്രധാനപ്പെട്ടതാണെന്ന് സംഘടന ഓർമ്മിപ്പിച്ചു.
ലോകത്ത് സ്ത്രീകൾ നേരിടുന്ന ഈ വലിയ പ്രതിസന്ധി നേരിടാൻ യൂണിസെഫ് അടിയന്തിരപദ്ധതി ആരംഭിച്ചുവെന്ന് സംഘടന വ്യക്തമാക്കി. ഇതുവഴി, അമ്മമാർക്കും കുട്ടികൾക്കും ഭക്ഷ്യസുരക്ഷയൊരുക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: