MAP

ഗാസായിൽനിന്നുള്ള ഒരു ദൃശ്യം ഗാസായിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

ഗാസാ മുനമ്പിൽ ഇരകളായത് അൻപതിനായിരത്തിലധികം കുട്ടികൾ: യൂണിസെഫ്

2023 ഒക്ടോബർ മുതൽ നാളിതുവരെ ഗാസ പ്രദേശത്ത് അൻപത്തിനായിരത്തിലധികം കുട്ടികൾ യുദ്ധത്തിന്റെ ഇരകളായെന്നും, ആയിരക്കണക്കിന് കുട്ടികളാണ് ഇവിടെ മരിച്ചതെന്നും യൂണിസെഫ്. വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ട മാർച്ച് 18-ന് ശേഷം, നിലവിലെ വാർത്തകളനുസരിച്ച് 1.309 കുട്ടികൾ കൊല്ലപ്പെട്ടുവെന്നും, 3.738 കുട്ടികൾക്ക് പരിക്കേറ്റുവെന്നും, മെയ് 28-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ശിശുക്ഷേമനിധിയുടെ മദ്ധ്യപൂർവ്വദേശങ്ങൾക്കായുള്ള പ്രാദേശിക ഡയറക്ടർ ബൈഗ്ബഡർ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസ പ്രദേശത്ത് ചിന്തിക്കാനാകാത്തത്ര ഭീകരതയാണ് വാഴുന്നതെന്നും, അൻപതിനായിരത്തിലധികം കുട്ടികൾ കഴിഞ്ഞ രണ്ടുവർഷങ്ങൾക്കുള്ളിൽ ഇവിടെ നടന്ന ആക്രമണങ്ങളുടെ ഇരകളായെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്.  ശിശുക്ഷേമനിധി മെയ് 28 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ഈ ഐക്യരാഷ്ട്രസഭാസംഘടനയുടെ മദ്ധ്യപൂർവ്വദേശങ്ങൾക്കായുള്ള പ്രാദേശിക ഡയറക്ടർ ബൈഗ്ബഡറാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്.

തങ്ങൾക്ക് ലഭ്യമായ വിവരങ്ങളനുസരിച്ച്, 2025 മാർച്ച് 18-ന് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം മാത്രം ഗാസാ മുനമ്പിൽ 1.309 കുട്ടികൾ കൊല്ലപ്പെട്ടുവെന്നും, 3.738 കുട്ടികൾക്ക് പരിക്കേറ്റുവെന്നുമാണ് തങ്ങൾ മനസ്സിലാക്കുന്നതെന്ന് ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി. കഴിഞ്ഞ എഴുപത്തിരണ്ട് മണിക്കൂറുകളിൽ, പ്രത്യേകിച്ച് വാരാന്ത്യത്തിൽ രണ്ട് കടുത്ത ആക്രമണങ്ങൾ ഉണ്ടായെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച ഖാൻ യൂനിസിൽ ഉണ്ടായ ഒരു ആക്രമണത്തിൽ പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പത്ത് സഹോദരങ്ങളിൽ ഒൻപത് പേർ കൊല്ലപ്പെട്ടുവെന്ന് യൂണിസെഫ് അറിയിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച ഗാസ നഗരത്തിലെ ഒരു സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ പതിനെട്ട് കുട്ടികളുൾപ്പെടെ മുപ്പത്തിയൊന്ന് പേർ കൊല്ലപ്പെട്ടുവെന്നും ശിശുക്ഷേമനിധി അറിയിച്ചു.

സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏവരോടും ഉടൻ ആക്രമണങ്ങൾ അവസാനിപ്പിക്കാനും, കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ സംരക്ഷിക്കാനും, അന്താരാഷ്ട്രമാനവികാവകാശങ്ങൾ മാനിക്കാനും യൂണിസെഫ് ആവശ്യപ്പെട്ടു. ആളുകൾക്ക് മാനവികസഹായമെത്തിക്കാൻ അനുവദിക്കാനും, തട്ടിക്കൊണ്ടുപോകപ്പെട്ടവരെ ഉടൻ വിട്ടയക്കാനും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി അഭ്യർത്ഥിച്ചു.

ഗാസയിലെ കുട്ടികൾക്ക് സംരക്ഷണവും, ഭക്ഷണവും ശുദ്ധജലവും, മരുന്നുകളും നൽകണമെന്നും, പ്രദേശത്ത് വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു. സംഘർഷങ്ങൾ താത്കാലികമായല്ല, എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്നും യൂണിസെഫ് കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 മേയ് 2025, 14:39