സുഡാൻ സംഘർഷങ്ങൾ: പീഡനഭീഷണിയിൽ കുട്ടികളും അപകടക്കുരുക്കിൽ സാധാരണക്കാരും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സായുധസംഘർഷങ്ങൾ തുടരുന്ന സുഡാനിലെ കുട്ടികൾ പീഡനഭീഷണി നേരിടുന്നെന്നും നിരവധി സാധാരണക്കാരാണ് വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിന്റെ സുഡാനിലെ പ്രതിനിധി ഷെൽഡൺ യെറ്റ്. സുഡാനിലെ കുട്ടികൾ ഒരു വലിയ മാനവികദുരന്തത്തിന്റെ ഭാരമാണ് പേറുന്നതെന്നും, കഴിഞ്ഞ മൂന്ന് ആഴ്ചകളിൽ മാത്രം ആയിരക്കണക്കിന് കുട്ടികളും കുടുംബങ്ങളും തങ്ങളുടെ വീടുകളിൽനിന്ന് രക്ഷപെട്ടോടാൻ നിർബന്ധിതരായെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന വ്യക്തമാക്കി. ഇവരിൽ പലരും രണ്ടാമതും മൂന്നാമതും തവണയാണ് സ്വഭവനങ്ങൾ വിട്ടിറങ്ങിയതെന്ന് യൂണിസെഫ് വിശദീകരിച്ചു.
രാജ്യത്ത് നിലനിന്നിരുന്ന സംഘർഷങ്ങളും അക്രമണങ്ങളും ഏപ്രിൽ 11-ന് വർദ്ധിച്ചതിനെത്തുടർന്ന് നൂറുകണക്കിനാളുകൾ മരണമടഞ്ഞുവെന്ന് ശിശുക്ഷേമനിധി അറിയിച്ചു. ഏതാണ്ട് ഒന്നരലക്ഷം പേരാണ് അൽ-ഫാഷർ ക്യാമ്പിൽ അഭയം തേടിയത്. താവില ക്യാമ്പിൽ ഏതാണ്ട് ഒരുലക്ഷത്തിഎൺപത്തിനായിരത്തിലധികം ആളുകളാണുള്ളത്. ഇരു ക്യാമ്പുകളിലുമായി മൂന്ന് ലക്ഷത്തിലധികം അഭയാർത്ഥികളാണുള്ളതെന്നും അതുകൊണ്ടുതന്നെ മുൻപുതന്നെ ബുദ്ധിമുട്ടിലായിരുന്ന അവശ്യസേവനങ്ങളുടെ ലഭ്യത ഇനിയും കുറയുമെന്നും യൂണിസെഫ് അറിയിച്ചു.
അഭയാർത്ഥികളിൽ പലരും പ്രദേശത്തുള്ള പണിതീരാത്ത കെട്ടിടങ്ങളിലും, സ്‌കൂളുകളിലും മരങ്ങൾക്കടിയിലുമാണ് കഴിയുന്നതെന്നും, അതുകൊണ്ടുതന്നെ ഇവർ തുടർച്ചയായുള്ള ബോംബാക്രമണങ്ങൾക്ക് ഇരകളാകാനുള്ള സാധ്യത തുടരുകയാണെന്നും യൂണിസെഫ് കൂട്ടിച്ചേർത്തു. പ്രദേശത്ത് ശുദ്ധജലത്തിനും ഭക്ഷണത്തിനും ക്ഷാമമുണ്ടെന്നും, ചികിത്സാസേവനങ്ങൾ ലഭ്യമല്ലെന്നും സംഘടന വ്യക്തമാക്കി.
സംസം അഭയാർത്ഥി ക്യാമ്പിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം വ്യക്തമല്ലെന്നും, അവർക്ക് രക്ഷപെടാനുള്ള മാർഗ്ഗങ്ങൾ ലഭ്യമല്ലെന്നും പലരും സായുധസംഘങ്ങളുടെ നിയന്ത്രണത്തിലാണെന്നും യൂണിസെഫ് അറിയിച്ചു. ക്യാമ്പുകളിൽനിന്ന് രക്ഷപെട്ടോടിയവരുടെ സ്ഥിതി കൂടുതൽ ദുരവസ്ഥയിലാണെന്ന് ശിശുക്ഷേമനിധി പ്രതിനിധി കൂട്ടിച്ചേർത്തു.
പല ക്യാമ്പുകളിലും രോഗങ്ങൾ പടർന്നുപിടിക്കുന്നുണ്ടെന്നും, താവിലയിൽ മാത്രം എണ്ണൂറിൽപ്പരം പേർക്ക് അഞ്ചാം പനി പിടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും യൂണിസെഫ് തങ്ങളുടെ പ്രസ്താവനയിൽ എഴുതി.
രാജ്യത്തെ അസ്ഥിരതാവസ്ഥ നിലനിൽക്കുമ്പോഴും, ദാർഫുറിലെ കുട്ടികൾക്കായി തങ്ങൾ പ്രവർത്തിച്ചുവരികയാണെന്നും, ഏപ്രിൽ മാസത്തിൽ തങ്ങൾക്ക് താവിലയിലും സാലെയ്ങ്കേയിലും ജെബേൽ മാറായിലും ഏതാണ്ട് രണ്ടരലക്ഷത്തോളം അഭയാർത്ഥികൾക്കായി അഞ്ചു ട്രക്കുകളിൽ ജീവന്രക്ഷാവസ്തുക്കളും ജലവും ശുചിത്വവസ്തുക്കളും എത്തിക്കാനായെന്നും സംഘടന അറിയിച്ചു.
രാജ്യത്ത് പ്രശ്നങ്ങൾ നിലനിൽക്കുന്നയിടങ്ങളിൽ മാനവികസഹായം എത്തിക്കുന്നതിനായി സഹായമേകാൻ സർക്കാരിനോടും സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളോടും യൂണിസെഫ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടണമെന്നും, ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കണമെന്നും ശിശുക്ഷേമനിധി അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: