സുഡാനിലെ സായുധസംഘർഷങ്ങൾ അവസാനമില്ലാതെ തുടരുന്നു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സുഡാനിൽ, ജനറൽ അബ്ദെൽ ഫത്താഹ് അൽ-ബുർഹാൻ (Abdel Fattah al-Burhan) നേതൃത്വം നൽകുന്ന സുഡാൻ സായുധസേനയെന്ന സാധാരണ പട്ടാളക്കാരും (Sudan Armed Forces), മൊഹമ്മദ് ഹംദാൻ "ഹെമെത്തി" ദാഗാലോ (Mohamed Hamdan "Hemeti" Dagalo) നേതൃത്വം നൽകുന്ന സുഡാൻ ധ്രുതകർമ്മസേനയും (Rapid Support Forces RSF) തമ്മിൽ 2023 ഏപ്രിൽ 15-ന് ആരംഭിച്ച സായുധസംഘർഷങ്ങൾ മൂന്നു വർഷങ്ങൾക്കിപ്പുറവും തുടരുമ്പോൾ, രാജ്യത്തെ സുരക്ഷാനില കൂടുതൽ വഷളായിത്തീരുന്നുവെന്ന് 2008 മുതൽ സുഡാനിൽ സേവനമനുഷ്ഠിക്കുന്ന കൊമ്പോണിയൻ വൈദികൻ ഫാ. ഹോർഹേ നറാൻഹോ.. കഴിഞ്ഞ നാലു ദിവസങ്ങളിൽ കിഴക്കൻ സുഡാനിലെ പോർട്ട് സുഡാനിൽ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ സുഡാൻ ധ്രുതകർമ്മസേനയാണെന്ന ആരോപണമുയർന്നു.
സംസ്ഥാനത്തിന്റെ തലസ്ഥാനമായ പോർട്ട് സുഡാനിലെ വിമാനത്താവളത്തിനുനേരെയും, പ്രദേശത്തുള്ള മിലിട്ടറി ബേസിനു നേരെയും അക്രമണമുണ്ടായി. താരതമ്യേന സുരക്ഷിതമെന്ന് കരുതിയിരുന്ന പോർട്ട് സുഡാനിൽ നടക്കുന്ന ആക്രമണങ്ങൾ നിലവിലെ സംഘർഷാവസ്ഥ വർദ്ധിക്കാൻ കാരണമാകുമെന്ന് ഫാ. ഹോർഹേ നറാൻഹോ ഓർമ്മിപ്പിച്ചു. പ്രദേശത്തുള്ള ലക്ഷക്കണക്കിന് അഭയാർഥികളുടെ ജീവിതത്തെയും ഇത് ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനറൽ അബ്ദെൽ ഫത്താഹ് അൽ-ബുർഹാൻ നേതൃത്വം നൽകുന്ന സുഡാൻ സായുധസേന അടുത്തിടെ രാജ്യതലസ്ഥാനമായ ഖർത്തും തിരികെപ്പിടിച്ചിരുന്നു. രാജ്യത്തിൻറെ വടക്കുകിഴക്കൻ പ്രദേശങ്ങൾ സായുധസേനയുടെ നിയന്ത്രണത്തിലാണ്. എന്നാൽ രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ മൊഹമ്മദ് ഹംദാൻ "ഹെമെത്തി" ദാഗാലോ നേതൃത്വം നൽകുന്ന സുഡാൻ ധ്രുതകർമ്മസേനയാണ് നിയന്ത്രണം പിടിച്ചെടുത്തിരിക്കുന്നത്. അടുത്തിടെ ധ്രുതകർമ്മസേനയ്ക്ക് ലഭിച്ച ദീർഘദൂരം സഞ്ചരിക്കാൻ കഴിവുള്ള ഡ്രോണുകൾ ഉപയോഗിച്ച്, സുഡാന്റെ വടക്കു കിഴക്കുഭാഗങ്ങളിൽ അവർ ആക്രമണം നടത്തുകയാണെന്ന് ആരോപിക്കപ്പെടുന്നു. സുഡാന്റെ കിഴക്കുഭാഗത്തുള്ള സോമാലിയയിലെ ബോസാസോ പ്രദേശത്തുനിന്നാകാം ആക്രമണങ്ങൾ വന്നതെന്ന് സായുധസേനാവക്താവ് അഭിപ്രായപ്പെട്ടു.
രാജ്യത്തേക്ക് മാനവികസഹായമെത്തിക്കുന്ന പ്രധാനയിടമായ പോർട്ട് സുഡാനിൽ അടിയന്തിരാവസ്ഥ നിലനിൽക്കുകയാണ്. യുദ്ധം ആരംഭിക്കുന്നതിന് മുൻപ് മൂന്നരലക്ഷം ആളുകൾ വസിച്ചിരുന്ന ഈ പ്രദേശത്ത് നിലവിൽ ഏഴ് ലക്ഷത്തോളം ആളുകളാണുള്ളത്. അന്താരാഷ്ട്ര സംഘടനകൾ രാജ്യത്തുനിന്ന് പുറത്തുപോയാൽ, നിലവിലെ മാനവികപ്രതിസന്ധി കൂടുതൽ വഷളാകുമെന്ന് ഫാ. ഹോർഹേ നറാൻഹോ ഓർമ്മിപ്പിച്ചു.
രാജ്യത്ത് നിലവിൽ സംഘർഷങ്ങളിലേർപ്പെട്ടിരിക്കുന്ന കക്ഷികൾക്ക് ഇതവസാനിപ്പിക്കാൻ ഉദ്ദേശമുണ്ടെന്ന് തോന്നുന്നില്ലെന്ന് അഭിപ്രായപ്പെട്ട ഫാ. നറാൻഹോ, സമാധാനസ്ഥാപനത്തിനായി ഫ്രാൻസിസ് പാപ്പാ ഉയർത്തിയ ആഹ്വാനം ഓർമ്മിപ്പിച്ചുകൊണ്ടും ജനങ്ങളുടെ പ്രത്യാശ ഉയർത്തിപ്പിടിച്ചുകൊണ്ടും കൊമ്പോണിയൻ മിഷനറിമാർ ഇവിടെ തുടരുമെന്ന് പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: