MAP

സങ്കീർത്തനചിന്തകൾ - 118 സങ്കീർത്തനചിന്തകൾ - 118 

ഒരിക്കലും കൈവിടാത്ത, വിജയവും അനുഗ്രഹവുമേകുന്ന ദൈവം

വചനവീഥി: നൂറ്റിപ്പതിനെട്ടാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - നൂറ്റിപ്പതിനെട്ടാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പെസഹാ ആചരണവേളയിൽ യഹൂദജനം ആലപിച്ചിരുന്ന നൂറ്റിപ്പതിമൂന്ന് മുതൽ നൂറ്റിപ്പതിനെട്ട് വരെയുള്ള ആറു സങ്കീർത്തനങ്ങളിൽ അവസാനത്തേതായ നൂറ്റിപ്പതിനെട്ടാം സങ്കീർത്തനം, തങ്ങൾക്ക് ലഭിച്ച വിജയത്തിന് നന്ദിയേകനായി രാജാവും ജനങ്ങളുമൊന്നിച്ച് ദേവാലയത്തിലേക്ക് നടത്തുന്ന പ്രദക്ഷിണവേളയിലും, ആഘോഷമായ ആരാധനവസരങ്ങളിലും ആലപിക്കപ്പെട്ടിരുന്ന ഒരു കീർത്തനമായാണ് കണക്കാക്കപ്പെടുന്നത്. സങ്കീർത്തനകർത്താവ് ആരെന്ന് വ്യക്തമല്ലെങ്കിലും, ദാവീദ് രാജാവുതന്നെയാകാം ഈ സങ്കീർത്തനത്തിന്റെയും രചയിതാവെന്ന് കരുതപ്പെടുന്നു. ഭൂമിയിലെ എല്ലാ അധികാരങ്ങളും, കൂടെ നിൽക്കുമെന്ന് കരുതിയ ആളുകളും സഹായത്തിനെത്താതെ, പരാജയത്തിലേക്കും ദുരിതങ്ങളിലേക്കും ജീവിതം നിപതിച്ചേക്കാമായിരുന്ന അവസരത്തിൽ (സങ്കീ. 118, 10-14) കർത്താവിന്റെ വലതുകരം തന്നെ താങ്ങി നിറുത്തിയതിനും, കർത്താവിന്റെ നാമത്തിൽ ശത്രുക്കളുടേമേൽ വിജയം വരിക്കാനായതിനും ദൈവജനത്തിന്റെ നാമത്തിൽ സങ്കീർത്തകൻ കൃതജ്ഞത പ്രകടിപ്പിക്കുന്നു (സങ്കീ. 118, 15-18). ദേവാലയത്തിന്റെ മുന്നിൽ സങ്കീർത്തകനും പുരോഹിതരും തമ്മിലുള്ള ഒരു സംഭാഷണവും (സങ്കീ. 118, 19-25) ദൈവജനത്തിന് അനുഗ്രഹമേകുന്ന പുരോഹിതരെയും (സങ്കീ. 118, 26-27) സങ്കീർത്തകന്റെ നന്ദിപ്രകടനവും (118, 28-29) നമുക്ക് ഈ സങ്കീർത്തനത്തിന്റെ രണ്ടാം പകുതിയിൽ കാണാം.

വിശ്വസ്തനായ യാഹ്‌വെയും അവസാനിക്കാത്ത കാരുണ്യവും

സങ്കീർത്തനത്തിന്റെ ഒന്നുമുതൽ നാലുവരെയുള്ള വാക്യങ്ങളിൽ നല്ലവനും കാരുണ്യവാനുമായ ദൈവത്തിന് കൃതജ്ഞതയർപ്പിക്കാനുള്ള ക്ഷണമാണ് സങ്കീർത്തകൻ നടത്തുന്നത്. സങ്കീർത്തനത്തിന്റെ ഇരുപത്തിയൊൻപതാം വാക്യത്തിലും ഈ ക്ഷണം ആവർത്തിക്കപ്പെടുന്നുണ്ട് (സങ്കീ. 118, 1-4, 29). നൂറ്റിപ്പതിനഞ്ചാം സങ്കീർത്തനത്തിലേതുപോലെ (സങ്കീ. 115, 9-11) മൂന്ന് ഗണം വ്യക്തികളോട്, ദൈവത്തിന്റെ കാരുണ്യം സ്വീകരിച്ച ഇസ്രായേൽ എന്ന ദൈവജനത്തോടും (സങ്കീ. 115, 2), കർത്താവിനോട് അടുത്തുനിൽക്കുന്ന പുരോഹിതഗണമായ അഹറോന്റെ ഭവനത്തോടും (സങ്കീ. 115, 3), യാഹ്‌വെയെ ഭക്തിയോടെ നോക്കിക്കാണുന്ന ഏവരോടും (സങ്കീ. 115, 4) ആണ് ഈ ക്ഷണം സങ്കീർത്തകൻ ആവർത്തിക്കുന്നത്. ഇസ്രായേൽ ജനത്തിന് അവരുടെ ദൈവം നൽകുന്ന അനുഗ്രഹങ്ങൾ ആ ജനത്തിന് പുറത്തുള്ള മറ്റു ജനതകൾക്കും യാഹ്‌വെയോടുള്ള ഭക്തിക്ക് കാരണമായിരുന്നുവെന്ന ചിന്തയാണ് ഇവിടെ നമുക്ക് വ്യക്തമാകുക. ഇസ്രായേൽ ജനത്തിന് തങ്ങളുടെ ദൈവമായ യാഹ്‌വെയുടെ സ്വഭാവത്തെക്കുറിച്ചുള്ള ബോധ്യവും ഒന്നാം വാക്യത്തിൽത്തന്നെ വ്യക്തമാണ്. അവൻ നല്ലവനാണ്, അവന്റെ കാരുണ്യം എന്നും നിലനിൽക്കുന്നു (സങ്കീ. 118, 1).

ദുരിതങ്ങളിലകപ്പെട്ട ജനവും സംരക്ഷകനായ കർത്താവും

സങ്കീർത്തനത്തിന്റെ അഞ്ചുമുതൽ പതിനാല് വരെയുള്ള വാക്യങ്ങളിൽ, ഇസ്രായേൽ ജനത്തിന്റെ പേരിൽ സംസാരിക്കുന്ന സങ്കീർത്തകനെ, രാജാവിനെയാണ് നാം കാണുക. ദുരിതങ്ങളുടെയും ശത്രുക്കളുയർത്തിയ ഭീഷണികളുടെയും കാലത്ത്, താൻ കർത്താവിൽ അഭയം തേടുകയും അവന്റെ സഹായം അപേക്ഷിക്കുകയും ചെയ്‌തുവെന്നും, അവന്റെ നാമത്തിൽ താൻ അവയെല്ലാം തരണം ചെയ്തുവെന്നും സങ്കീർത്തകൻ ഏറ്റുപറയുന്നു. ദുരിതങ്ങളിൽ തന്നെ മോചിപ്പിക്കുകയും (സങ്കീ. 118, 5), ആർക്കും തനിക്കെതിരെ ഒന്നും ചെയ്യാനാകാത്തവിധം തന്റെ പക്ഷത്തു നിൽക്കുകയും (സങ്കീ. 118, 6), തന്റെ ജനത്തിന്റെ ശത്രുക്കളുടെ പതനം ഉറപ്പാക്കുകയും (സങ്കീ. 118, 7) ചെയ്ത ദൈവമാണവൻ. തേനീച്ചപോലെ എല്ലാ വശത്തുനിന്നും ശത്രുക്കൾ തന്നെ വലയം ചെയ്യുകയും, താൻ വീഴത്തക്കവിധം അവർ തള്ളിക്കയറുകയും, മുൾപ്പടർപ്പിന് പിടിച്ച തീപോലെ അവർ ആളിക്കത്തുകയും ചെയ്തപ്പോൾ, കർത്താവിന്റെ നാമത്തിൽ അവരെ നശിപ്പിക്കാനും, അവരെ വിച്ഛേദിക്കാനും തനിക്ക് സാധിച്ചുവെന്നും, കർത്താവ് തനിക്ക് സഹായത്തിനെത്തിയെന്നും, അവൻ തനിക്ക് ബലവും രക്ഷയുമായെന്നും (സങ്കീ. 118, 10-14) സങ്കീർത്തകൻ ഏറ്റുപറയുന്നു. ഈയൊരു ബോധ്യത്തോടെയാണ് പ്രഭുക്കളിലും, മറ്റു മനുഷ്യരിലും ആശ്രയം വയ്ക്കുന്നതിനേക്കാൾ, ദൈവത്തിൽ അഭയം തേടുന്നതാണ് നല്ലതെന്ന് സങ്കീർത്തകൻ അവർത്തിച്ചുപറയുന്നത് (സങ്കീ. 118, 8-9).

സങ്കീർത്തനത്തിന്റെ പതിനഞ്ചുമുതൽ പതിനെട്ടുവരെയുള്ള വാക്യങ്ങളിലും കർത്താവ് നൽകിയ അനുഗ്രഹങ്ങളും അവന്റെ ശക്തമായ സാന്നിദ്ധ്യവും ആവർത്തിച്ച് വർണ്ണിക്കുന്ന സങ്കീർത്തകനെയാണ് നാം കാണുന്നത്. കർത്താവ് തന്റെ വലതുകരത്തിന്റെ ശക്തി പ്രകടമാക്കിയെന്നും, അവന്റെ വലതുകരം മഹത്വമാർജ്ജിച്ചുവെന്നും (സങ്കീ. 118, 15-16), അവൻ തന്നെ കഠിനമായി ശിക്ഷിച്ചുവെങ്കിലും തന്നെ മരണത്തിനേൽപിച്ചില്ലെന്നും (സങ്കീ. 118, 18) ഏറ്റുപറയുന്ന സങ്കീർത്തകൻ, താൻ മരിക്കുകയില്ലെന്നും, കർത്താവിന്റെ പ്രവൃത്തികൾ പ്രഘോഷിക്കുമെന്നും (സങ്കീ. 118, 17) പ്രഖ്യാപിക്കുന്നു. തെറ്റുകൾ ചെയ്യുമ്പോൾ ഒരു പിതാവിന്റെ മനോഭാവത്തോടെ തങ്ങളെ ശിക്ഷിക്കുന്ന ദൈവം പക്ഷെ, തങ്ങളുടെ ജീവനുനേരെ ഉയരുന്ന വെല്ലുവിളികളിലും ഭീഷണികളിലും തങ്ങളോടൊപ്പം നിൽക്കുകയും തങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് ഇസ്രായേൽ ജനം യാഹ്‌വെയെ പ്രകീർത്തിക്കുന്നത്.

ഇസ്രായേൽ ജനവും ദൈവാനുഗ്രഹമേകുന്ന പുരോഹിതരും

സങ്കീർത്തനത്തിന്റെ പതിനഞ്ച് മുതൽ ഇരുപത്തിയഞ്ച് വരെയുള്ള വാക്യങ്ങൾ ദേവാലയവാതിൽക്കലെത്തിയ സങ്കീർത്തകനും ദൈവത്തിന്റെ പുരോഹിതരും തമ്മിലുള്ള സംഭാഷണത്തിന്റെ മാതൃകയിലുള്ളതാണ്. തനിക്ക് ഉത്തരമരുളുകയും, തന്റെ പ്രാർത്ഥന കേട്ട്, തന്നെ രക്ഷിക്കുകയും ചെയ്ത കർത്താവിന് നന്ദി പറയാനാണ് നീതിമാനായ സങ്കീർത്തകൻ എത്തിയിരിക്കുന്നത് (സങ്കീ. 118, 21). നീതിമാനായ ദൈവത്തിന്റെ സന്നിധിയിലേക്കുള്ള വാതിലുകൾ നീതിമാന്മാർക്കായാണ് തുറക്കപെടുകയെന്ന ഒരു ചിന്തയും സങ്കീർത്തനം ഇവിടെ അവതരിപ്പിക്കുന്നുണ്ട് (സങ്കീ. 118, 19-20). മറ്റുള്ളവരാൽ ഉപേക്ഷിക്കപ്പെടുകയും തള്ളിക്കളയപ്പെടുകയും ചെയ്തവരെപ്പോലും കൈവിടാതെ, വിസ്മയാവഹമായ വിധത്തിൽ അവരെ പരിപാലിക്കുന്നവനാണ് ദൈവം (സങ്കീ. 118, 22-23). ഇങ്ങനെ മാനുഷികമായ അളവുകോലുകളിൽനിന്ന് വ്യത്യസ്തനായ ദൈവത്തിന്റെ കരുണയ്ക്കും, സംരക്ഷണത്തിനും അവന്റെ പ്രവൃത്തികൾക്കും മുന്നിൽ, സന്തോഷിച്ചുല്ലസിക്കുകയും അവനു നന്ദി പറയുകയും ചെയ്യുന്ന സങ്കീർത്തകൻ, ദേവാലയത്തിനുള്ളിൽ പ്രവേശിച്ച്, തങ്ങളെ രക്ഷിക്കണമേയെന്നും, തങ്ങൾക്ക് വിജയം നൽകണമേയെന്നും (സങ്കീ. 118, 25) വിശ്വാസപൂർവ്വം പ്രാർത്ഥിക്കുന്നു.

ദൈവത്തിന് നന്ദിയേകാനും, അവനോട് പ്രാർത്ഥിക്കാനുമായി ദേവാലയത്തിലേക്ക് കർത്താവിന്റെ നാമത്തിൽ വരുന്ന സങ്കീർത്തകനെ കർത്താവിന്റെ അലയത്തിൽനിന്ന് ആശീർവ്വദിക്കുകയും അനുഗ്രഹിക്കുകയും, കർത്താവാണ് നമ്മുടെ ദൈവമെന്നും, അവനാണ് നമുക്ക് പ്രകാശം നൽകിയതെന്നും ഓർമ്മിപ്പിക്കുകയും, മരച്ചില്ലകളേന്തി പ്രദക്ഷിണമായി ബലിപീഠത്തിങ്കലേക്ക് എത്തുവാൻ ആഹ്വാനമേകുകയും ചെയ്യുന്ന (സങ്കീ. 118, 26-27) പുരോഹിതരെയും, തനിക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് വീണ്ടും കൃതജ്ഞതയർപ്പിക്കുമെന്നും, തന്റെ ദൈവമായ അവിടുത്തെ താൻ മഹത്വപ്പെടുത്തുമെന്നും (സങ്കീ. 118, 28) പറയുന്ന സങ്കീർത്തകനെയുമാണ് ഇരുപത്തിയാറ് മുതലുള്ള വാക്യങ്ങളിൽ നമുക്ക് കാണാനാവുക. സങ്കീർത്തനത്തിന്റെ ആദ്യ നാലു വാക്യങ്ങളിൽ കണ്ടതുപോലെ, നല്ലവനായ അവിടുത്തെ കാരുണ്യം എന്നും നിലനിൽക്കുന്നതാണെന്ന് ഓർമ്മിപ്പിച്ച്, കർത്താവിന് കൃതജ്ഞതയർപ്പിക്കാൻ (സങ്കീ. 118, 29) ഏവരെയും ക്ഷണിച്ചുകൊണ്ടാണ് സങ്കീർത്തനം അവസാനിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

ഇസ്രായേൽ ജനത്തെ ദൈവത്തിന്റെ അനന്തമായ കരുണയും അവന്റെ ശക്തമായ സംരക്ഷണവും അനുസ്മരിപ്പിച്ച്, ദൈവത്തിന് മുന്നിൽ നീതിയോടെ നിലനിൽക്കാനും, അവന് നിരന്തരം നന്ദിയേകാനും ആഹ്വാനം ചെയ്യുന്ന നൂറ്റിപതിനെട്ടം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, മരണകരമായ അപകടങ്ങളിൽനിന്നുപോലും തന്റെ ജനത്തെ സംരക്ഷിക്കുന്ന യാഹ്‌വെയെന്ന കർത്താവായ ദൈവത്തിൽ നമുക്കും കൂടുതലായി ആശ്രയം വയ്ക്കുകയും, അവനേകുന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുകയും ചെയ്യാം. തന്നോട് ചേർന്ന് നിൽക്കുകയും തന്നിൽ അഭയം തേടുകയും ചെയ്യുന്നവരെ ഒരിക്കലും വഞ്ചിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാത്ത ദൈവമാണവൻ. ലോകത്തിന് മുന്നിൽ പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ മൂലക്കല്ല് ദൈവത്തിന് മുന്നിൽ അമൂല്യമാണെന്ന് ഓർമ്മിപ്പിക്കുന്ന സങ്കീർത്തനം, ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുമെങ്കിൽ, അവനു മുന്നിൽ നീതിയോടെ ചരിക്കുമെങ്കിൽ, നമുക്കും മഹത്വപൂർണ്ണമായ ഒരു ജീവിതമാണുണ്ടാകുകയെന്നും, അവന്റെ അനുഗ്രഹങ്ങൾക്ക് പാത്രമാകാനാകുമെന്നും ഉദ്ബോധിപ്പിക്കുന്നുണ്ട്. ദൈവജനമായ, അവനോട് ചേർന്ന് നിൽക്കുവാൻ വിളിക്കപ്പെട്ട, അവനോടുള്ള ഭക്തി ഉള്ളിൽ കൊണ്ടുനടക്കുന്ന നമുക്കേവർക്കും സങ്കീർത്തകനൊപ്പം ദൈവത്തിന് കൃതജ്ഞതയേകാം. നല്ലവനും ശക്തനുമായ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന നമ്മുടെമേൽ, അവന്റെ ശാശ്വതമായ കാരുണ്യവും, ആശീർവാദവും അനുഗ്രഹവും എന്നും ഉണ്ടാകട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 മേയ് 2025, 15:22