MAP

സങ്കീർത്തനചിന്തകൾ - 117 സങ്കീർത്തനചിന്തകൾ - 117 

സകലജനതകൾക്കും ജനപദങ്ങൾക്കും നാഥനായ ദൈവത്തിന് സ്തുതിയും പുകഴ്‌ചയുമേകാം

വചനവീഥി: നൂറ്റിപ്പതിനേഴാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - നൂറ്റിപ്പതിനേഴാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സങ്കീർത്തനങ്ങളിൽ ഏറ്റവും ചെറുതും, ബൈബിളിലെ തന്നെ ഏറ്റവും ചെറിയ അദ്ധ്യായവുമായ നൂറ്റിപ്പതിനേഴാം സങ്കീർത്തനത്തിന് രണ്ടു വാക്യങ്ങൾ മാത്രമാണുള്ളത്. ഏറ്റവും ചെറുതെങ്കിലും ദൈവ-മനുഷ്യബന്ധത്തിലെ പ്രധാനപ്പെട്ട ഒന്നായ ദൈവസ്തുതിയെക്കുറിച്ച് ഏറ്റവും മനോഹരമായിത്തന്നെ പരാമർശിക്കുന്ന ഒരു സങ്കീർത്തനമാണിത്. ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കാനും അവനെ സ്തുതിക്കാനും ജനതകളെ ആഹ്വാനം ചെയ്യുന്ന ഒരു കീർത്തനം കൂടിയാണിത്. ഇസ്രയേലിന്റെ ദൈവത്തിന്റെ പരമാധികാരം അവരുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ സുരക്ഷിതമായ നിലനിൽപ്പിലൂടെ ദൈവജനത്തിനും ലോകത്തിനും പ്രകടമാക്കപ്പെട്ടിട്ടുണ്ട് എന്ന ഒരു ചിന്തയുടെ അടിസ്ഥാനത്തിലാണ് ഈ സങ്കീർത്തനവാക്യങ്ങൾ എഴുതപ്പെട്ടിരിക്കുന്നത്. ദൈവത്തിന്റെ വിശ്വസ്തതയാണ് ഇസ്രയേലിനോടുള്ള അവന്റെ പ്രവൃത്തികളിൽ വ്യക്തമാകുന്നത്. പെസഹാ ആചരണവേളയിൽ യഹൂദജനം ആലപിച്ചിരുന്ന നൂറ്റിപ്പതിമൂന്ന് മുതൽ നൂറ്റിപ്പതിനെട്ട് വരെയുള്ള ആറു സങ്കീർത്തനങ്ങളിൽ ഒന്നുകൂടിയാണിത്. യാഹ്‌വെയുടെ ശക്തമായ കാരുണ്യവും എന്നേക്കും നിലനിൽക്കുന്ന വിശ്വസ്‌തതയും ഓരോ നാവുകളിൽനിന്നും സ്തുതിയേറ്റുവാങ്ങാൻ അർഹമാണ് എന്ന് കൂടി ഈ സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ബാബിലോൺ അടിമത്തകാലം കഴിഞ്ഞുള്ള മടങ്ങിവരവിന്റെ ഓർമ്മയിൽ ദൈവത്തെ പ്രകീർത്തിക്കുന്ന ഒരു ഗീതമായാണ് നൂറ്റിപതിനേഴാം സങ്കീർത്തനം കരുതപ്പെടുന്നത്.

ജനതകളാലും ജനപദങ്ങളാലും സ്തുതിക്കപ്പെടേണ്ട ദൈവം

"ജനതകളെ, കർത്താവിനെ സ്തുതിക്കുവിൻ, ജനപദങ്ങളെ, അവിടുത്തെ പുകഴ്ത്തുവിൻ" (സങ്കീ. 117, 1) എന്ന ആദ്യവാക്യത്തിലൂടെ, യാഹ്‌വെ ജനതകളാലും ജനപദങ്ങളാലും സ്തുതിക്കപ്പെടേണ്ട ദൈവമാണെന്ന സത്യം ഏറ്റുപറഞ്ഞുകൊണ്ട്, ദൈവത്തെ സ്തുതിക്കാൻ നൂറ്റിപ്പതിനേഴാം സങ്കീർത്തനം സകലരെയും ആഹ്വാനം ചെയ്യുന്നു. സാധാരണയായി, ഇസ്രായേൽ ജനതയോട്, അവർക്കായി ദൈവം ചെയ്ത നന്മകളെ അനുസ്മരിപ്പിച്ചുകൊണ്ടും, ചരിത്രത്തിൽ ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുകളെക്കുറിച്ച് വർണ്ണിച്ചുകൊണ്ടും, തങ്ങളുടെ ദൈവത്തെ വാഴ്ത്താൻ ആഹ്വാനം ചെയ്യുന്ന മറ്റു സങ്കീർത്തനങ്ങളിൽ കാണുന്ന ചിന്താരീതിയിൽനിന്ന് വ്യത്യസ്തമാണ് നൂറ്റിപ്പതിനേഴാം സങ്കീർത്തനത്തിലെ ആശയങ്ങൾ. സകല ജനതകളോടും ജനപദങ്ങളോടും, അതായത് സകല ദേശങ്ങളോടും ജനവിഭാഗങ്ങളോടുമാണ് ഇസ്രയേലിന്റെ ദൈവമായ കർത്താവിനെ സ്തുതിക്കാൻ ചെറിയ, എന്നാൽ മനോഹരമായ ഈ സങ്കീർത്തനം ആഹ്വാനം ചെയ്യുന്നത്. ഈയൊരർത്ഥത്തിൽ, ലോകത്തോട് മുഴുവനുമുള്ള ഒരു ആഹ്വാനമാണിത്.

അബ്രാഹത്തെ വിളിക്കുന്ന അവസരത്തിൽ, "നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹീതമാകുമെന്ന് ഉൽപ്പത്തിപുസ്തകത്തിന്റെ പന്ത്രണ്ടാം അദ്ധ്യായത്തിലും "(ഉൽപ്പത്തി 12, 3), തന്റെ പുത്രനായ ഇസഹാക്കിനെ ബലിയായി അർപ്പിക്കാൻ തയ്യാറാകത്തക്കവിധം അവൻ ദൈവത്തെ അനുസരിച്ചതിനാൽ, അവന്റെ സന്തതിയിലൂടെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടുമെന്ന് ഉൽപ്പത്തിപ്പുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായത്തിലും ഇസ്രയേലിന്റെ ദൈവമായ കർത്താവ് വാഗ്ദാനം ചെയ്യുന്നത് നാം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ജനതകൾക്കും ജനപദങ്ങൾക്കും രക്ഷയും അനുഗ്രഹവും നൽകുന്ന ദൈവത്തെ ആ ജനതകളും ജനപദങ്ങളും സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നത് ഉചിതമാണ് എന്ന ഒരു ചിന്തയും ഒന്നാം വാക്യത്തിൽ അന്തർലീനമായിരിക്കുന്നത് നമുക്ക് കാണാം.

ഇസ്രായേൽ ജനത്തിനും ഇതൊരു ഓർമ്മക്കുറിപ്പാണ്. യാഹ്‌വെ എന്ന ദൈവം തങ്ങൾക്കൊപ്പമുണ്ട് എന്ന ഉറപ്പിൽ മറ്റു ജനതകൾക്കുനേരെ അവജ്ഞയോടെ നോക്കാതെ, എല്ലാവരെയും സ്നേഹിക്കാനും അനുഗ്രഹിക്കാനും രക്ഷിക്കാനും കഴിവുള്ളവനാണ് ദൈവമെന്ന തിരിച്ചറിവിൽ ജീവിക്കാൻ, യഹൂദജനത്തിന് സാധിക്കണം. ആചാരങ്ങളുടെയും വർഗ്ഗ, വർണ്ണ വ്യതാസങ്ങളുടേയുമൊക്കെ അപ്പുറം മനുഷ്യനെ മനുഷ്യനായി കരുതുകയും, രക്ഷിക്കപ്പെടാനുള്ള ഒരുവനായി അവനെ കാണുകയും, ഏവരെയും സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന യാഹ്‌വെയുടെ അനുഗ്രഹങ്ങളും മഹത്വവും ഇസ്രായേലിന്റെ അതിർത്തികൾക്കുമപ്പുറത്തേക്ക് വ്യാപിക്കുന്നുണ്ട് എന്ന ഒരു തിരിച്ചറിവ്, മറ്റുള്ളവരെക്കൂടി ഉൾക്കൊള്ളാൻ ഇസ്രായേൽ ജനതയെ മാത്രമല്ല, നാമേവരെയും സഹായിക്കുന്ന ചിന്തയാണ്.

ദൈവത്തിന്റെ ശക്തമായ കാരുണ്യവും അവസാനിക്കാത്ത വിശ്വസ്തതയും

ഇസ്രയേലിന്റെ ദൈവമായ കർത്താവിനെ സ്തുതിക്കാൻ ജനതകളെയും ജനപദങ്ങളെയും ആഹ്വാനം ചെയ്യുന്ന ഈ സങ്കീർത്തനം, ഇതേ ആഹ്വാനത്തിലൂടെ, അവന്റെ പരമാധികാരത്തെ അംഗീകരിക്കാനും ഏവരോടും ആവശ്യപ്പെടുന്നുണ്ട്. ലോകത്തിന്റെയും ജനതകളുടെയും സുരക്ഷിതമായ നിലനിൽപ്പിന് പിന്നിൽ കർത്താവിന്റെ കരുണയും ശക്തിയും വിശ്വസ്തതയുമാണെന്ന ചിന്ത പങ്കുവച്ചുകൊണ്ടാണ് സങ്കീർത്തനം ഇങ്ങനെ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. "നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്; കർത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനിൽക്കുന്നു. കർത്താവിനെ സ്തുതിക്കുവിൻ" (സങ്കീ. 117, 2) എന്ന സങ്കീർത്തനത്തിന്റെ രണ്ടാം വാക്യത്തിൽ ഇതാണ് വ്യക്തമാകുന്നത്.

ദൈവത്തിന്റെ ശക്തമായ കാരുണ്യമാണ് ദൈവത്തെ സ്തുതിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ആദ്യ കാരണം. ശക്തമായ കാരുണ്യം എന്ന പ്രയോഗം, ദൈവത്തിന്റെ കാരുണ്യം മനുഷ്യരുടെ കുറവുകളേക്കാൾ വലുതാണെന്ന് ദ്യോതിപ്പിക്കുന്നുണ്ട്. ഇസ്രയേലിന്റെ ചരിത്രത്തിൽ നാം ഇത് വിവിധയിടങ്ങളിൽ കാണുന്നുമുണ്ട്. ഇസ്രയേലിന്റെ വീഴ്ചകളേക്കാളും പാപങ്ങളെക്കാളും ശക്തമായി നിന്നത്, തന്റെ ജനത്തോടുള്ള ദൈവത്തിന്റെ കരുണയും സ്നേഹവുമാണ്.

ദൈവത്തിന്റെ ഈ ശക്തമായ കാരുണ്യം ഇസ്രായേൽ ജനത്തിന് മാത്രമല്ല അനുഭവവേദ്യമാകുന്നത്. മുൻവാക്യങ്ങളിൽ കണ്ടതുപോലെ, സകലജനതകളും ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ ഇസ്രയേലിന്റെ ദൈവത്തിന്റെ കാരുണ്യം അറിഞ്ഞവരാണ്. എല്ലാവരോടും കാരുണ്യമുള്ളവനാണ് ദൈവമെന്നും, അവന്റെ വിശ്വസ്തത എന്നും നിലനിൽക്കുന്നതാണ് എന്നുമുള്ള സത്യം ഇസ്രായേലിനും, ആ ജനതയുടെ ചരിത്രമറിയുന്ന മറ്റു ജനതകൾക്കും വളരെ വ്യക്തമാണ്. ദൈവവുമായുള്ള ഉടമ്പടിയിൽ ജനം ഇടറുമ്പോഴും, ദൈവം തന്റെ വാഗ്ദാനത്തിൽ ഉറച്ചു നിന്നു. മനുഷ്യന് രക്ഷയാകുന്നത് ദൈവത്തിന്റെ കരുണയും വിശ്വസ്തതയും ഒന്നു ചേരുമ്പോഴാണ്. ഇസ്രയേലിന്റെ ദൗർബല്യങ്ങൾക്കും വീഴ്ചകൾക്കും പാപങ്ങൾക്കും മുന്നിൽ പോലും ദൈവം തന്റെ വാഗ്ദാനങ്ങളോട് വിശ്വസ്തനായിരുന്നു.

ചെറിയ ഈ സ്തുതികീർത്തനത്തിന്റെ ആദ്യവാക്യത്തിൽ കണ്ടതുപോലെ, കർത്താവിനെ സ്തുതിക്കുവാനുളള ആഹ്വാനത്തോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്. ഇസ്രയേലിനെ തന്റെ ജനമായി തിരഞ്ഞെടുത്ത ദൈവത്തിന്റെ സ്നേഹവും കരുണയും സംരക്ഷണവും ആദ്യം അനുഭവിച്ചറിഞ്ഞത് യഹൂദജനമാണെങ്കിലും, അവരുടെ ചരിത്രത്തിലൂടെയും, ദൈവത്തിന്റെ കരുണയും സ്നേഹവും അനുഭവിച്ചറിയാൻ ലഭിച്ച അവസരങ്ങളിലൂടെയും, പ്രപഞ്ചസ്രഷ്ടാവും നാഥനുമായ യാഹ്‌വെയുടെ കരുതലിനെ തിരിച്ചറിഞ്ഞ എല്ലാ ജനതകളോടുമാണ് കർത്താവിനെ സ്തുതിക്കാനുള്ള ഈ ആഹ്വാനം സങ്കീർത്തനം നടത്തുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

വളരെ ചുരുങ്ങിയ വാക്കുകളിൽ, അളവുകളും പരിധികളുമില്ലാത്ത ദൈവസ്നേഹത്തെയും കരുണയെയും, അവന്റെ വിശ്വസ്തതയെയും കുറിച്ച് ഉദ്ബോധിപ്പിച്ചുകൊണ്ട്, കർത്താവായ ദൈവത്തെ സ്തുതിക്കാനും, അവനെ പുകഴ്ത്താനും ഇസ്രയേലിനെ മാത്രമല്ല, സകല ദേശങ്ങളെയും ജനതകളെയും ആഹ്വാനം ചെയ്യുന്ന നൂറ്റിപ്പതിനേഴാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ദൈവസ്‌തുതിക്കായുള്ള ഈ ആഹ്വാനം നമുക്കുകൂടിയുള്ളതാണെന്ന് തിരിച്ചറിയുകയും, ഇസ്രയേലിനും ലോകത്തിലെ സകല ജനതകൾക്കുമൊപ്പം നമുക്കും നമ്മുടെ അനുദിനജീവിതത്തിൽ അവനെ സ്തുതിക്കുകയും ചെയ്യാം. വിജാതീയർക്കും അന്യജനതകൾക്കും പോലും അനുഭവവേദ്യമാകുന്ന ദൈവകരുണയും വിശ്വസ്തതയും അവന്റെ ശക്തമായ സംരക്ഷണവും അനുഭവിച്ചറിയാനും, സ്തുതികളിലൂടെയും പുകഴ്ചയിലൂടെയും, ലോകത്തിനും സകല ജനതകൾക്കും മുന്നിൽ ദൈവത്തിന്റെ കാരുണ്യത്തിന്റെയും വിശ്വസ്തതയുടെയും സാക്ഷികളാകാനും നമുക്കും സാധിക്കട്ടെ. സർവ്വപ്രപഞ്ചത്തെയും സൃഷ്‌ടിച്ച, രക്ഷ നൽകുന്ന, ശക്തമായ കരുണയും, ഒരിക്കലും കൈവെടിയാത്ത വിശ്വസ്തതയുമുള്ള യാഹ്‌വെ നമ്മോടുള്ള അതെ സ്നേഹത്താൽ അവൻ തന്നോട് ചേർത്തുപിടിക്കുന്ന മറ്റു മനുഷ്യരെ സഹോദരതുല്യം കാണാൻ നമുക്ക് സാധിക്കുന്നുണ്ടോയെന്ന് സ്വയം ചോദിക്കാം. സകലരും ഒന്നുചേർന്ന് ദൈവത്തിരുനാമത്തെ സ്തുതിക്കുന്ന ഒരു ദിനത്തിനായി കാത്തിരിക്കാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 മേയ് 2025, 15:11