കർത്താവിന്റെ സ്നേഹം അനുസ്മരിച്ച് നന്ദിയോടെ ജീവിക്കുക
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഇസ്രായേൽ ജനം പെസഹാ ആചരണവുമായി ബന്ധപ്പെട്ട് ആലപിച്ചുപോന്നിരുന്ന നൂറ്റിപ്പതിമൂന്ന് മുതൽ നൂറ്റിപ്പതിനെട്ട് വരെയുള്ള സങ്കീർത്തങ്ങളിൽപ്പെട്ട ഒന്നായ നൂറ്റിപ്പതിനാറാം സങ്കീർത്തനം, പ്രവാസകാലത്തിന് ശേഷം രചിക്കപ്പെട്ട ഒരു ഗീതമായാണ് കരുതപ്പെടുന്നത്. രണ്ട് സ്വതന്ത്രഭാഗങ്ങൾ ഒരുമിച്ച് ചേർത്ത ഒരു സങ്കീർത്തനമായി ഗ്രീക്ക്, ലത്തീൻ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ ഈ കൃതജ്ഞതാഗീതത്തെകാണാം. ഒന്നുമുതൽ ഒൻപതുവരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന കൃതജ്ഞതാഗീതമാണ് ഇതിൽ ആദ്യത്തേത്. പത്തുമുതൽ പത്തൊൻപതുവരെയുള്ള വാക്യങ്ങളിലാകട്ടെ ദൈവത്തോടുള്ള നന്ദിയുടെതന്നെ ചിന്തകൾ ഒരുമിച്ചുചേർന്ന എന്നാൽ ഏറെ ഐക്യരൂപ്യമില്ലാത്ത രചനയാണ് നമുക്ക് കാണാനാകുക. ഭൂത, വർത്തമാന കാലക്ലേശങ്ങളുടെ മുന്നിൽ ദൈവത്തിലുള്ള പ്രത്യാശയും നാളിതുവരെ അവനേകിയ സംരക്ഷണത്തിനുള്ള നന്ദിയുമാണ് സങ്കീർത്തകൻ പ്രകടിപ്പിക്കുന്നത്. ദുരിതാവസ്ഥകളിൽപ്പോലും കർത്താവിന് മുന്നിൽ വിശ്വാസത്തോടെ ചരിക്കുകയും നന്നായി വ്യാപാരിക്കുകയും ചെയ്തതിനാലാണ് അവൻ അനുഗ്രഹിക്കപ്പെടുന്നത് എന്ന ഒരു സന്ദേശം സങ്കീർത്തനം മുന്നോട്ടുവയ്ക്കുന്നുണ്ട്. താൻ അനുഭവിച്ച നന്മകളുടെയും രക്ഷയുടെയും മുന്നിൽ ദൈവത്തിന് നന്ദിയേകുന്ന സങ്കീർത്തകൻ, ജറുസലേമിൽ, കർത്താവിന്റെ ആലയത്തിൽ ദൈവത്തെ സ്തുതിക്കുവാൻ ഏവരെയും ആഹ്വാനം ചെയുന്നു.
മരണകരമായ അപകടങ്ങളിൽനിന്നുള്ള രക്ഷയും നന്ദിയുള്ള ഹൃദയവും
"ഞാൻ കർത്താവിനെ സ്നേഹിക്കുന്നു, എന്റെ പ്രാർത്ഥനയുടെ സ്വരം അവിടുന്ന് ശ്രവിച്ചു. "അവിടുന്ന് എനിക്ക് ചെവി ചായിച്ചുതന്നു. ഞാൻ ജീവിതകാലം മുഴുവൻ അവിടുത്തെ വിളിച്ചപേക്ഷിക്കും" (സങ്കീ. 116, 1-2) എന്നീ ആദ്യ രണ്ടു വാക്യങ്ങളിൽത്തന്നെ എന്തുകൊണ്ടാണ് താൻ ദൈവത്തോട് നന്ദിയുള്ളവനായിരിക്കുന്നതെന്ന് സങ്കീർത്തകൻ വ്യക്തമാക്കുന്നുണ്ട്. തന്റെ പ്രാർത്ഥനയുടെ സ്വരം കൈക്കൊള്ളുകയും, തന്റെ അപേക്ഷകൾ ശ്രവിക്കാനായി ചെവി ചായ്ച്ചുതരികയും ചെയ്ത ദൈവത്തെ താൻ സ്നേഹിക്കുകയും, ജീവിതകാലം മുഴുവൻ അവന്റെ നാമം വിളിച്ചപേക്ഷിക്കുകയും ചെയ്യുമെന്ന് സങ്കീർത്തകൻ പ്രസ്താവിക്കുന്നു. തന്റെ ജീവിതകാലം മുഴുവൻ യാഹ്‌വെ എന്ന ദൈവത്തിൽ ആശ്രയം വയ്ക്കാനും, മറ്റു ദൈവസങ്കല്പങ്ങളുടെ പിറകെ പോകാതിരിക്കാനുള്ള വിശ്വാസിയുടെ തീരുമാനത്തെയും, അതുവഴി ഇസ്രായേൽ ജനത്തിന്റെ മനോഭാവത്തെയും അനുഭവത്തെയും കൂടിയാണ് ഈ വാക്യങ്ങൾ വിവരിക്കുന്നത്. മരണകരമായ അപകടങ്ങളിലൂടെയാണ് തന്റെ ജീവിതം കടന്നുപോയതെന്നും, ദുരിത, വേദനകൾ നിറഞ്ഞതാണതെന്നും (സങ്കീ. 116, 3) അനുസ്‌മരിക്കുന്ന സങ്കീർത്തകൻ, തന്നെ രക്ഷിക്കാൻ കഴിവുള്ള ദൈവത്തോട് തന്റെ ജീവൻ സംരക്ഷിക്കണമേയെന്ന് യാചിക്കുന്നു (സങ്കീ. 116, 4).
നാളിതുവരെയുള്ള സങ്കീർത്തകന്റെയും ഇസ്രായേൽ ജനത്തിന്റെയും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കർത്താവ് ആരാണെന്ന സാക്ഷ്യമാണ് അഞ്ചുമുതലുള്ള വാക്യങ്ങളിൽ നാം കാണുന്നത്. കരുണാമയനും നീതിമാനും, കൃപാലുവും എളിയവരെ പരിപാലിക്കുന്നവനുമണവിടുന്ന് എന്നും താൻ നിലം പറ്റിയപ്പോൾ അവിടുന്ന് തന്നെ രക്ഷിച്ചുവെന്നും (സങ്കീ. 116, 5-6) സങ്കീർത്തകൻ എഴുതുന്നു. തന്നെത്തന്നെ ചെറിയവനായി കാണുന്ന, ദൈവത്തിന് മുന്നിൽ സ്വയം എളിമപ്പെടുത്തുന്ന ഒരു മനുഷ്യനെയും, അവനെ രക്ഷയുടെ കരമേകി പിടിച്ചുയർത്തുന്ന ദൈവത്തെയും ഈ വാക്യങ്ങളിൽ നമുക്ക് കാണാം. നല്ലവനായ ദൈവത്തോടുയരുന്ന നന്ദിയുടെയും സ്നേഹത്തിന്റെയും വാക്കുകൾക്കൂടിയതാണിവ. ദൈവമേകുന്ന അനുഗ്രഹങ്ങളും (സങ്കീ. 116, 7), മരണത്തിൽനിന്നും ദുഃഖത്തിൽനിന്നും അവനേകുന്ന മോചനവും (സങ്കീ. 116, 8) വിശ്വാസിയിൽ നിറയ്ക്കുന്ന ശാന്തിയുടെയും വിടുതലിന്റെയും അനുഭവമാണ് ഏഴും എട്ടും വാക്യങ്ങളിൽ നമുക്ക് കാണാനാകുക. മരണകരമായ അവസ്ഥകളിലൂടെ കടന്നുപോകേണ്ടിവന്നാലും, ദൈവത്തിൽ ആശ്രയിക്കുന്ന താൻ അനാഥനല്ലെന്ന ഉറപ്പ് ഒരുവനുനൽകുന്ന ആശ്വാസമാണ് ഈ വാക്യങ്ങളിലൂടെ സങ്കീർത്തകൻ പങ്കുവയ്ക്കുക. രക്ഷയും സംരക്ഷണവും നൽകുന്ന ദൈവത്തിന് മുന്നിൽ വിശ്വസ്തതയോടെ ജീവിക്കാനുള്ള തന്റെ തീരുമാനം (സങ്കീ. 116, 9) ഒൻപതാം വാക്യത്തിലൂടെ സങ്കീർത്തകൻ അറിയിക്കുന്നുണ്ട്. രക്ഷയേകുന്ന ദൈവത്തിന് മുന്നിൽ ജീവിതം സമർപ്പിക്കുന്നതിലപ്പുറം നല്ലൊരു തീരുമാനമില്ല.
രക്ഷയേകുന്ന ദൈവത്തോടുള്ള ഭക്തിയും കൃതജ്ഞതയും
സങ്കീർത്തനത്തിന്റെ പത്ത് മുതലുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന രണ്ടാം ഭാഗത്തും, സംരക്ഷകനും പരിപാലകനുമായ ദൈവത്തോടുള്ള ഒരു ഭക്തന്റെ മനോഭാവമാണ് നമുക്ക് കാണാനാകുക. എത്ര വലിയ പ്രതിസന്ധികളിലും ദൈവത്തിലുള്ള വിശ്വാസം കുറയാതെ സൂക്ഷിക്കുകയും, അവനോടുള്ള ഭക്തിയും സ്നേഹവും തുടരുകയും ചെയ്യുന്ന ഒരു വലിയ വിശ്വാസിയായാണ് ഈ വാക്യങ്ങളിലൂടെ സങ്കീർത്തകൻ തന്നെത്തന്നെ അവതരിപ്പിക്കുക. കൊടിയ ദുരിതത്തിലകപ്പെട്ടപ്പോഴും ദൈവത്തിലുള്ള തന്റെ വിശ്വാസം കാത്തുസൂക്ഷിച്ച, അതുവഴി തന്റെ ആത്മാർത്ഥത ഏറ്റുപറയുന്ന സങ്കീർത്തകൻ (സങ്കീ. 116, 10), പക്ഷെ മനുഷ്യരുടെ വഞ്ചനയുടെ മുഖം തിരിച്ചറിഞ്ഞവനാണ് (സങ്കീ. 116, 11). ദൈവം തനിക്കേകുന്ന അനുഗ്രഹങ്ങളുടെയും (സങ്കീ. 116, 12), അവന്റെ വിശ്വസ്‌തസ്നേഹത്തിന്റെയും മുന്നിൽ, രക്ഷയുടെ പാനപാത്രമുയർത്തി കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുമെന്നും (സങ്കീ. 116, 13) കർത്താവിന്റെ ജനത്തിന്റെ, ഇസ്രായേൽ ജനതയുടെ മുന്നിൽ സാക്ഷ്യമാകത്തക്കവിധം, കർത്താവിന് തന്റെ നേർച്ചകൾ നിറവേറ്റുമെന്നും (സങ്കീ 116, 14) സങ്കീർത്തകൻ വാഗ്ദാനം ചെയ്യുന്നതാണ് പന്ത്രണ്ടുമുതൽ പതിനാല് വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. സ്വന്തം കഴിവുകളാലല്ല, ദൈവത്തിന്റെ കാരുണ്യത്താലാണ് നാം ജീവിക്കുന്നതെന്നും, അവനാണ് അനുഗ്രഹദായകനെന്നുമുള്ള തിരിച്ചറിവോടെയും കൃതജ്ഞതയോടെയും ജീവിക്കുന്നത് ഏറെ പ്രധാനപ്പെട്ടതാണ്.
"തന്റെ വിശുദ്ധരുടെ മരണം കർത്താവിന് അമൂല്യമാണ്" എന്ന പതിനഞ്ചാം വാക്യം മുൻപ് നാം കേട്ട വാക്യങ്ങളിൽനിന്ന് വ്യത്യസ്തമായൊരു ചിന്തയാണ് കൊണ്ടുവരുന്നത്. മരണം എന്നത് എല്ലാവർക്കും അനിവാര്യമായ ഒന്നാണെന്നും എന്നാൽ ദൈവത്തോട് ചേർന്ന് നിൽക്കുന്നവരുടെ മരണം അർത്ഥമില്ലാത്തതോ, നിരാശാജനകമോ ആകുന്നില്ലെന്നും (സങ്കീ. 116, 15) സങ്കീർത്തനം ഓർമ്മിപ്പിക്കുന്നു. നീതിമാനും വിശുദ്ധനുമായ ഒരുവന്റെ ജീവിതം പോലെ, അവന്റെ മരണവും ഒരു ബലിയർപ്പണം പോലെ, യാഗമായി, ദൈവം സ്വീകരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.
കർത്താവിന്റെ ദാസനും, അവിടുത്തെ ദാസിയുടെ പുത്രനുമായി തന്നെത്തന്നെ കരുതുന്ന സങ്കീർത്തകനിലെ വിശ്വാസി, ദൈവമാണ് തന്റെ ബന്ധനങ്ങൾ തകർത്തതെന്ന് ഏറ്റുപറയുകയും (സങ്കീ. 116, 16), പതിമൂന്നും പതിനാലും വാക്യങ്ങൾ അവർത്തിച്ചുകൊണ്ട്, തന്നെ അനുഗ്രഹിച്ച കർത്താവിന്റെ നാമം താൻ വിളിച്ചപേക്ഷിക്കുമെന്നും, അവന് കൃതജ്ഞതാബലിയർപ്പിക്കുമെന്നും (സങ്കീ. 116, 17) ദൈവജനത്തിന്റെ മുൻപിൽ കർത്താവിനോടുള്ള തന്റെ നേർച്ചകൾ നിറവേറ്റുമെന്നും (സങ്കീ. 116, 18) വാഗ്ദാനം ചെയ്‌ത് സാക്ഷ്യമേകുന്നതാണ് സങ്കീർത്തനത്തിന്റെ പതിനാറ് മുതൽ പതിനെട്ട് വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. മറ്റാരുമേകാത്ത സ്നേഹവും കരുണയും സംരക്ഷണവുമേകുന്ന ദൈവത്തിന് കൃതജ്ഞതയുടെ ബലിയർപ്പിക്കുന്നത്, ജനതകളുടെ മുന്നിൽ സാക്ഷ്യമായിക്കൂടി മാറുന്നുണ്ട്. കർത്താവിന്റെ ആലയത്തിന്റെ അങ്കണത്തിൽ, ജറുസലേമിൽ, കർത്താവിനെ സ്തുതിക്കാനുള്ള ആഹ്വാനം (സങ്കീ. 116, 19) മുന്നോട്ടുവച്ചുകൊണ്ടാണ് സങ്കീർത്തനം അവസാനിക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
ഇസ്രായേൽ ജനത്തിന്റെ ചരിത്രവഴികളിലും തന്റെ അനുദിനജീവിതത്തിലും തിരിച്ചറിഞ്ഞ ദൈവസ്നേഹാനുഭാവം ഏറ്റുപറയുകയും, കർത്താവിനെ സകലർക്കും മുന്നിൽ സ്തുതിക്കുവാൻ ആഹ്വാനം നൽകുകയും ചെയ്യുന്ന നൂറ്റിപ്പതിനാറാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, പ്രവാസകാലാനന്തര യഹൂദജനതയോടെന്നപോലെ, കർത്താവിനോട് നന്ദിയും കൃതജ്ഞതയുമുള്ളവരായി അവനെ ദൈവസാന്നിദ്ധ്യത്തിന്റെ ദേവാലയത്തിനുള്ളിൽ പ്രവേശിച്ച് സ്തുതിക്കാൻ നമ്മെയും സങ്കീർത്തനം ക്ഷണിക്കുന്നത് തിരിച്ചറിയാം. യാഹ്‌വെയോടുള്ള ഭക്തിയിലും ശരണത്തിലും വിശ്വാസത്തിലും വളരാനുള്ള ആഹ്വാനത്തിന്റെ കൂടി സ്വഭാവമുണ്ട് ഈ വാക്യങ്ങൾക്ക്. തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്കും സ്നേഹത്തിനും, സഭയിലും സമൂഹത്തിലും, നന്ദിയുടെ വാക്കുകളും പ്രവൃത്തികളുംകൊണ്ട് സാക്ഷ്യമേകുന്നത്, നിരാശയിൽ കഴിയുന്ന ഒരുപാട് ജീവിതങ്ങൾക്ക് ദൈവവിശ്വാസത്തോടെയും തകരാത്ത പ്രതീക്ഷയോടെയും മുന്നോട്ടുപോകാൻ സഹായകമാകുമെന്നും നമുക്ക് മറക്കാതിരിക്കാം. എല്ലാ വേദനകളെയും ദുരിതങ്ങളെയും ദുരനുഭവങ്ങളെയും, വിശ്വസ്തനും സ്നേഹിതനുമായ ദൈവത്തിലുള്ള വിശ്വാസത്തോടെ നേരിടുകയും അതിജീവിക്കുകയും, എന്നും അവന് നന്ദിയേകുകയും ചെയ്യാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: