MAP

സങ്കീർത്തനചിന്തകൾ - 115 സങ്കീർത്തനചിന്തകൾ - 115 

സ്വർഗ്ഗസ്ഥനും സജീവനും സമീപസ്ഥനുമായ ദൈവം

വചനവീഥി: നൂറ്റിപ്പതിനഞ്ചാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - നൂറ്റിപ്പതിനഞ്ചാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇസ്രായേൽ ജനം പെസഹാ ആചരണവുമായി ബന്ധപ്പെട്ട് ആലപിച്ചുപോന്നിരുന്ന നൂറ്റിപ്പതിമൂന്ന് മുതൽ നൂറ്റിപ്പതിനെട്ട് വരെയുള്ള സങ്കീർത്തങ്ങളിൽപ്പെട്ട ഒന്നാണ് നൂറ്റിപ്പതിനഞ്ചാം സങ്കീർത്തനം. പെസഹഭക്ഷണശേഷം ആലപിച്ചിരുന്ന സങ്കീർത്തനങ്ങളിൽ ആദ്യത്തേതാണിത്. പ്രവാസനന്തരം ജനതകളുടെ ഇടയിൽ ചിതറിക്കഴിഞ്ഞിരുന്ന ഇസ്രായേൽ ജനത്തോട് "നിങ്ങളുടെ ദൈവമെവിടെ?" എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ സങ്കീർത്തനം. ദൈവജനത്തെ അപഹസിക്കാനായുള്ള ഈ ചോദ്യത്തിന്, ഇസ്രയേലിന്റെ കർത്താവായ ദൈവം സർവ്വലോകങ്ങളുടെയും സകലരുടെയും നാഥനും ദൈവവുമാണെന്ന ഉത്തരമാണ് സങ്കീർത്തനം മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യസൃഷ്ടികളായ വിഗ്രഹങ്ങളും, ഇസ്രായേൽജനത്തിന് സഹായവും പരിചയുമായിത്തീർന്ന സ്രഷ്ടാവായ ദൈവവും തമ്മിലുള്ള വ്യത്യാസങ്ങളും സങ്കീർത്തനം അനുസ്മരിപ്പിക്കുന്നുണ്ട്. ആകാശവും ഭൂമിയും സൃഷ്‌ടിച്ച ദൈവം മനുഷ്യർക്ക് വസിക്കാനായി ഭൂമി നൽകുകയും, സ്വർഗ്ഗത്തിൽ ഉപവിഷ്ടനായിരിക്കുകയും ചെയ്യുന്നുവെന്ന് ഉദ്ബോധിപ്പിക്കുന്ന സങ്കീർത്തകൻ, സങ്കീർത്തനത്തിന്റെ അവസാനവരികളിൽ കർത്താവിനെ സ്തുതിക്കാനുള്ള ആഹ്വാനവും ജനത്തിന് നൽകുന്നുണ്ട്.

ഇസ്രയേലിന്റെയും ജനതകളുടെയും ദൈവസങ്കൽപ്പങ്ങൾ

ജ്ഞാനസങ്കീർത്തനങ്ങളിൽപ്പെട്ട ഒന്നായ നൂറ്റിപ്പതിനഞ്ചാം സങ്കീർത്തനത്തിന്റെ ആരംഭത്തിൽത്തന്നെ അതെഴുതപ്പെട്ടതിന്റെ ഉദ്ദേശം വ്യക്തമാണ്. കർത്താവിന്റെ കാരുണ്യത്തെയും വിശ്വസ്തതയെയും പ്രതി അവന്റെ നാമത്തിന് മഹത്വം നൽകുകയെന്ന (സങ്കീ. 115, 1) ഉദ്‌ബോധനം പകരുകയാണ് ഈ സങ്കീർത്തനം. ചിതറിപ്പോയ ഇസ്രായേൽ ജനതയോട്, നിങ്ങളെ ഒരുമിച്ചുകൂട്ടിയ ദൈവമെവിടെ, എന്ന ജനതകളുടെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ സങ്കീർത്തനമെന്ന് നാം കണ്ടു. തങ്ങളെ ഒരുമിച്ചുകൂട്ടുകയും ശത്രുകരങ്ങളിൽനിന്ന് സംരക്ഷിക്കുകയും, വാഗ്ദത്തനാട്ടിലേക്ക് നയിക്കുകയും ചെയ്‌തത്‌ ജനതകൾക്കിടയിൽ സാക്ഷ്യവും, ദൈവമഹത്വത്തിന്റെ പ്രഘോഷണവുമായിരുന്നു എന്ന സത്യം ജനത്തെ അനുസ്മരിപ്പിക്കുകകൂടി ചെയ്യുന്നുണ്ട് ഈ സങ്കീർത്തനം. സ്വർഗ്ഗസ്ഥനായ, തന്റെ ഹിതമനുസരിച്ച് എല്ലാം പ്രവർത്തിക്കുന്ന ജീവനുള്ള ഒരു ദൈവമാണ് തങ്ങളുടേതെന്ന് (സങ്കീ. 115, 3) ഇസ്രായേൽജനത്തെ സങ്കീർത്തനം ഓർമ്മിപ്പിക്കുന്നുണ്ട്. നൂറ്റിമുപ്പത്തിയഞ്ചാം സങ്കീർത്തനത്തിലും ഇതേ ചിന്തകൾ നമുക്ക് കാണാം.

ഇസ്രയേലിന്റെ ദൈവത്തിൽനിന്ന് വിജാതീയരുടെ ദൈവസങ്കൽപ്പങ്ങൾക്കുള്ള വ്യത്യസ്തതകളെക്കുറിച്ചാണ് സങ്കീർത്തനത്തിന്റെ നാല് മുതൽ എട്ടുവരെയുള്ള വാക്യങ്ങൾ വ്യക്തത വരുത്തുന്നത്. മനുഷ്യന്റെ കരവേല മാത്രമായ, സ്വർണ്ണത്തിലും വെള്ളിയിലും തീർക്കപ്പെട്ട ജീവനില്ലാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്നതിലെ സാംഗത്യമില്ലായ്മയാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. മനുഷ്യനിർമ്മിതമായ, എന്നാൽ മനുഷ്യനോട് സംവദിക്കാനറിയാത്ത, കണ്ണുകളുണ്ടെങ്കിലും, മനുഷ്യനെ കാണാത്ത, ചെവികളുണ്ടെങ്കിലും അവന്റെ പ്രാർത്ഥന കേൾക്കാത്ത, നാസാരന്ധ്രങ്ങളുണ്ടെങ്കിലും, തന്റെ മുന്നിൽ അർപ്പിക്കപ്പെടുന്ന സുഗന്ധദ്രവ്യങ്ങളുടെ നറുമണം അനുഭവിക്കാനാകാത്ത, കരങ്ങളുണ്ടെങ്കിലും ഒരു കൈ സഹായം നല്കാനാകാത്ത, കാലുകളുണ്ടെങ്കിലും മനുഷ്യനൊപ്പം നടക്കാത്ത, മനുഷ്യനായി സ്വരമുയർത്താത്ത ഒരു ദൈവസങ്കൽപ്പത്തിന് എന്തർത്ഥമാണുള്ളത്? (സങ്കീ. 115, 4-7). അത്തരം വിഗ്രഹങ്ങളെ ദൈവങ്ങളായി നിർമ്മിക്കുന്നവരും, അവയെ ആശ്രയിക്കുന്നവരും, ആ വിഗ്രഹങ്ങളെപ്പോലെ വിവേചന, പ്രതികരണ ശേഷികൾ ഇല്ലാത്തവരാണെന്നുകൂടി സങ്കീർത്തനം ഓർമ്മിപ്പിക്കുന്നുണ്ട് (സാങ്കേ. 115, 8). അങ്ങനെ, സ്രഷ്ടാവും, പരിപാലകനും, കൂടെ നടക്കുന്നവനും, പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനുമായ ജീവിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തകൾക്ക് മുന്നിൽ, മനുഷ്യസൃഷ്ടി മാത്രമായ ദൈവസങ്കൽപ്പങ്ങൾക്കുള്ള അർത്ഥശൂന്യത ഉയർത്തിക്കാട്ടിയാണ് ജനതകളുടെ പരിഹാസത്തിന് സങ്കീർത്തനം മറുപടി നൽകുന്നത്.

തന്റെ ജനത്തിന്റെ സംരക്ഷകനായ ദൈവം

യാഹ്‌വെ എന്ന ദൈവമാണ് നമുക്ക് സഹായവും പരിചയുമെന്ന ഉദ്ബോധനമാണ് സങ്കീർത്തനത്തിന്റെ ഒൻപത് മുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങളിൽ  സങ്കീർത്തനം മൂന്ന് വട്ടം ഓർമ്മിപ്പിക്കുന്നത്. കർത്താവാണ് നിങ്ങളുടെ സഹായവും പരിചയുമെന്ന് ദൈവം കൂടെയുള്ള, തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ ജനത്തോടും (സങ്കീ. 115, 8) ശുശ്രൂഷ ചെയ്യാനായി വിളിക്കപ്പെട്ട അഹറോന്റെ ഭവനത്തോടും (സങ്കീ. 115, 9) സങ്കീർത്തനം ഉദ്‌ഘോഷിക്കുന്നു. ദൈവത്തിന്റെ ജനവും, അവന്റെ സാന്നിദ്ധ്യത്തിൽ ആരാധനയും ശുശ്രൂഷകളുമായി ചേർന്നുനിൽക്കാൻ വിളിക്കപ്പെട്ടവരും ദൈവത്തിന്റെ സംരക്ഷണവും കരുതലും തിരിച്ചറിയേണ്ടതുണ്ട്. പതിനൊന്നാം വാക്യത്തിലാകട്ടെ, ഇസ്രയേലിന്റെ ദൈവമായ കർത്താവിനെ ഭക്തിയോടെ നോക്കിയിരുന്ന എല്ലാ ആളുകളോടുമാണ് (സങ്കീ. 115, 10) കർത്താവിന്റെ സംരക്ഷണത്തെക്കുറിച്ച് സങ്കീർത്തനം ഉദ്ബോധിപ്പിക്കുന്നത്. തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് ദൈവം നൽകുന്ന സ്നേഹവും സംരക്ഷണവും വിജാതീയർക്കുപോലും ആ ദൈവത്തോടുള്ള ഭക്തിക്ക് കാരണമാകുന്നു. ലോകത്തിന് മുന്നിൽ യാഹ്‌വെയുടെ നാമം പ്രഘോഷിക്കപ്പെടേണ്ടത്, അവന്റെ അനുഗ്രഹങ്ങൾ സ്വീകരിച്ച ജനത്തിന്റെ ജീവിതത്തിലൂടെയാണ്.

ദൈവാനുഗ്രഹങ്ങളുടെ വാഗ്ദാനവും ദൈവസ്‌തുതിക്കുള്ള ആഹ്വാനവും

"കർത്താവിന് നമ്മെക്കുറിച്ച് വിചാരമുണ്ട്, അവിടുന്ന് നമ്മെ അനുഗ്രഹിക്കും" എന്ന് തുടങ്ങുന്ന പന്ത്രണ്ടാം വാക്യം, ഇത്രയും നാൾ, തങ്ങളുടെ ചരിത്രത്തിന്റെ നാൾവഴികളിൽ അനുഗ്രഹമായി നിന്ന യാഹ്‌വെ ഇനിയും അനുഗ്രഹമായി കൂടെയുണ്ടാകുമെന്ന ഇസ്രായേൽ ജനത്തിന്റെ വിശ്വാസത്തിന്റെ ഒരു പ്രഖ്യാപനം കൂടിയാണ് (സങ്കീ. 115, 12). തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രയേലിനെയും, തനിക്ക് ശുശ്രൂഷ ചെയ്യുന്ന അഹറോന്റെ ഭവനത്തെയും, കർത്താവിനോട് ഭക്തിയുള്ള "ചെറിയവരെയും വലിയവരെയും അവിടുന്ന് അനുഗ്രഹിക്കും" എന്ന് സങ്കീർത്തനം ഉറപ്പുതരുന്നു (സങ്കീ. 115, 12-13). ഇസ്രായേൽ ജനത്തെ മാത്രമല്ല, തന്നോട് ഭക്തിയുള്ള ഏവരെയും അവൻ അനുഗ്രഹിക്കുമെന്ന ഒരു ആശയവും ഇവിടെ വ്യക്തമാണ്. ദൈവം നൽകുന്ന അനുഗ്രഹം തലമുറകളിലേക്ക് നീളുന്നതാണെന്ന് "കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങളെയും നിങ്ങളുടെ മക്കളെയും" എന്ന പതിനാലാം വാക്യം സൂചിപ്പിക്കുന്നുണ്ട്.  മനുഷ്യസൃഷ്ടികളായ വിഗ്രഹങ്ങൾക്ക്, തങ്ങളെ സൃഷ്‌ടിച്ച മനുഷ്യരെ അനുഗ്രഹിക്കാനാകില്ല എന്നിരിക്കെ, "ആകാശവും ഭൂമിയും സൃഷ്‌ടിച്ച” (സങ്കീ. 115, 15) കർത്താവിന് തന്റെ തന്നെ സൃഷ്ടിയായ മനുഷ്യരെ അനുഗ്രഹിക്കാനാകുമെന്ന് സങ്കീർത്തനം ഓർമ്മിപ്പിക്കുന്നുണ്ട്.

ഉൽപ്പത്തിപുസ്തകത്തിൽ പങ്കുവയ്ക്കപ്പെടുന്ന സൃഷ്ടികർമ്മത്തെക്കുറിച്ചുള്ള ചിന്തകളുമായി ബന്ധപ്പെടുത്തി, ഈ ഭൂമിയുടേമേൽ മനുഷ്യന് അവകാശം നൽകുന്ന സ്രഷ്ടാവായ ദൈവത്തെക്കുറിച്ചുള്ള (ഉൽപ്പത്തി 1, 26) ഓർമ്മയുണർത്തുന്ന സങ്കീർത്തകൻ, ആകാശം കർത്താവിന് മാത്രമുള്ളതാണെന്ന് ഇസ്രയേലിനെ അനുസ്മരിപ്പിക്കുന്നു (സങ്കീ. 115, 16). ഭൂമിയിൽനിന്നും ഉയർന്ന ഒരു തലമാണ് ദൈവത്തിന്റേതെന്നും, ഭൂമിയെ സൃഷ്‌ടിച്ച ദൈവമാണ് ഭൂമിക്ക് മുകളിൽ ഏക അധിപനായി നിൽക്കുന്നതെന്നും, സ്വർഗ്ഗമെന്നൊരിടം ഭൂമിയിൽനിന്നും ഉയർന്നു നിൽക്കുന്നുണ്ടെന്നുമുള്ള ചിന്തകൾ ഇവിടെ നമുക്ക് കാണാം. സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ ദാനമാണ് ഭൂമിയെന്നും അവനാണ് ഭൂമിയിലെ യഥാർത്ഥ അധികാരിയെന്നുമുള്ള ചിന്തകൾ ഭൂമിയുടെമേലുള്ള മനുഷ്യന്റെ പ്രവൃത്തികളിൽ വേണ്ട ഉത്തരവാദിത്വബോധം കൂടി ഓർമ്മിപ്പിക്കുന്നുണ്ട്. "മരിച്ചവരും നിശബ്ദതയിൽ ആണ്ടുപോയവരും കർത്താവിനെ സ്തുതിക്കുന്നില്ല. എന്നാൽ, നമ്മൾ ഇന്നുമെന്നേക്കും കർത്താവിനെ സ്തുതിക്കും; കർത്താവിനെ സ്തുതിക്കുവിൻ" എന്നീ വാക്യങ്ങളിലൂടെ (സങ്കീ. 115, 17-18) ജീവിച്ചിരിക്കുന്ന സമയമെല്ലാം ദൈവത്തെ സ്തുതിക്കുകയെന്നത് നമ്മുടെ കടമയാണെന്ന് ഓർമ്മിപ്പിച്ചും, സങ്കീർത്തനത്തിന്റെ ആരംഭത്തിലെന്നപോലെ, കർത്താവിനെ സ്തുതിക്കാനുള്ള ആഹ്വാനം പുതുക്കിയുമാണ് സങ്കീർത്തനം അവസാനിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

ലോകവും, അതിലെ ജനതകളും കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുമ്പോഴും, നമ്മുടെ ദൈവമായ കർത്താവിനെ സ്തുതിക്കുന്നതിൽ കുറവ് വരുത്തരുതെന്നും, അവനാണ് നമുക്ക് സകലതും നൽകുകയും, നമ്മെ സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയും ചെയ്യുന്നതെന്നും ഓർമ്മിപ്പിക്കുന്ന നൂറ്റിപ്പതിനഞ്ചാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ഇസ്രയേലിന്റെ ദൈവവും, സകലത്തിന്റെയും നാഥനും സ്രഷ്ടാവുമായ ദൈവത്തെ നമുക്കും സ്തുതിക്കുകയും, അവനിൽ ആശ്രയിക്കുകയും, അവനിൽനിന്ന് അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യാം. കർത്താവ് മാത്രമാണ് സത്യദൈവമെന്ന ബോധ്യം, ഭൗമികമായ ശക്തികൾക്ക് മുന്നിൽ തലകുനിക്കാതെ, പ്രപഞ്ചനാഥനും നമ്മുടെ പ്രാർത്ഥനകൾ കേൾക്കുകയും, ഹൃദയവിചാര, വികാരങ്ങൾ അറിയുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തോട് ചേർന്ന് നിൽക്കാനും അവനെ മാത്രം ആരാധിക്കാനും നമ്മെ സഹായിക്കട്ടെ. അവൻ നമുക്ക് എന്നും സഹായവും പരിചയുമായിരിക്കട്ടെ. തലമുറകളോളം നീണ്ടുനിൽക്കുന്ന അനുഗ്രഹങ്ങൾ അവൻ നമ്മിലും വർഷിക്കട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 മേയ് 2025, 12:51