ഗാസയിൽ സമാധാനം പുലരണം: മാറോനീത്ത മെത്രാന്മാർ
വത്തിക്കാൻ ന്യൂസ്
മരണം, പട്ടിണി, രോഗം, പകർച്ചവ്യാധികൾ എന്നിവയാൽ ഏറെ ദുരിതമനുഭവിക്കുന്ന ഗാസയിൽ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും, ന്യായമായ പരിഹാരങ്ങൾ കണ്ടെത്തുവാൻ എല്ലാ കക്ഷികളും മുൻപോട്ടുവരണമെന്നും മാറോനീത്ത മെത്രാന്മാർ ആവശ്യപ്പെടുകയും, അതിനായി പ്രത്യേകമായ പ്രാർത്ഥനകൾക്ക് ആഹ്വാനം നൽകുകയും ചെയ്തു. മെയ് 21 ബുധനാഴ്ച, നടന്ന പ്രതിമാസ യോഗത്തിന്റെ അവസാനം പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഇക്കാര്യം എടുത്തു പറഞ്ഞത്.
ലിയോ പതിനാലാമൻ പാപ്പായുടെ തിരഞ്ഞെടുപ്പിൽ തങ്ങൾക്കുള്ള അതിയായ സന്തോഷവും മെത്രാന്മാർ പ്രകടിപ്പിച്ചു. മധ്യപൂർവേഷ്യയിലെ രാഷ്ട്രീയ, നയതന്ത്ര സംഭവവികാസങ്ങളുടെ ത്വരിതഗതിയും അവ ലെബനനിൽ ഉണ്ടാക്കിയേക്കാവുന്ന ആഘാതവും പാപ്പാ മനസിലാക്കിയിട്ടുണ്ടെന്നും കുറിപ്പിൽ എടുത്തു പറയുന്നു. അതിനാൽ തങ്ങളുടെ നാട്ടിൽ എത്രയും വേഗം സമാധാനം പുലരട്ടെയെന്ന പ്രത്യാശയും മെത്രാന്മാർ വെളിപ്പെടുത്തി.
അതേസമയം, സിറിയയിൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ പിൻവലിച്ചതിൽ തങ്ങൾക്കുള്ള സന്തോഷവും മെത്രാന്മാർ എടുത്തു പറഞ്ഞു. തൊഴിലവസരങ്ങളും സാമ്പത്തിക വീണ്ടെടുക്കലും ഉറപ്പാക്കുന്നതിന് ആവശ്യമായ നിക്ഷേപശേഷി വർധിപ്പിക്കുവാനും ഈ അവസ്ഥ സഹായകരമാകുമെന്നും മെത്രാന്മാർ പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: