സമാധാന സരണിയിൽ ചരിക്കണമെന്ന് പാക്കിസ്ഥാനിലെ ക്രൈസ്തവർ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യാ-പാക്കിസ്ഥാൻ ബന്ധം വഷളായിരിക്കുകയും യുദ്ധഭീതി ശക്തമായിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സംഭാഷണത്തിൻറെയും സമാധാനത്തിൻറെയും പാത പിൻചെല്ലാൻ പാക്കിസ്ഥാനിലെ ക്രൈസ്തവർ അഭ്യർത്ഥിക്കുന്നു.
സമാധാനവചസ്സുകളാണ് ആവശ്യമെന്നും സംഭാഷണം ആരംഭിക്കേണ്ടിയിരിക്കുന്നുവെന്നും പാക്കിസ്ഥാനിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ സാമൂഹ്യവിനിമയ സമിതിയുടെ കാര്യദർശിയും കത്തോലിക്ക മാദ്ധ്യമപ്രവർത്തന സംഘടനയായ “സിഗ്നിസിൻറെ” (Signis) പാക്കിസ്ഥാൻ ഘടകത്തിൻറെ പ്രസിഡൻറുമായ കപ്പൂച്ചിൻ വൈദികൻ ഖൈസർ ഫിറോസ് പ്രേഷിത വാർത്താ ഏജൻസിയായ ഫീദേസിനോടു പറഞ്ഞു.
ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനങ്ങളുടെ നന്മ ലക്ഷ്യം വച്ച് ബുദ്ധിപൂർവ്വം സംഭാഷണത്തിൻറെ പാതയിൽ പാദമൂന്നണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം ഒഴിവാക്കുന്നതിന് രാഷ്ട്രീയ നേതാക്കളെ ക്ഷണിക്കുന്നതിനും സമാധാനത്തിനായി പ്രാർത്ഥിക്കുന്നതിനും പാക്കിസ്ഥാനിൽ കൂടിക്കാഴ്ചകൾ ഉൾപ്പടെയുള്ള മതാന്തര സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഫാദർ ഫിറോസ് വെളിപ്പെടുത്തി.
ഏപ്രിൽ 22-ന് ജമ്മുകാഷ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനപഹരിച്ച ഭീകരാക്രമണത്തെ ഐക്യരഷ്ട്രസഭ അപലപിച്ചിരുന്നു. സാധാരണ പൗരന്മാരെ ആക്രമിക്കുന്നത് അംഗീകരിക്കാനില്ലെന്നും ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ മേധാവി (സെക്രട്ടറി ജനറൽ) അന്തോണിയൊ ഗുട്ടേരെസ് പറഞ്ഞു. ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും സൈനിക നടപടി പരിഹാരമാർഗ്ഗമല്ലെന്നും സമാധാനത്തിനായി മാദ്ധ്യസ്ഥ്യം വഹിക്കാൻ ഐക്യരാഷ്ട്രസഭ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: