അമേരിക്കയിൽ ഒരു കോടിയോളം ക്രൈസ്തവർ നാടുകടത്തൽ ഭീഷണിയിൽ!
ലിസ ത്സെങ്കറീനി, ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അമേരിക്കൻ ഐക്യനാടുകളിൽ 12 ക്രൈസ്തവരിൽ ഒരാൾ വീതം നാടുകടത്തപ്പെടുന്ന അപകടം പതിയിരിക്കുന്നുണ്ടെന്ന് പ്രാദേശികക്രൈസ്തവ സഭകൾ ആശങ്കപ്രകടിപ്പിക്കുന്നു.
അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാർ പ്രൊട്ടസ്റ്റൻറ് സഭകളുടെയും സംഘടനകളുടെയും സഹകരണത്തോടെ പരസ്യപ്പെടുത്തിയ ഒരു രേഖയിലാണ് ആശങ്കാജനകമായ ഈ വെളിപ്പെടുത്തൽ ഉള്ളത്.
അന്നാട്ടിലെ കുടിയേറ്റക്കാരായ ക്രൈസ്തവരിൽ ചിലർക്കുള്ള താല്ക്കാലിക സംരക്ഷണം റദ്ദാക്കപ്പെടാനുള്ള സാധ്യതയും ഉണ്ടെന്ന് അമേരിക്കൻ ഐക്യനാടുകളിലെ കത്തോലിക്കാമെത്രാൻ സംഘവും, എവഞ്ചേലിക്കൽ ദേശീയ സമിതിയും ആഗോള ക്രിസ്തുമതത്തെക്കുറിച്ചു പഠിക്കുന്ന കേന്ദ്രവും ചേർന്നു “ശരീരത്തിൻറെ ഒരു ഭാഗംl” (One Part of the Body) എന്ന ശീർഷകത്തിൽ പുറപ്പെടുവിച്ച ഈ രേഖയിൽ കാണുന്നു. പ്രത്യേകിച്ച്, ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്ന, നാടുകടത്തൽ നയങ്ങളുടെ ആഘാതങ്ങളെക്കുറിച്ച് ക്രൈസ്തവസമൂഹത്തെ ബോധവത്ക്കരിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയതാണ് ഈ രേഖ.
കാലിൽ വേദനയനുഭവപ്പെടുമ്പോൾ കരത്തിന് അതിൻറെ മാത്രം കാര്യം നോക്കാനാകാത്തതുപോലെ സഭയുടെ ഒരു ഭാഗം സഹനത്തിലാഴുമ്പോൾ ആ യാതനയിൽ പങ്കുചേരാൻ സഭയാകമാനം വിളിക്കപ്പെടുന്നുവെന്ന് രേഖ ഓർമ്മിപ്പിക്കുന്നു. ഡൊണാൾഡ് ട്രംപിൻറെ ഭരണകുടം സ്വീകരിച്ചിരിക്കുന്ന നാടുകടത്തൽ നയം ഏതാണ്ട് രണ്ടുകോടിയാളുകളെ ലക്ഷ്യം വയ്ക്കുന്നുണ്ട് എന്നത് ഈ ആശങ്കയുടെ ആക്കം കൂട്ടുന്നുവെന്നും രേഖയിൽ കാണുന്നു.
ഈ രേഖ രാഷ്ട്രീയപരമല്ലെന്നും അത് എല്ലാ നാടുകടത്തലുകളും അനീതിയാണെന്ന് വാദിക്കുന്നില്ലെന്നും, പ്രത്യുത, നിലവിലുള്ള വിവേചരഹിതമായ അടിച്ചമർത്തൽ നടപടി, സഭകളുടെയും കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും കുടിയേറ്റക്കാരുടെയും മേൽ ഏല്പിക്കുന്ന ആത്മീയവും ബന്ധപരവുമായ ആഴത്തിലുള്ള അനന്തരഫലങ്ങൾ തിരിച്ചറിയാൻ ക്രൈസ്തവരോടുള്ള അജപാലനപരമായ അഭ്യർത്ഥനയാണിതെന്നും ക്രൈസ്തവസഭാസമൂഹവൃത്തങ്ങൾ വ്യക്തമാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: