MAP

സഹായം തേടി അഫ്‌ഗാൻ ജനത സഹായം തേടി അഫ്‌ഗാൻ ജനത 

കഴിഞ്ഞയാഴ്ചയിൽ പാകിസ്ഥാനിൽനിന്ന് പുറത്താക്കപ്പെട്ടത് 8000 അഫ്ഗാൻ പൗരന്മാർ: ഐക്യരാഷ്ട്രാസഭ

കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം എണ്ണായിരത്തിലധികം അഫ്ഗാൻ അഭയാർത്ഥികളെ പാക്കിസ്ഥാൻ നിർബന്ധിതമായി നാടുകടത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷൻ. അനധികൃത വിദേശികളെ നാടുകടത്താനായി 2023-ൽ ആരംഭിച്ച ഒരു പദ്ധതിയുടെ ഭാഗമായാണ് ഏപ്രിൽ 1 മുതലുള്ള ഏതാനും ദിവസങ്ങളിൽ ഇത്രയും അഫ്ഗാൻ പൗരന്മാരെ നാടുകടത്തിയത്. പദ്ധതിയുടെ ഭാഗമായി നാളിതുവരെ എട്ടര ലക്ഷത്തോളം അഫ്ഗാൻ പൗരന്മാരെയാണ് പാകിസ്ഥാൻ പുറത്താക്കിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി അഫ്ഗാനിസ്ഥാനിൽ തുടരുന്ന സായുധസംഘർഷങ്ങൾ കാരണവും, 2021-ൽ താലിബാൻ ഭരണത്തിലേറിയതുമൂലവും പാകിസ്ഥാനിൽ അഭയം തേടിയ നാലുകോടിയോളം അഫ്ഗാൻ പൗരന്മാരെ നാടുകടത്തുന്നതിന്റെ ഭാഗമായി, കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം ഏതാണ്ട് എണ്ണായിരത്തിലധികം അഫ്ഗാൻകാരെ പാകിസ്ഥാൻ നിർബന്ധിതമായി നാടുകടത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷൻ (Unhcr) ഏപ്രിൽ ഒൻപതിന് പുറത്തുവിട്ട ഒരു കുറിപ്പിലൂടെ അറിയിച്ചു. പാകിസ്താനിലെ ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും നിന്ന് ഒഴിഞ്ഞുപോകാൻ അനധികൃതമായി താമസിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് നിർദ്ദേശം നൽകിയിരുന്ന അവസാനതീയതിയായ ഏപ്രിൽ ഒന്നുമുതലാണ് ഇത്രയധികം ആളുകളെ പാകിസ്ഥാൻ പുറത്താക്കിയത്. അഫ്ഗാൻ പ്രദേശത്ത് പ്രവർത്തിക്കുന്ന തീവ്രവാദഗ്രൂപ്പുകളുടെ ആക്രമണങ്ങൾ വർദ്ധിച്ചതിനാലും, സുരക്ഷാകരണങ്ങളാലുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പാകിസ്ഥാൻ കടന്നത്. എന്നാൽ ഇത്തരം ആരോപണങ്ങൾ കാബൂൾ ഗവണ്മെന്റ് തള്ളിയിരുന്നു.

അനധികൃത വിദേശികളെ രാജ്യത്തിന് പുറത്താക്കുന്നതിനായി 2023 സെപ്റ്റംബറിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നാലരലക്ഷത്തോളം 8.44.499 അഫ്ഗാൻ പൗരന്മാരെ പാകിസ്ഥാൻ പുറത്താക്കിയിരുന്നുവെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തിരുന്നു. ശരിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് തുടരുന്ന ആളുകളെയാണ് പാകിസ്ഥാൻ ഇതുവരെ പുറത്താക്കിയിരുന്നതെങ്കിൽ, 2017-ൽ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഗവൺമെന്റുകൾ ഒരുമിച്ച് പൗരത്വരേഖ നൽകിയിരുന്ന ആളുകളെയാണ് ഇപ്പോൾ പാകിസ്ഥാൻ അവരുടെ പൗരത്വകാർഡ് തിരികെ വാങ്ങിയശേഷം നിർബന്ധിതമായി പുറത്താക്കുന്നത്.

രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷന്റെ നിർദ്ദേശപ്രകാരം താമസിപ്പിച്ചിരുന്ന ആളുകളെയുൾപ്പെടെയാണ് പാകിസ്ഥാൻ നിലവിൽ പുറത്താക്കുന്നത്. അഭയാർത്ഥികളുമായി ബന്ധപ്പെട്ട 1951-ലെ ജനീവ കൺവെൻഷൻ പാകിസ്ഥാനും ഒപ്പുവച്ചിരുന്നെങ്കിലും, അതൊരിക്കലും അംഗീകരിച്ച് പ്രാബല്യത്തിൽ വരുത്തിയിരുന്നില്ല.

അഫ്ഗാൻ പൗരന്മാരെ പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറുള്ള തോർക്കാം അതിർത്തി വഴി പുറത്താക്കുന്നതിന് മുൻപായി രാജ്യത്തിന്റെ വിവിധയിടങ്ങളിലെ താൽക്കാലികതാവളങ്ങളിൽ താമസിപ്പിച്ചിരിക്കുകയാണെന്ന് അധികാരികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്രകാരം അഫ്ഗാൻ കുടിയേറ്റക്കാരെ നിർബന്ധിതമായി പുറത്താക്കുന്നത് ഇസ്ലാമികതത്വങ്ങൾക്കും, അന്താരാഷ്ട്രതത്വങ്ങൾക്കും നല്ല അയൽപക്കബന്ധത്തിനും എതിരാണെന്ന് കുടിയേറ്റത്തിനായുള്ള അഫ്ഗാൻ മന്ത്രാലയത്തട്ടിന്റെ വക്താവ് അബ്ദുൽ മൊത്താലിബ്‌ ഹക്വാനി പ്രസ്താവിച്ചു.

കുടിയേറ്റങ്ങൾക്കായുള്ള അന്താരാഷ്ട്രസംഘടന (International Organization for Migration - IOM) ഉൾപ്പെടെ നിരവധി സംഘടനകൾ ഏകപക്ഷീയമായ ഇത്തരം നിർബന്ധിത നാടുകടത്തലുമായി ബന്ധപ്പെട്ട് സന്ദേഹം പ്രകടിപ്പിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഏപ്രിൽ 2025, 15:21