MAP

സാന്ത് എജീദിയോ പ്രെസിഡന്റ് മാർക്കോ ഇമ്പല്യാസ്യോയ്ക്ക് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ - ഫയൽ ചിത്രം സാന്ത് എജീദിയോ പ്രെസിഡന്റ് മാർക്കോ ഇമ്പല്യാസ്യോയ്ക്ക് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ - ഫയൽ ചിത്രം 

മാനവിക ഇടനാഴികൾ വഴി 700 അഫ്ഗാൻ പൗരന്മാർ കൂടി ഇറ്റലിയിലേക്കെത്തും: സാന്ത് എജീദിയോ സമൂഹം

2021-ൽ കാബൂളിൽനിന്ന് രക്ഷപെട്ട് പാകിസ്താനിലും ഇറാനിലും തുർക്കിയിലും അഭയം തേടിയ 700 അഫ്ഗാൻ പൗരന്മാർക്ക് കൂടി ഇറ്റലിയിലേക്ക് പ്രവേശിക്കുവാൻ അനുമതി നേടി സാന്ത് എജീദിയോ സമൂഹം. 2021-ൽ ഇവിടെനിന്നെത്തിയ 812 പേർക്ക് പുറമെയാണ് പുതുതായി കൂടുതൽ ആളുകൾക്ക് ഇറ്റലി അഭയമേകുന്നത്. വർഷങ്ങളായി അന്താരാഷ്ട്രസമൂഹം മറന്ന ആളുകൾക്ക് പ്രത്യാശയുടെ അടയാളമെന്ന് സാന്ത് എജീദിയോ പ്രെസിഡന്റ് ഇമ്പല്യാസ്യോ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അഫ്ഗാനിസ്ഥാനിൽനിന്ന് രക്ഷതേടി രാജ്യം വിട്ടിറങ്ങിയ 700 അഭയാർത്ഥികൾക്ക് കൂടി ഇറ്റലി സ്വാഗതമേകും. ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് സഹായമെത്തിക്കുന്ന സാന്ത് എജീദിയോ സമൂഹം, ഇറ്റലിയിലെ എവഞ്ചേലിക്കൽ സഭാ ഫെഡറേഷൻ, വാൽദേസേ-മെത്തഡിസ്റ്റ് സഭകൾ, ഇറ്റാലിയൻ സാംസ്‌കാരിക അസോസിയേഷൻ, അന്താരാഷ്ട്ര കുടിയേറ്റ ഓർഗനൈസേഷൻ, ഐക്യരാഷ്ട്രസഭാ കുടിയേറ്റ ഹൈക്കമ്മീഷൻ തുടങ്ങിയ സംഘടനകൾക്കൊപ്പം ഇറ്റലിയുമായി ഏപ്രിൽ ഏഴിന് ഒപ്പുവച്ച പുതിയ കരാറനുസരിച്ചാണ് കൂടുതൽ അഭയാർത്ഥികൾ ഇറ്റലിയിലേക്കെത്തുകയെന്ന് ഏപ്രിൽ 7-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സാന്ത് എജീദിയോ സമൂഹം അറിയിച്ചു..

ലോകത്ത് യുദ്ധങ്ങളും, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും വർധിച്ചുവരുന്ന ഇക്കാലത്ത്, എപ്രകാരം ആളുകളെ സ്വീകരിക്കാമെന്നതിനും സമൂഹത്തിൽ ഇഴചേർക്കാമെന്നതിനും ഉള്ള ഉദാഹരണമാണ് മാനവിക ഇടനാഴികൾ എടുത്തുകാട്ടുന്നതെന്ന് സാന്ത് എജീദിയോ സമൂഹത്തിന്റെ പ്രെസിഡന്റ് മാർക്കോ ഇമ്പല്യാസ്യോ പ്രസ്താവിച്ചു. 2021-ൽ കാബൂളിൽനിന്ന് രക്ഷപെട്ട് രാജ്യം വിട്ട്, അന്താരാഷ്ട്രസമൂഹത്താൽ മറന്ന് ജീവിച്ചിരുന്ന ഈ മനുഷ്യർക്ക് പ്രത്യാശയുടെ അടയാളയമാണ് പുതുതായി ഒപ്പിട്ട കരാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021-ൽ പാകിസ്താനിലും ഇറാനിലും തുർക്കിയിലും അഭയം തേടിയിരുന്ന 812 അഫ്ഗാൻ പൗരന്മാർക്ക് മാനവിക ഇടനാഴികൾ വഴി ഇറ്റലിയിലേക്കെത്താനായി സാന്ത് എജീദിയോ സൗകര്യമൊരുക്കിയതിന്റെ തുടർച്ചയായാണ് പുതുതായി 700 പേർക്ക് കൂടി ഇറ്റലിയിലേക്കെത്താൻ സാധിക്കുക. ഇറ്റലിയിലെത്തുന്ന പുതിയ 700 പേരിൽ 300 പേരെ സാന്ത് എജീദിയോ സമൂഹവും, 200 പേരെ ഇറ്റാലിയൻ മെത്രാൻ സമിതിയും, 100 പേരെ ഇറ്റലിയിലെ എവഞ്ചേലിക്കൽ സഭാ ഫെഡറേഷനും, 100 പേരെ ഇറ്റാലിയൻ സാംസ്‌കാരിക അസോസിയേഷനും ഏറ്റെടുക്കും.

നാളിതുവരെ  സാന്ത് എജീദിയോ സമൂഹം, മറ്റ് സംഘടനകളുമായി ചേർന്ന് 8.200 അഭയാർത്ഥികൾക്ക് സുരക്ഷിതമായി യൂറോപ്പിലേക്കെത്താൻ വഴിയൊരുക്കിയിട്ടുണ്ട്. സുരക്ഷയും ഐക്യദാർഢ്യവും ഒത്തുചേർന്ന ഒരു പ്രവൃത്തിയാണിതെന്നും, വിജയകരമായ ഒരു മാതൃകയാണിതെന്നും സാന്ത് എജീദിയോ സമൂഹം പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഏപ്രിൽ 2025, 15:34