മ്യന്മാറിൽ പ്രത്യാശവെടിയാതെ ഭൂകമ്പബാധിതർ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വൻഭൂകമ്പ ദുരന്തത്തിനിരയായ മ്യന്മാറിൽ തീവ്രമായ യാതനകൾക്കു മദ്ധ്യേയും ജനങ്ങൾ ദൈവത്തിൽ ഉപരി പ്രത്യാശ വയ്ക്കുന്നുവെന്ന് അന്നാട്ടിലെ മണ്ഡലയ് അതിരൂപതയുടെ ആർച്ചുബിഷപ്പ് മാർക്കൊ ടിൻ വ്വിൻ.
മ്യന്മാറിൽ മാർച്ച് 28-ന് വെള്ളിയാഴ്ച (28/03/25) ഉച്ചയ്ക്ക് ഭൂകമ്പമാപനിയായ റിക്ടെർ സ്കെയിലിൽ 7 ദശാംശം 7 തീവ്രത രേഖപ്പെടുത്തിയതും മണ്ഡലയ് നഗരത്തെ നാശാവശിഷ്ടക്കൂമ്പാരമാക്കി മാറ്റിയതുമായ ഭൂമികുലക്കത്തെക്കുറിച്ച് പ്രേഷിത വാർത്താ ഏജൻസിയായ ഫീദേസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവികകാരുണ്യത്തിലും അവിടത്തെ സ്നേഹത്തെക്കുറിച്ചുള്ള ഉറപ്പിലും കൂടുതലായ പ്രത്യാശ ഇന്ന് മ്യന്മാറിലെ ജനത്തിനുണ്ടെന്നും നമ്മുടെ ബുദ്ധിക്കും ഗ്രഹണശക്തിക്കും അതീതമായ ഒരു സന്ദേശം ദൈവം നല്കുന്നുണ്ടെന്നും ആർച്ച്ബിഷപ്പ് മാർക്കൊ ടിൻ വ്വിൻ പറഞ്ഞു. ശുദ്ധജലം, ഭക്ഷണം, താമസിക്കുന്നതിനാവശ്യമായ താല്കാലിക കൂടാരങ്ങൾ, ഔഷധങ്ങൾ തുടങ്ങിയവ അടിയന്തിരമായി എത്തിച്ചുകൊടുക്കുന്നതിന് ശ്രമിക്കുന്ന എല്ലാവരെയും അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചു.
ആശുപത്രിവാസത്തിനു ശേഷം വത്തിക്കാനിൽ തിരിച്ചെത്തി ചികിത്സ തുടരുകയും ആരോഗ്യം വീണ്ടെടുക്കുന്നതിനു ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഫ്രാൻസീസ് പാപ്പാ തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് അനുസ്മരിച്ച ആർച്ചുബിഷപ്പ് ടിൻ വ്വിൻ അത് വലിയ ആശ്വാസവും പ്രത്യാശയും തങ്ങൾക്കു പ്രദാനം ചെയ്യുന്നുണ്ടെന്നു പറഞ്ഞു. ഉയിർപ്പുതിരുന്നാൾ ആസന്നമായിരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം സകലവും ദൈവത്തിൻറെ കരങ്ങളിലാണെന്നും തങ്ങൾ ക്രിസ്തുവിനോടൊപ്പം ഉയിർത്തെഴുന്നേല്ക്കുമെന്നും ഈ ജൂബിലി വർഷത്തിൽ ക്രിസ്തുവിലുള്ള പ്രത്യാശ നവീകരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
മ്യന്മാറിലെ സാഗൈംഗിൽ നിന്ന് 17 കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം. ഈ ദുരന്തം മൂവായിരത്തിലേറെപ്പേരുടെ ജീവനപഹരിക്കുകയും നാലായിരത്തിലേറേപ്പേരെ പരിക്കേല്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: