മ്യന്മാർ, ഭൂകമ്പബാധിതർക്കുള്ള സേവനം മതന്താര സംഭാഷണാവസരം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മ്യന്മാർ, ഭൂകമ്പബാധിതരെ സഹായിക്കൽ പ്രാർത്ഥനയുടെയും സംഭാഷണത്തിൻറെയും അവസരം!
മ്യാന്മാറിലുണ്ടായ ഭൂകമ്പദുരന്തിൻറെ യാതനകളനുഭവിക്കുന്ന ജനങ്ങളോടൊപ്പം പ്രാദേശിക സഭയുണ്ടെന്ന് അന്നാട്ടിലെ മണ്ഡലയ് അതിരൂപതയുടെ ആർച്ചുബിഷപ്പ് മാർക്കൊ ടിൻ വ്വിൻ (Marco Tin Win).
കാറ്റും മഴയും വൈദ്യുതിയുടെ അഭാവവുംകൂടിയായപ്പോൾ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായിരിക്കുന്നതിനെക്കുറിച്ച് പ്രേഷിതവാർത്താ എജൻസിയായ ഫീദേസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദികരും സമർപ്പിതരും ഭൂകമ്പബാധിതരുടെ ജീവിതദുരിതത്തിൽ പങ്കുചേർന്നുകൊണ്ട് തുറസ്സായ ഇടങ്ങളിൽ താല്കാലിക കൂടാരങ്ങളിലാണ് രാത്രി ചിലവഴിക്കുന്നതെന്ന് ആർച്ചുബിഷപ്പ് വ്വിൻ പറഞ്ഞു.
ബുദ്ധമതാനുയായികൾ ഭൂരിപക്ഷമുള്ള അവിടെ ഈ ദുരന്തത്തിൻറെ യാതനകളനഭവിക്കുന്നവരെയെല്ലാവരെയും ചേർത്തുപിടിക്കാൻ സഭ ശ്രമിക്കുന്നുണ്ടെന്നും ആകയാൽ ഈ ദുരന്തം അഗാധമായ മതാന്തരസംവാദത്തിനും പ്രാർത്ഥനയ്ക്കും ഉള്ള അവസരമാണെന്നും മണ്ഡലയ് അതിരൂപതയുടെ വികാരി ജനറാളായ വൈദികൻ പീറ്റർ ക്യീ മൗംഗ് പറഞ്ഞു. ജനങ്ങൾക്ക് സാന്ത്വനമേകാനും അവരുമായി സംഭാഷണത്തിലേർപ്പെടാനും അവരോടൊപ്പം പ്രാർത്ഥിക്കാനുമായി ആർച്ചുബിഷപ്പ് വ്വിൻ സദാ അവർക്കിടയിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
മ്യന്മാറിൽ മാർച്ച് 28-ന് വെള്ളിയാഴ്ച (28/03/25) പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-നാണ് ഭൂകമ്പമാപനിയായ റിക്ടെർ സ്കെയിലിൽ 7 ദശാംശം 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. മൂവായിരത്തിലേറെ പേർക്ക് ജീവാപായം സംഭവിച്ചിട്ടുണ്ടെന്നു കരുതപ്പെടുന്നു. നാലായിരത്തിലേറേപ്പേർക്ക് പരിക്കേറ്റു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: