അൾജീരിയ - സഹേൽ പ്രദേശങ്ങൾ നയതന്ത്ര പ്രതിസന്ധിയിലേക്ക്: ഫീദെസ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
അൾജീരിയയും മാലിയും തമ്മിലുള്ള കുറ്റപ്പെടുത്തലുകളുൾപ്പെടെ, അൾജീരിയ - സഹേൽ പ്രദേശങ്ങൾ നയതന്ത്ര പ്രതിസന്ധിയിലേക്കെന്ന് ഫീദെസ് വാർത്താ ഏജൻസി. മാലി, നൈജർ, ബുർകിന ഫസോ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന സഹേൽ പ്രദേശത്തെ രാജ്യങ്ങളും അൾജീരിയയും തമ്മിൽ അടുത്തിടെ നടന്നുവരുന്ന പഴിചാരലുകളും കുറ്റപ്പെടുത്തലുകളും ഒരു നയതന്ത്രപ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നാണ് ഫീദെസ് റിപ്പോർട്ട് ചെയ്തത്.
സഹേൽ പ്രദേശത്തെ രാജ്യങ്ങളിലുള്ള തീവ്രവാദഗ്രൂപ്പുകളുമായി ഗൂഢാലോചന നടത്തുന്നുവെന്ന മാലിയുടെ ആരോപണം ഏപ്രിൽ 7 തിങ്കളാഴ്ച പുറത്തുവിട്ട ഒരു കുറിപ്പിലൂടെ അൾജീരിയ തള്ളികളഞ്ഞു. മാലിയിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുളവാക്കുന്ന അട്ടിമറിഗൂഢാലോചനകളുടെ പേരിൽ അവർ തങ്ങളുടെ രാജ്യത്തെ ബലിയാടാക്കാൻ ശ്രമിക്കുകയാണെന്ന് അൾജീരിയ പ്രസ്താവിച്ചു.
മാലിയുടെയും അൾജീരിയയുടെയും അതിർത്തി പ്രദേശങ്ങളിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഒരു ജിഹാദി ഗ്രൂപ്പിനെ തുരത്താനായി ശ്രമിച്ച മാലിയുടെ ഒരു ഡ്രോണിനെ അൾജീരിയയുടെ മിലിട്ടറി വെടിവെച്ചിട്ടതിനെത്തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ ശക്തമായത്.
സംഭവത്തെത്തുടർന്ന് മാലിയും, നൈജറും, ബുർകിന ഫസോയുമുൾപ്പെടുന്ന സഹേൽ രാജ്യങ്ങളും അൾജീരിയയിൽനിന്ന് തങ്ങളുടെ അംബാസഡർമാരെ തിരികെ വിളിച്ചിരുന്നു. ഇതേത്തുടർന്ന് അൾജീരിയയും ഇതേ നാണയത്തിൽ തിരിച്ചടിക്കുന്നതിന്റെ ഭാഗമായി, മാലിയിലും നൈജറിലുംനിന്ന് തങ്ങളുടെ അംബാസഡർമാരെ കൂടിയാലോചനകൾക്കായി തിരികെ വിളിക്കുകയും, ബുർകിന ഫസോയിലുള്ള അംബാസഡറുടെ നിയമനം തൽക്കാലത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു.
മാർച്ച് 31-നും ഏപ്രിൽ ഒന്നിനും ഇടയ്ക്കുള്ള രാത്രിയിൽ, തങ്ങളുടെ അതിർത്തിയിലൂടെ രണ്ടുവട്ടം പറന്നതിനെത്തുടർന്നാണ് മാലിയുടെ ഡ്രോൺ തങ്ങൾ വെടിവച്ചിട്ടതെന്ന് അൾജീരിയ പ്രസ്താവിച്ചു. ഇതാദ്യമായല്ല മാലിയുടെ ഡ്രോൺ തങ്ങളുടെ അതിർത്തിയിൽ പ്രവേശിക്കുന്നതെന്നും, കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ മൂന്ന് വട്ടം തങ്ങളുടെ അതിർത്തിക്കിപ്പുറം ഡ്രോൺ എത്തിയിട്ടുണ്ടെന്നും അൾജീരിയ കുറ്റപ്പെടുത്തി.
തീവ്രവാദികൾക്കെതിരെ ഫലപ്രദമായി പോരാടാൻ സാധിക്കാത്ത ഗൂഢാലോചനാസംഘം, അത് കൂലിപ്പടയാളികളെ ഏല്പിച്ചിരിക്കുകയാണെന്നും, ഇത്തരം കൂലിപ്പടയാളികൾ മൂലം ആഫ്രിക്ക അടുത്തിടെയായി ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിട്ടുണ്ടെന്നും, അൾജീരിയ തങ്ങളുടെ പ്രസ്താവനയിൽ എഴുതി. അൾജീരിയയും മോസ്കോയുമായി അടുത്ത സൈനികബന്ധമുണ്ടായിരിക്കെയാണ്, മാലിയിലെ റഷ്യൻ സൈനികരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് പരാമർശിക്കുന്ന തരത്തിൽ അൾജീരിയ ഇങ്ങനെ എഴുതിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: