MAP

യെമെനിൽനിന്നുള്ള ഒരു പഴയ ചിത്രം യെമെനിൽനിന്നുള്ള ഒരു പഴയ ചിത്രം  (ANSA)

പത്തുവർഷങ്ങൾക്കപ്പുറം നീണ്ട സംഘർഷങ്ങൾ യെമനിൽ കൊണ്ടുവന്നത് കടുത്ത മാനവികപ്രതിസന്ധി: യൂണിസെഫ്

ലോകത്തിലെതന്നെ കൂടുതൽ നാളുകൾ നീണ്ട മാനവികപ്രതിസന്ധികളിലൊന്നിലാണ് യെമെനിലെ ദശലക്ഷക്കണക്കിന് കുട്ടികളെന്നും, ലക്ഷക്കണക്കിന് കുട്ടികളും ഗർഭിണികളായ സ്ത്രീകളും കടുത്ത പോഷകാഹാരക്കുറവിന്റെ ഇരകളാണെന്നും യൂണിസെഫ്. ജനസംഖ്യയുടെ പകുതിയും മാനവികസഹായത്തിൽ ആശ്രയിച്ചാണ് അതിജീവിക്കുന്നത്. 2015-നെ അപേക്ഷിച്ച് ഭക്ഷണസാധനങ്ങളുടെ വില 300 ശതമാനം വർദ്ധിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ പത്ത് വർഷങ്ങൾ നീണ്ട സംഘർഷങ്ങൾ യെമെനിൽ കൊണ്ടുവന്നത് കടുത്ത മാനവികപ്രതിസന്ധിയാണെന്നും, ലോകത്തെ തന്നെ ഏറ്റവും ദീർഘമായ പ്രതിസന്ധികളിലൊന്നിലൂടെയാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് കുട്ടികൾ കടന്നുപോകുന്നതെന്നും യെമെനിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി പ്രതിനിധി പീറ്റർ ഹോക്കിൻസ് പ്രസ്താവിച്ചു. മാർച്ച് 25 ചൊവ്വാഴ്ച ജനീവയിൽ പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് യമൻ കടന്നുപോകുന്ന ദുരിതങ്ങളെക്കുറിച്ച് യൂണിസെഫ് പ്രതിനിധി പ്രസ്താവന നടത്തിയത്.

യെമെനിലെ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ പകുതിപ്പേരും കടുത്ത പോഷകാഹാരക്കുറവിന്റെ ഇരകളാണെന്നും, ഇവരിൽ അഞ്ചരലക്ഷത്തോളം കുട്ടികൾ (5.37.000) അതികഠിനമായ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നും ശിശുക്ഷേമനിധി പ്രതിനിധി അറിയിച്ചു. യമൻ കടന്നുപോകുന്ന ദുരിതാവസ്ഥ മനുഷ്യനിർമ്മിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

രാജ്യത്ത് ഗർഭിണികളും മുലയൂട്ടുന്നവരുമായ ഏതാണ്ട് പതിനാല് ലക്ഷം സ്ത്രീകളും പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും, രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികവും മറ്റുള്ളയിടങ്ങളിൽനിന്നെത്തുന്ന മാനവികസഹായം മൂലമാണ് അതിജീവിക്കുന്നതെന്നും ഐക്യരാഷ്ട്രസഭാസംഘടന അറിയിച്ചു.

രാജ്യത്ത് വലിയ വിലവർദ്ധനവാണുണ്ടായിരിക്കുന്നതെന്ന് പ്രസ്താവിച്ച പീറ്റർ ഹോക്കിൻസ് 2015-ൽ ഉണ്ടായിരുന്നതിന്റെ 300 ശതമാനം വിലവർദ്ധനവാണ് ഭക്ഷ്യസാധനങ്ങളുടെ വിലയിൽ ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കി.

രാജ്യത്തെ സംഘർഷങ്ങൾ കണക്കിലെടുത്ത്, സേവനസംവിധാനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമാണെങ്കിലും, നിലവിൽ തങ്ങൾ 3200 ആരോഗ്യപ്രസ്ഥാനങ്ങൾ വഴി ഏതാണ്ട് ആറുലക്ഷം കുട്ടികളെ സഹായിക്കുന്നുണ്ടെന്ന് യൂണിസെഫ് അറിയിച്ചു. രാജ്യത്ത് ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് മാനവികസഹായമെത്തിക്കാൻ വേണ്ട സംരക്ഷണവും സാമ്പത്തികസഹായവും കൂടുതലായി ആവശ്യമുണ്ടെന്നും, യെമെനിലെ കുട്ടികൾക്കും സമാധാനത്തോടെ ജീവിക്കാനാകണമെന്നും ശിശുക്ഷേമനിധി പ്രതിനിധി ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 മാർച്ച് 2025, 13:57