MAP

കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിലെ ഒരു ആശുപത്രിയിൽനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിലെ ഒരു ആശുപത്രിയിൽനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം  (ANSA)

കോംഗോ: മൂന്നരലക്ഷത്തിലധികം കുട്ടികൾക്ക് കുടിവെള്ളവും ശുചിത്വസൗകര്യങ്ങളുമെത്തിച്ച് യൂണിസെഫ്

സംഘർഷഭരിതമായ കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ മൂന്നരലക്ഷത്തിലധികം കുട്ടികൾക്ക് അനുദിനം ശുദ്ധജലവും, ശുചിത്വസൗകര്യങ്ങളുമെത്തിക്കാനാകുന്നുണ്ടെന്ന് ശിശുക്ഷേമനിധി. ജനുവരി അവസാനം വർദ്ധിച്ച സംഘർഷങ്ങൾ രാജ്യത്ത് ഏതാണ്ട് ഇരുപതുലക്ഷം ആളുകൾക്കുള്ള ശുദ്ധജലലഭ്യത ഇല്ലാതായിരുന്നു. കോംഗോയിൽ കഴിഞ്ഞ പത്തുവർഷങ്ങളിൽ അയ്യായിരത്തിയഞ്ഞൂറ് പേരാണ് കോളറ ബാധിച്ച് മരണമടഞ്ഞതെന്ന് മാർച്ച് അഞ്ചാം തീയതി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ യൂണിസെഫ് അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സായുധസംഘർഷങ്ങൾ തുടരുന്ന കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ മൂന്നുലക്ഷത്തി അറുപത്തിനാലായിരം കുട്ടികൾക്ക് ശുദ്ധജലവും, ശുചിത്വസൗകര്യങ്ങളുമെത്തിക്കാനാകുന്നുണ്ടെന്ന് ശിശുക്ഷേമനിധി. മാർച്ച് അഞ്ചാം തീയതി ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് കോംഗോയിലെ കുട്ടികൾക്കായി തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചത്.

യൂണിസെഫും മറ്റു സഹകാരിസംഘടനകളും ചേർന്ന് കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ ദിനം പ്രതി ഏഴുലക്ഷത്തോളം ആളുകൾക്ക് ശുദ്ധജലമെത്തിക്കുന്നുണ്ടെന്നും, ഇതിൽ മൂന്നരലക്ഷത്തിലധികവും കുട്ടികളാണെന്നും യൂണിസെഫ് വിശദീകരിച്ചു. കഴിഞ്ഞ മാസങ്ങളിൽ നടന്ന രൂക്ഷമായ പോരാട്ടങ്ങളിൽ, നിരവധി ജലലഭ്യതാസംവിധാനങ്ങൾ തകർക്കപ്പെട്ട, രാജ്യത്തിന്റെ കിഴക്കൻ പ്രദേശത്തുള്ള ഗോമയിലാണ് യൂണിസെഫ് പ്രധാനമായും തങ്ങളുടെ സേവനങ്ങൾ നൽകുന്നത്.

രാജ്യത്ത് കഴിഞ്ഞ ജനുവരി അവസാനത്തോടെ വർദ്ധിച്ചുവന്ന സംഘർഷങ്ങൾ മൂലം രണ്ടുലക്ഷത്തിലധികം ആളുകളാണ് സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായത്. ഇവർക്ക് ജല, ശുചിത്വ, വിദ്യുശ്ചക്തി സേവനങ്ങൾ ലഭ്യമായിരുന്നില്ല.

രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലെ കുട്ടികൾക്കിടയിൽ കോളറ, വസൂരി തുടങ്ങിയവ കൂടുതലായി പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നിലവിലെ ആരോഗ്യമേഖലയിലുള്ള പ്രതിസന്ധി പരിഹരിക്കാൻ വേണ്ട ശ്രമങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്ന് കോംഗോയിലേക്കുള്ള യൂണിസെഫ് താത്കാലിക പ്രതിനിധി ഷാൻ ഫ്രാൻസ്വാ ബാസ് (Jean Francois Basse) പ്രസ്താവിച്ചു.

രാജ്യത്തെ സുരക്ഷാസ്ഥിതി മോശമാണെങ്കിലും, സംഘർഷങ്ങളിൽ പരിക്കേറ്റ് ആശുപത്രികളിലായിരുന്ന മൂവായിരത്തിലധികം രോഗികൾക്കും മറ്റ് ആരോഗ്യകേന്ദ്രങ്ങളിലായിരുന്ന അൻപതിനായിരത്തോളം ആളുകൾക്കും ശുദ്ധജലവും മരുന്ന് കിറ്റുകളുമെത്തിക്കാനായെന്നും യൂണിസെഫ് അറിയിച്ചു.

കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് അയ്യായിരത്തിഅഞ്ഞൂറിലധികം ആളുകൾ കോളറ ബാധിച്ച് മരണമടഞ്ഞുവെന്നും, രാജ്യത്തെ നാൽപ്പത്തിമൂന്ന് ശതമാനം ആളുകൾക്ക് മാത്രമാണ് ജലസൗകര്യം ഉറപ്പുള്ളതെന്നും, പതിനഞ്ച് ശതമാനം ആളുകൾക്ക് മാത്രമാണ് അടിസ്ഥാനശുചിത്വസൗകര്യങ്ങൾ ലഭ്യമായിട്ടുള്ളതെന്നും യൂണിസെഫ് വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 മാർച്ച് 2025, 17:22