MAP

ബംഗ്ലാദേശിലെ ഒരു റോഹിങ്ക്യൻ ക്യാമ്പിൽനിന്നുള്ള ഫയൽ ചിത്രം ബംഗ്ലാദേശിലെ ഒരു റോഹിങ്ക്യൻ ക്യാമ്പിൽനിന്നുള്ള ഫയൽ ചിത്രം 

റോഹിങ്ക്യൻ അഭയാർത്ഥികുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന്റെ ഇരകൾ: യൂണിസെഫ്

ബംഗ്ലാദേശിലെ അഭയാർത്ഥിക്യാമ്പുകളിൽ കഴിയുന്ന വലിയൊരു വിഭാഗം കുട്ടികളും പോഷകാഹാരക്കുറവിന്റെ ഇരകളെന്ന് യൂണിസെഫ്. കോക്സ് ബസാർ അഭയാർത്ഥിക്യാമ്പിലെ പത്തുലക്ഷം ആളുകളിൽ അഞ്ചുലക്ഷവും കുട്ടികളാണ്. ഇവരിൽ പതിനഞ്ച് ശതമാനം കുട്ടികൾക്കും പോഷകാഹാരം ലഭിക്കുന്നില്ല. ബംഗ്ലാദേശിലെ റോഹിങ്ക്യ ക്യാമ്പുകളിൽ താമസിക്കുന്ന കുട്ടികളിൽ അതിരൂക്ഷമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നത് മൂലം അടിയന്തിര ചികിത്സ ആവശ്യമുള്ള കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ച് ഇരുപത്തിയേഴ് ശതമാനം വർദ്ധിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അഭയാർത്ഥിപ്രശ്‌നം രൂക്ഷമായ ബംഗ്ലാദേശിലെ റോഹിങ്ക്യൻ കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുവെന്നും, കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകൾ പ്രകാരം, പോഷകാഹാരക്കുറവിന്റെ നിലയിൽ ഏറ്റവും വർദ്ധിച്ച തോതാണ് 2025-ൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. മാർച്ച് പതിനൊന്നാം തീയതി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് ബംഗ്ലാദേശിൽ റോഹിങ്ക്യൻ കുട്ടികൾ കടന്നുപോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് യൂണിസെഫ് ബംഗ്ലാദേശ് പ്രതിനിധി റാണാ ഫ്ലവേഴ്‌സ് പ്രസ്താവന നടത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്ന കുട്ടികളുടെ എണ്ണത്തിൽ ഇരുപത്തിയേഴ് ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാർത്ഥിക്യാമ്പായ കോക്സ് ബസാർ അഭയാർത്ഥിക്യാമ്പിലുള്ള പത്ത് ലക്ഷം പേരിൽ അഞ്ചുലക്ഷവും കുട്ടികളാണെന്നും, അവരിൽ പതിനഞ്ച് ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നും, 2017-മുതൽ ഇതുവരെയുള്ള കാലയളവിൽ ഏറ്റവും വർദ്ധിച്ച തോതാണിതെന്നും ശിശുക്ഷേമനിധി പ്രതിനിധി പ്രസ്താവനയിൽ വെളിപ്പെടുത്തി.

കടുത്ത പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടിയ 12000 കുട്ടികൾക്ക് കഴിഞ്ഞ വർഷം ജീവൻ രക്ഷാമരുന്നുകൾ നൽകാനായെന്ന് യൂണിസെഫ് അറിയിച്ചു. മരുന്നുകൾ നൽകിയവരിൽ 92 ശതമാനം കുട്ടികളെയും രോഗസാധ്യതകളിൽനിന്ന് രക്ഷിക്കാനായെന്നും, ഇത്തരം ഇടപെടലുകളില്ലെങ്കിൽ പോഷകാഹാരക്കുറവ് മാരകമായ സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാമെന്നും യൂണിസെഫ് അറിയിച്ചു.

പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്ന കുട്ടികളുടെ എണ്ണം ജനുവരി മാസത്തിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ ഉണ്ടായതിനേക്കാൾ 25 ശതമാനം വർദ്ധിച്ചുവെന്നും, ഫെബ്രുവരിയിൽ ഇത് ഇരുപത്തിയേഴ് ശതമാനമായെന്നും യൂണിസെഫ് അറിയിച്ചു.

2025-ൽ മാത്രം റോഹിങ്ക്യൻ ക്യാമ്പുകളിൽ കഴിയുന്ന 14200 കുട്ടികളെങ്കിലും പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടിയേക്കാമെന്ന് യൂണിസെഫ് കണക്കുകൂട്ടുന്നു. അടിയന്തിരമായ ചികിത്സകൾ ലഭിച്ചില്ലെങ്കിൽ ഈ കുട്ടികൾക്ക് പോഷകാഹാരലഭ്യതയുള്ള കുട്ടികളെ അപേക്ഷിച്ച് പതിനൊന്ന് ശതമാനം മരണസാധ്യത കൂടുതലായേക്കുമെന്നും ഐക്യരാഷ്ട്രസഭാസംഘടന വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 മാർച്ച് 2025, 14:59