2023-ൽ 236 പേരെ മനുഷ്യക്കടത്തിൽനിന്ന് രക്ഷിക്കാനായി: സേവ് ദി ചിൽഡ്രൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
"അതിർത്തിപ്രദേശങ്ങളിൽ മനുഷ്യക്കടത്തിന് ഇരകളാകാൻ സാധ്യതയുള്ളവരെ മുൻകൂട്ടി തിരിച്ചറിയുകയും അവർക്ക് സംരക്ഷണമേകുകയും ചെയ്യുക" (Early identification and protection of Victims of trafficking in border Areas - E.V.A.) എന്ന പദ്ധതിയുടെ ഭാഗമായി, മനുഷ്യക്കടത്തിനെതിരെയുള്ള യൂറോപ്പിലെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ തങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന പുറത്തുവിട്ടു. മാർച്ച് 12 ബുധനാഴ്ച റോമിലെ സേവ് ദി ചിൽഡ്രൻ ആസ്ഥാനത്ത് വച്ചുനടന്ന ഈ പ്രത്യേക പരിപാടിയെക്കുറിച്ച് ഇതേ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് സംഘടന അറിയിച്ചത്.
ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളുടെ അതിർത്തികളിലെ പ്രവർത്തനങ്ങൾ വഴിയായി 2023-ൽ മാത്രം തങ്ങൾക്ക് 236 വ്യക്തികളെ, പ്രത്യേകിച്ച് കുട്ടികളുള്ള ചെറുപ്പക്കാരായ അമ്മമാരെ രക്ഷിക്കാനായെന്ന് സംഘടന അവകാശപ്പെട്ടു. ഇവരിൽ 86 പേരെ ഇറ്റലിയിലെ വെന്തിമീല്യ പ്രദേശത്തുനിന്നാണ് രക്ഷിക്കാനായത്. ഇതുകൂടാതെ, മൂന്ന് രാജ്യങ്ങളിലുമായി 156 പേരുടെ സംരക്ഷണത്തിനായി ശ്രമങ്ങൾ നടത്താനായെന്നും, ഇവരിൽ 61 പേർ ഇറ്റലിയിലായിരുന്നുവെന്നും, അവർക്കായി സുരക്ഷിതമായ ഇടങ്ങൾ ഒരുക്കാൻ സാധിച്ചുവെന്നും സേവ് ദി ചിൽഡ്രൻ അറിയിച്ചു.
ആളുകൾ മനുഷ്യക്കടത്തിന്റെ ഇരകളാകാനുള്ള സാദ്ധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ്, അതിന്റെ ഇരകളാകുന്നവരെ രക്ഷിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഇറ്റലിയിലെ വെന്തിമീല്യ പ്രദേശം ഉൾപ്പെടെ, ഫ്രാൻസിന്റെയും സ്പെയിനിന്റെയും അതിർത്തികളിൽ സേവ് ദി ചിൽഡ്രൻ പ്രവർത്തിച്ചുവരുന്നത്.
കടൽമാർഗം ഇറ്റലിയിലെത്തിയവരും, മറ്റു രാജ്യങ്ങളിൽനിന്ന് പുറന്തള്ളപ്പെട്ടവരുമായ ആളുകൾ ഫ്രാൻസിലേക്ക് കടക്കാൻ പരിശ്രമിക്കുന്നത് വെന്തിമീല്യ പ്രദേശത്തുകൂടിയാണ്. അതുകൊണ്ടുതന്നെ, ഏറെ പ്രയാസങ്ങളിലൂടെ കടന്നുപോയി ഇവിടെയെത്തുന്ന അഭയാർത്ഥികളും കുടിയേറ്റക്കാരും മനുഷ്യക്കടത്തിന്റെയും ചൂഷണങ്ങളുടെയും ഇരകളായി മാറാനുള്ള സാധ്യത കൂടുതലാണ്.
മനുഷ്യക്കടത്തിനെതിരെ സേവ് ദി ചിൽഡ്രൻ 2023 ഏപ്രിൽ മാസത്തിൽ ആരംഭിച്ച പദ്ധതി 2025 മാർച്ചിലാണ് അവസാനിച്ചത്. മറ്റ് ഏഴ് സംഘടനകൾ കൂടി ഈ പരിശ്രമത്തിൽ പങ്കാളികളായിരുന്നു. മനുഷ്യക്കടത്തിനെതിരെ സൗജന്യ ടെലിഫോൺ സൗകര്യവും ഇറ്റലിയിൽ ഒരുക്കിയിട്ടുണ്ട്.
2023-നെ അപേക്ഷിച്ച് 2024-ൽ വെന്തിമീല്യ പ്രദേശത്തുകൂടി കടന്നുപോയ കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും അവരിൽ 416 പേരെ പ്രത്യേക പരിശോധനകൾക്ക് വിധേയരാക്കിയെന്നും, അതിൽ 86 പേരെ മനുഷ്യക്കടത്തിന്റെ ഇരകളായിത്തീരാനുള്ള സാധ്യതയുള്ളവരായി കണ്ടെത്താനായെന്നും, അവരിൽ 61 പേർക്ക് സുരക്ഷിതത്വം നൽകാനായെന്നും സേവ് ദി ചിൽഡ്രൻ വ്യക്തമാക്കി. ഇവരിൽ ഭൂരിഭാഗവും, നൈജീരിയ, ഐവറി കോസ്റ്റ, എരിത്രയ, ഗ്വിനെയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: