പ്രതികാരദാഹിയായ മനുഷ്യനും കാരുണ്യവാനായ ദൈവവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
"ഗായകസംഘനേതാവിന് ദാവീദിന്റെ സങ്കീർത്തനം" എന്ന തലക്കെട്ടോടെയുള്ള നൂറ്റിയൊൻപതാം സങ്കീർത്തനം, ദുഷ്പ്രവർത്തിക്കാരായ മനുഷ്യർക്കെതിരെയുള്ള സുദീർഘവും തീവ്രവുമായ ഒരു വിലാപമാണ്. ഇസ്രായേൽ ജനതയുടെ നീതിബോധത്തോട് ചേർന്നുപോകുന്ന ചിന്തകളാണ് സങ്കീർത്തനം പങ്കുവയ്ക്കുന്നത്. തന്നെത്തന്നെ ദുഷ്ടരുടെ ഇരയായി കണക്കാക്കുന്ന സങ്കീർത്തകൻ, മറ്റുള്ളവരോട് കരുണ കാണിക്കാത്ത, നിസ്സഹായരെ ദ്രോഹിക്കുന്ന ദുഷ്ടരെ അവരുടെ പ്രവൃത്തികൾക്കൊത്ത് ശിക്ഷിക്കുന്ന ഒരു ദൈവമാണ് തങ്ങളുടേത് എന്ന ചിന്തയിൽ, ദുഷ്ടർക്കെതിരെ കഠിനമായ ശാപവാക്കുകളുയർത്തുകയും അവരുടെ നാശത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ദൈവം കാരുണ്യവാനാണ് എന്ന വിശ്വാസത്തിൽ ജീവിക്കുന്നവർക്ക് ഇടർച്ചയ്ക്ക് ഇടം നൽകുന്ന പ്രയോഗങ്ങൾ ഈ സങ്കീർത്തനത്തിൽ നമുക്ക് കാണാം. സമൂഹത്തിന് മുന്നിൽ വ്യാജം ആരോപിക്കപ്പെട്ട് നിന്ദിതനായി കഴിയേണ്ടിവരുന്ന ഒരുവന്റെ പ്രതികാരചിന്തകളാണ് ഇവിടെ "പ്രവർത്തിക്കൊത്ത പ്രതിഫലം", എന്ന തത്വം മുന്നിൽ വച്ച്, തിന്മ ചെയ്യുന്നവർക്ക് തിന്മ ലഭിക്കണമേയെന്ന പ്രാർത്ഥനയായി മാറുന്നത്. ദൈവത്തിന്റെ സ്നേഹിതനും, എന്നാൽ ദുഷ്ടന്റെ ഇരയുമായിരിക്കുന്ന സങ്കീർത്തകൻ, പീഡിതരും പാവപ്പെട്ടവരുമായ തന്റെ ജനത്തെ സംരക്ഷിക്കുന്ന ദൈവം തനിക്ക് നീതി നടത്തിത്തരുമെന്നും, അത് ദുഷ്ടരെ ശിക്ഷിക്കുന്നത് വഴിയാണെന്നും പ്രതീക്ഷിക്കുന്നു. തൊണ്ണൂറ്റിനാലാം സങ്കീർത്തനത്തോട് ചേർന്നുപോകുന്ന വിധത്തിൽ, മനുഷ്യരെ അവരുടെ പ്രവൃത്തികൾക്കൊത്ത് വിധിക്കുന്ന, പ്രതികാരേഛുവായ ഒരുവനെന്ന രീതിയിലാണ് നൂറ്റിയൊൻപതാം സങ്കീർത്തനവും ദൈവത്തെ വിഭാവനം ചെയ്യുന്നത്.
ദൈവത്തോടുള്ള വിലാപം
സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ അഞ്ചുവരെയുള്ള വാക്യങ്ങൾ ദൈവത്തോടുള്ള വിലാപത്തിന്റേതും ആവലാതിയുടേതുമാണ്. "ദൈവമേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു; അവിടുന്ന് മൗനമായിരിക്കരുതേ!" എന്ന ഒന്നാം വാക്യം മുതൽ, ദൈവത്തോട് ചേർന്നും, ദൈവത്തിൽ വിശ്വാസവും ശരണവുമർപ്പിച്ചും ജീവിക്കുന്ന താൻ നേരിടുന്ന പ്രതികൂലസാഹചര്യങ്ങളും, അനുഭവിക്കേണ്ടിവരുന്ന തിന്മകളും തന്റെ കർത്താവും ദൈവവുമായ യാഹ്‌വെയ്ക്ക് മുന്നിൽ അവതരിപ്പിക്കുന്ന വിശ്വാസിയെയാണ് ദാവീദിന്റെ വാക്കുകളിൽ നാം കാണുന്നത്. ദുഷ്ടതയും വഞ്ചനയും നിറഞ്ഞ വായ് തനിക്കെതിരെ വ്യാജം പറയുന്നുവെന്നും (സങ്കീ. 109, 2), വിദ്വേഷം നിറഞ്ഞ വാക്കുകൾകൊണ്ട് ദുഷ്ടർ തന്നെ വളഞ്ഞിരിക്കുന്നുവെന്നും, അകാരണമായി അവർ തന്നെ അക്രമിക്കുന്നുവെന്നും (സങ്കീ. 109, 3) ദാവീദ് ദൈവത്തോട് പരാതി പറയുന്നു. താൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോഴും, അവരെ സ്നേഹിക്കുമ്പോഴും അവർ തനിക്കെതിരെ കുറ്റാരോപണം നടത്തുകയും (സങ്കീ. 109, 4) നന്മയ്ക്ക് പകരം തിന്മയും, സ്നേഹത്തിന് പകരം വിദ്വേഷവും തരുന്നു (സങ്കീ. 109, 5). സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കും നന്മകൾ ചെയ്യുകയും അവരെ ചേർത്തുപിടിക്കുകയും ചെയ്തിട്ട്, തിന്മകൾ തിരിച്ചുകിട്ടുകയും അപഹാസ്യരായിത്തീരുകയും വേദനയനുഭവിക്കുകയും അവഗണിക്കപ്പെടുകയും ചെയ്യേണ്ടിവരുന്ന മനുഷ്യരുടെ മനോഭാവത്തോടെയാണ് സങ്കീർത്തകൻ ദൈവത്തിന് മുന്നിൽ നിൽക്കുന്നത്.
പ്രതികാരവും മാനുഷികചിന്തയും
സങ്കീർത്തനത്തിന്റെ ആദ്യ അഞ്ചുവാക്യങ്ങളിലും, ഇരുപത്തിയൊന്ന് മുതൽ മുപ്പത്തിയൊന്ന് വരെയുള്ള വാക്യങ്ങളിലും നിന്ന് തികച്ചും വ്യത്യസ്തമായ, മാനുഷികമായ പ്രതികാരചിന്തകളുടെയും വികാരങ്ങളുടെയും മാത്രം അടിസ്ഥാനത്തിൽ ചിലർക്കെങ്കിലും ന്യായമെന്ന് തോന്നിയേക്കാവുന്ന, ശത്രുക്കൾക്കെതിരെ ദൈവത്തോടുള്ള അപേക്ഷാഭാവത്തിലുള്ള, കഠിനവും തീവ്രവുമായ ശാപവചസ്സുകളാണ് സങ്കീർത്തനത്തിന്റെ ആറുമുതൽ ഇരുപത് വരെയുള്ള വാക്യങ്ങളിൽ നമുക്ക് കാണാനാകുന്നത്. പാവപ്പെട്ടവരും ദുരിതമനുഭവിക്കുന്നവരുമായ തന്റെ ഭക്തരുടെ ശത്രുക്കളെ കഠിനമായി ശിക്ഷിച്ചുകൊണ്ട് നീതി നടത്തുന്ന, പ്രതികാരദാഹിയും വിട്ടുവീഴ്ചയില്ലാത്തവനും വിധിയാളനുമായ ഒരു ദൈവത്തെക്കുറിച്ചുള്ള ചിന്തകളാണ് സങ്കീർത്തകൻ ഇസ്രയേലിന്റെ ദൈവസങ്കല്പമായി ഈ വാക്യങ്ങളിൽ വിവരിക്കുന്നത്.
ആറുമുതൽ പതിമൂന്നുവരെയുള്ള വാക്യങ്ങളിൽ, മനുഷ്യന്റെ പാപം അവനിൽത്തന്നെയും അവന്റെ കുടുംബത്തിലും ഏൽപ്പിക്കുന്ന ശിക്ഷകളെക്കുറിച്ചാണ് സങ്കീർത്തകൻ പറയുന്നത്. ആറാം വാക്യത്തിൽ കാണുന്ന, തിന്മ പ്രവർത്തിക്കുന്നവർക്കെതിരെ കുറ്റം ആരോപിക്കുന്നതിനായി നിയോഗിക്കപ്പെടുന്ന ദുഷ്ടനും നീചനും, ജോബിന്റെ പുസ്തകം ഒന്നും രണ്ടും അദ്ധ്യായങ്ങളിലും (ജോബ് 1-2), സഖറിയയുടെ പുസ്തകം മൂന്നാം അദ്ധ്യായത്തിലും (സഖറിയ 3, 1-3) കുറ്റം ആരോപിക്കുന്നവനായി അവതരിപ്പിക്കപ്പെടുന്ന സാത്താനാണെന്ന് വ്യഖ്യാനിക്കപ്പെടുന്നുണ്ട്. പാപത്തിന്റെ ഫലമായി ദുഷ്ടന്റെ സ്വന്തമായതെല്ലാം നഷ്ടമാകട്ടെയെന്നും, അവന്റെ കുടുംബം പോലും അനാഥമായിപ്പോകട്ടെയെന്നും, അവന്റെ പ്രവൃത്തികൾക്കനുസരിച്ച് അവന് പ്രതിഫലം ലഭിക്കട്ടെയെന്നും ആരും അവനോടോ അവന്റെ മക്കളോടോ കാരുണ്യമോ അലിവോ കാണിക്കാതിരിക്കട്ടെയെന്നും, അവന്റെ വംശം പോലും അറ്റുപോകട്ടെയെന്നും സങ്കീർത്തകൻ പ്രാർത്ഥിക്കുന്നു.
കരുണ കാട്ടാതെ, ദരിദ്രരെയും അഗതികളെയും ഹൃദയം തകർന്നവരെയും ഉപദ്രവിച്ച ദുഷ്ടന്റെ ശരീരത്തിലും മനസ്സിലും, അവന്റെ മാതാപിതാക്കളിലേക്കും, മുൻ തലമുറകളിലേക്കും പോലും, ദൈവകോപത്തിന്റെ ഫലങ്ങൾ ഉണ്ടാകട്ടെയെന്ന വൈരാഗ്യചിന്തയാണ് പതിനാല് മുതലുള്ള വാക്യങ്ങളിൽ നമുക്ക് കാണാൻ സാധിക്കുക. ദുഷ്ടന്റെ ഇരയായി തന്നെത്തന്നെ കാണുന്ന സങ്കീർത്തകൻ, ആറ് മുതൽ പത്തൊൻപത് വരെയുള്ള വാക്യങ്ങളിൽ വിവരിക്കുന്ന ശിക്ഷകളും ശാപവുമാണ്, തനിക്കെതിരെ തിന്മ സംസാരിക്കുകയും കുറ്റം ആരോപിക്കുകയും ചെയ്യുന്നവർക്ക് കർത്താവിൽനിന്ന് പ്രതിഫലമായി ആശംസിക്കുന്നത്.
വേദനയിലും തകർച്ചയിലും നഷ്ടപ്പെടാത്ത ദൈവാശ്രയബോധം
സങ്കീർത്തനത്തിന്റെ ആദ്യ അഞ്ചുവാക്യങ്ങൾ പോലെ, തകർച്ചകളുടെയും ദുരിതങ്ങളുടെയും പീഡനങ്ങളുടെയും മുന്നിലും യാഹ്‌വെയിലുള്ള ശരണവും വിശ്വാസവും കൈവിടാത്ത സങ്കീർത്തകന്റെ പരിവേദനങ്ങളും പ്രാർത്ഥനയുമാണ് ഇരുപത്തിയൊന്ന് മുതലുള്ള വാക്യങ്ങളിൽ നമുക്ക് കാണാനാകുന്നത്. തനിക്കെതിരെ പ്രവർത്തിച്ചവർക്ക്, തിന്മയ്ക്ക് പകരം ശിക്ഷയെന്ന തത്വത്തിൽ അടിസ്ഥാനമിട്ട്, ഇതുവരെ ദൈവത്തിന്റെ പ്രതികാരത്തിനായി പ്രാർത്ഥിച്ച സങ്കീർത്തകൻ പക്ഷെ ഇവിടെ കുറേക്കൂടി വിവേകപൂർവ്വവും സന്തുലിതവുമായ മനോഭാവത്തിലേക്ക് കടന്നുവരുന്നത് നമുക്ക് തിരിച്ചറിയാനാകും. താൻ കടന്നുപോകുന്ന ദുരിതങ്ങളും ദുഃഖങ്ങളും ദൈവത്തിന് മുന്നിൽ വിവരിക്കുന്ന ദാവീദ് പക്ഷെ, ദൈവത്തിന്റെ കാരുണ്യത്തിനൊത്തവിധം തന്നെ രക്ഷിക്കണമേയെന്ന് അപേക്ഷിക്കുന്നു (സങ്കീ. 109, 26). വിധിയും ശിക്ഷയും ദൈവത്തിന് വിട്ടുകൊടുക്കുവാനുള്ള മനോഭാവത്തിലേക്ക് വളരുന്ന, മറ്റുള്ളവരുടെ അപഹാസങ്ങളും തിന്മകളും ശാപങ്ങളും അനുഭവിക്കേണ്ടിവരുമ്പോഴും ദൈവത്തിന്റെ കരുതലും അനുഗ്രഹവുമുണ്ടെങ്കിൽ തനിക്കതുമതിയെന്ന തിരിച്ചറിവിലേക്കെത്തുന്ന സങ്കീർത്തകനെയാണ് ഇവിടെ നാം കാണുന്നത്. ഏതൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടിവന്നാലും, തന്റെ അധരങ്ങൾ കർത്താവിന് കൃതജ്ഞതയർപ്പിക്കുമെന്നും, ജനക്കൂട്ടത്തിന് നടുവിൽ താൻ കർത്താവിനെ പ്രകീർത്തിക്കുമെന്നും പ്രസ്താവിക്കുന്ന സങ്കീർത്തകൻ, "മരണശിക്ഷയ്ക്ക് വിധിക്കുന്നവരിൽ നിന്ന് രക്ഷിക്കാൻ അഗതിയുടെ വലത്തുവശത്ത്, അവിടുന്ന് നിൽക്കും" (സങ്കീ. 109, 31) എന്ന് യാഹ്‌വെയിലുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടാണ് സങ്കീർത്തനം അവസാനിപ്പിക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
നൂറ്റിയൊൻപതാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ചില വീണ്ടുവിചാരങ്ങളിലേക്കും തിരിച്ചറിവുകളിലേക്കുമാണ് ദാവീദിന്റെ വാക്കുകൾ നമ്മെ ക്ഷണിക്കുന്നതെന്ന് മനസ്സിലാക്കാം. അപരനോടുള്ള നമ്മുടെ മനോഭാവവും പ്രവൃത്തികളും എപ്രകാരമുള്ളവയെന്ന് പരിശോധിക്കാം. കാരുണ്യവാനായ ദൈവത്തോട് ചേർന്നുള്ള നമ്മുടെ ജീവിതം നമ്മെ ദൈവികമനോഭാവത്തിൽ വളർത്തുന്നുണ്ടോയെന്ന് സ്വയം വിലയിരുത്താം. ഹൃദയകാഠിന്യവും, അനീതിയും, തിന്മകളും, വെറുപ്പും, അഹന്തയും, അവഗണനയും ഒഴിവാക്കി, ദൈവത്തിനും മനുഷ്യർക്കും സ്വീകാര്യരായി മാറാം. മറ്റുള്ളവരെ വെറുക്കുകയും, അവർക്കെതിരെ പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതിന് പകരം, പ്രതികാരവും ശിക്ഷകളും ദൈവത്തിന് വിട്ടുകൊടുക്കാനും, ശത്രുക്കളെ സ്നേഹിക്കാനും, തിന്മയ്ക്ക് പകരം നന്മ ചെയ്യാനും, ദൈവികമായ മനോഭാവം സ്വന്തമാക്കാനും പരിശ്രമിക്കാം. ദുഷ്ടൻറെയും പാപിയുടെയും മരണമല്ല, പരിവർത്തനത്തിലൂടെ നീതിയിലേക്കും ജീവനിലേക്കുമുള്ള തിരിച്ചുവരവാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് (എസക്കിയേൽ 3, 21-23) മനസ്സിലാക്കാം. കരുണയോടെ സ്നേഹിക്കുന്ന ദൈവത്തിന്റെ മക്കളാണ് നാമെന്ന തിരിച്ചറിവും, അതനുസരിച്ച ജീവിതവും സ്വന്തമാക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: