സ്ത്രീസമത്വത്തിനു ദാരിദ്ര്യനിർമ്മാർജ്ജനം ആവശ്യമാണ്. പ്രൊഫ. ഗബ്രിയേല ഗംബിനോ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചു ചർച്ചകൾ നടത്തുന്ന ഐക്യരാഷ്ട്രസഭ കമ്മീഷന്റെ 69-ാമത് വാർഷിക സമ്മേളനം 2025 മാർച്ച് 10 മുതൽ 21 വരെ ന്യൂയോർക്കിൽ വച്ച് നടക്കുന്നു. തദവസരത്തിൽ, മാർച്ചുമാസം പതിമൂന്നാം തീയതി വ്യാഴാഴ്ച്ച, വത്തിക്കാനിലെ അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ ഉപകാര്യദർശിയും, പരിശുദ്ധ സിംഹാസന പ്രതിനിധി സംഘത്തിന്റെ നേതാവുമായ പ്രൊഫ. ഗബ്രിയേല ഗംബിനോ, ആധുനികയുഗത്തിൽ സ്ത്രീകളുടെ പങ്കിനെ എടുത്തുപറഞ്ഞുകൊണ്ട് പ്രസ്താവന നടത്തി. സ്ത്രീകൾക്കായുള്ള നാലാം ലോക സമ്മേളനത്തിന്റെയും അതിന്റെ ഫലമായ ബീജിംഗ് പ്രഖ്യാപനത്തിന്റെയും പ്രവർത്തന വേദിയുടെയും മുപ്പതാം വാർഷികത്തോടനുബന്ധിച്ചാണ് ന്യുയോർക്കിൽ സമ്മേളനം നടക്കുന്നത്.
മനുഷ്യ വ്യക്തിയുടെ പ്രാഥമികതയ്ക്കും, മനുഷ്യാവകാശ സംരക്ഷണത്തിനും ഓരോ സ്ത്രീയുടെയും, പുരുഷന്റെയും തുല്യ അന്തസ്സിനെ ബഹുമാനിക്കണമെന്നു പ്രൊഫ. ഗബ്രിയേല പറഞ്ഞു. എന്നാൽ സമത്വമെന്നാൽ, അന്തസ്സിനെ അംഗീകരിക്കുക മാത്രമല്ല, മറിച്ച് അവർക്ക് തുല്യ അവസരങ്ങൾ ആസ്വദിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നതും ഏറെ പ്രധാനപ്പെട്ടതാണെന്നും പ്രസ്താവനയിൽ പറയുന്നു. സ്ത്രീസമത്വം ഉറപ്പുവരുത്തുന്നതിന് അടിസ്ഥാനമായി ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യേണ്ടത് ഏറെ ആവശ്യമാണെന്നും പ്രസ്താവനയിൽ അടിവരയിട്ടു പറഞ്ഞു. ദാരിദ്ര്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയായതിനാൽ അത് സ്ത്രീകളുടെ അന്തസ്സിനെ ദുർബലപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി.
ദാരിദ്യ്രനിർമ്മാർജനമെന്ന ലക്‌ഷ്യം സാക്ഷാത്ക്കരിക്കുന്നതിനും, സമത്വം, വികസനം, സമാധാനം എന്നിവ കൈവരിക്കുന്നതിനും വിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിയണമെന്നും പ്രസ്താവനയിൽ പറഞ്ഞു. സമൂഹത്തിന്റെ അടിസ്ഥാന ഐക്യമായ കുടുംബത്തിൽ സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്കിനെ വീണ്ടും ഊന്നിപ്പറഞ്ഞുകൊണ്ട്, കുടുംബത്തെയും മാതൃത്വത്തെയും സംബന്ധിച്ച് ഒരു സാംസ്കാരിക മാറ്റം കൊണ്ടുവരുന്നതിനുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രാധാന്യവും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: