MAP

കർദിനാൾ ക്ലൗദിയോ ഗുജരോത്തി സിറിയയിൽ സന്ദർശനം നടത്തുന്നു കർദിനാൾ ക്ലൗദിയോ ഗുജരോത്തി സിറിയയിൽ സന്ദർശനം നടത്തുന്നു  

സമാധാനപ്രവർത്തനങ്ങളുമായി കാരിത്താസ് സംഘടന

വർഷങ്ങളായി സിറിയയിൽ നിലനിൽക്കുന്ന യുദ്ധ സാഹചര്യങ്ങൾ കണക്കിലെടുത്ത്, കാരിത്താസ് സംഘടന സമാധാനപൂർണ്ണമായ ഒരു ഭാവി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സമാധാന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. പീസ്‌മെഡ്‌ (peacemed) എന്നാണ് പ്രവർത്തനങ്ങൾക്ക് നൽകിയിരിക്കുന്ന പേര്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

2011 മാർച്ചുമാസം പതിനഞ്ചാം തീയതി സിറിയയിൽ ആരംഭിച്ച യുദ്ധം പതിനാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, സമാധാനപൂർണമായ ഒരു ഭാവിക്കുവേണ്ടി കൈകോർക്കുവാൻ ആഹ്വാനംചെയ്തു കാരിത്താസ് സംഘടന മുൻപോട്ടു വന്നു. പീസ്‌മെഡ്‌ (peacemed) എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിക്ക് എല്ലാവരുടെയും സഹകരണവും സംഘടനാ അഭ്യർത്ഥിക്കുന്നു.

ഇക്കഴിഞ്ഞ പതിനാലുവർഷങ്ങൾക്കൊണ്ട്, രാജ്യം മുഴുവൻ കടുത്ത  മാനുഷിക പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ എടുത്തു പറയുന്നു. ഇറ്റാലിയൻ കാരിത്താസ് സംഘടനയാണ് സിറിയയിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നത്.

സംഘർഷങ്ങളിൽ ഇതിനോടകം ആറുലക്ഷത്തി മുപ്പത്തിയെണ്ണായിരം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ന് 6.5 ദശലക്ഷം ആളുകൾക്ക് മാനുഷിക സഹായം ആവശ്യമെന്നും വിലയിരുത്തപ്പെടുന്നു. 2023 ഫെബ്രുവരിയിലെ  സാമ്പത്തിക പ്രതിസന്ധിയും വിനാശകരമായ ഭൂകമ്പവും കാരണം സ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു.

2024 ഡിസംബറിൽ   ബാഷർ അൽ-അസദിന്റെ സ്ഥാനഭ്രഷ്ടനാക്കൽ ഒരു വഴിത്തിരിവായി വിലയിരുത്തപ്പെട്ടുവെങ്കിലും, അൽ-ഖ്വയ്ദയുടെ ഒരു ശാഖയിൽ നിന്ന് ഉത്ഭവിച്ച ജിഹാദിസ്റ്റ് സംഘം നേതൃത്വം കൊടുക്കുന്ന പുതിയ സർക്കാരിന്റെ കീഴിലും നിരവധി അക്രമങ്ങളാണ് രാജ്യത്ത് ഉടലെടുക്കുന്നത്. ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ (എച്ച്ടിഎസ്) തലവനായ അഹമ്മദ് അൽ-ഷറയാണ് രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുത്തത്.

ഈ സാഹചര്യത്തിൽ സമാധാനവും ശാന്തിയും ഉറപ്പുവരുത്തുന്നതിനും, സാധാരണക്കാരുടെ ജീവിതം മുൻപോട്ടുകൊണ്ടുപോകുന്നതിനും സംഘടന ശ്രമകരമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പീസ്‌മെഡ്‌ (peacemed) എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിക്ക് ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയമാണ് ധനസഹായം നൽകുന്നത്. സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി മെഡിറ്ററേനിയൻ, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ 19 രാജ്യങ്ങളെ ഇതിൽ ഉൾപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 മാർച്ച് 2025, 09:37