വെസ്റ്റ് ബാങ്കിൽ 13 പാലസ്തീൻ കുട്ടികൾകൂടി കൊല്ലപ്പെട്ടു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പാലസ്തീൻ-ഇസ്രായേൽ യുദ്ധമേഖലയിൽ വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ മാത്രം വെസ്റ്ബാങ്കിൽ പതിമൂന്ന് കുട്ടികൾ കൊല്ലപ്പെട്ടുവെന്നും, പ്രദേശത്ത് സംഘർഷങ്ങൾ അവസാനിച്ചിട്ടില്ലെന്നും ഫെബ്രുവരി പന്ത്രണ്ടിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ മദ്ധ്യപൂർവ്വദേശങ്ങളിലേക്കും വടക്കൻ ആഫ്രിക്കയിലേക്കുമുള്ള യൂണിസെഫ് പ്രാദേശികവിഭാഗം ഡയറക്ടർ എഡ്‌വാർഡ് ബീഗ്ബെഡർ അറിയിച്ചു.
2025 ആരംഭം മുതൽ ഇതുവരെ കൊല്ലപ്പെട്ട പതിമൂന്നിൽ ഏഴ് കുട്ടികൾ വെസ്റ്റ് ബാങ്കിന്റെ വടക്കു ഭാഗത്ത് ജനുവരി 19-നുണ്ടായ ആക്രമണത്തിലാണ് ഇരകളായത്. ഇതിൽ രണ്ടരവയസുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു. ഈ കുട്ടിയുടെ ഗർഭിണിയായ അമ്മയ്ക്ക് വെടിവയ്പ്പിൽ പരിക്കേറ്റിരുന്നു.
ഫെബ്രുവരി ഏഴിനുണ്ടായ ആക്രമണത്തിൽ വെടിയേറ്റതിനെത്തുടർന്ന് പത്തുവയസ്സുള്ള ഒരു കുട്ടി മരിച്ചിരുന്നു. ഫെബ്രുവരി ഒൻപതിന് നൂർ ഷംസ് ക്യാമ്പിലുണ്ടായ മറ്റൊരു ആക്രമണത്തിൽ എട്ട് മാസം ഗർഭിണിയായ ഒരു സ്ത്രീയും ഗർഭസ്ഥശിശുവും കൊല്ലപ്പെട്ടിരുന്നു.
2023 ഒക്ടോബർ ഏഴ് മുതൽ ഇതുവരെയുള്ള കാലയളവിൽ വടക്കൻ ജെറുസലേം ഉൾപ്പെടെ വെസ്റ്റ് ബാങ്കിൽ 195 പാലസ്തീൻ കുട്ടികളും 3 ഇസ്രായേലി കുട്ടികളും കൊല്ലപ്പെട്ടതായും, കഴിഞ്ഞ പതിനാറ് മാസങ്ങളിൽ പ്രദേശത്ത് കൊല്ലപ്പെടുന്ന പാലസ്തീൻ കുട്ടികളുടെ എണ്ണം 200 ശതമാനം വർദ്ധിച്ചുവെന്നും യൂണിസെഫ് അറിയിച്ചു.
വെസ്റ്റ് ബാങ്കിൽ, പ്രത്യേകിച്ച് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളും കുടുംബങ്ങളും വലിയതോതിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നതെന്നും, തുടർച്ചയായുള്ള ആക്രമണങ്ങൾ മൂലം ആയിരക്കണക്കിന് കുടുംബങ്ങൾ കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുകയാണെന്നും യൂണിസെഫ് അപലപിച്ചു. സ്‌ഫോടകവസ്തുക്കളുപയോഗിച്ചുള്ള ആക്രമണങ്ങളും വ്യോമാക്രമണങ്ങളും മൂലം അടിസ്ഥാനസൗകര്യങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും, പ്രദേശത്ത്, ജല-വൈദ്യുതലഭ്യത തടസ്സപ്പെട്ടുവെന്നും ശിശുക്ഷേമനിധി ഡയറക്ടർ അറിയിച്ചു.
പ്രദേശത്തെ നൂറോളം സ്‌കൂളുകളിൽ വിദ്യാഭ്യാസം തടസ്സപ്പെട്ടുവെന്നും, പ്രദേശത്ത് അരക്ഷിതാവസ്ഥ തുടരുന്നതുമൂലം വിദ്യാർത്ഥികളും അധ്യാപകരും മാനസികസമ്മർദ്ധത്തിലാണെന്നും അറിയിച്ച യൂണിസെഫ്, കുട്ടികൾക്കും സാധാരണക്കാർക്കുമെതിരെയുള്ള ആക്രമണങ്ങളെ അപലപിക്കുകയും വെസ്റ്ബാങ്കിലെ എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വെസ്റ്റ് ബാങ്കുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുട്ടികൾക്ക് സുരക്ഷിതവും സമാധാനപരവുമായ ജീവിതം ഉറപ്പാക്കാനായി, പ്രദേശത്തെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയോടെ, നിലനിൽക്കുന്ന രാഷ്ട്രീയപരിഹാരം കണ്ടെത്തണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: