ഗാസ നിവാസികളെ ഒഴിപ്പിക്കൽ നീക്കം അധാർമ്മികം,യഹൂദ റബ്ബിമാർ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഗാസമുനമ്പിൽ നിന്ന് പലസ്തീൻ ജനതയെ മറ്റിടങ്ങളിലേക്കു മാറ്റിപാർപ്പിക്കണമെന്ന അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ നിർദ്ദേശം അധാർമ്മികവും ജനീവാ പ്രഖ്യാപനത്തിനു വിരുദ്ധവും ആണെന്ന് വടക്കെ അമേരിക്കയിലെ 350-ൽപ്പരം യഹൂദ റബ്ബിമാരും സാംസ്കാരിക പ്രവർത്തകരും പറയുന്നു.
യുദ്ധത്തിൻറെ ക്രൂരമായ നടപടികൾക്കെതിരായുള്ള മാനവികനടപടി വ്യവസ്ഥകളടങ്ങുന്ന ജനീവ പ്രഖ്യാപനത്തിൻറെ ലംഘനമായ കുടിയൊഴിപ്പിക്കൽ നിർദ്ദേശത്തെ അതിശക്തം അപലപിച്ചുകൊണ്ടു ഒപ്പിട്ടു പുറപ്പെടുവിച്ച് ന്യുയോർ ടൈംസിൽ പ്രസിദ്ധികരിച്ച ഒരു പ്രസ്താവനയിലാണ് ഇവരുടെ ഈ പ്രതികരണം ഉള്ളത്. പലസ്തീൻ ജനതയെ ഇല്ലായ്മ ചെയ്യൽ, വംശീയ ഉന്മൂലനം അനുവദിക്കാനാവില്ലെന്ന് അവർ പറയുന്നു.
ഇസ്രായേൽ-ഹമാസ് സംഘർഷത്തെ അതീജീവിച്ച 20 ലക്ഷത്തോളം ആൾക്കാരെയാണ് ഈജിപ്റ്റ്, ജോർദ്ദാൻ തുടങ്ങിയ നാടുകളിലേക്കു മാറ്റാൻ ട്രംപ് നിർദ്ദേശിച്ചത്. അങ്ങനെ ആളൊഴിഞ്ഞ ഗാസാ മുനമ്പ് വിനോദസഞ്ചാരികളുടെ ഒരു പറുദീസയാക്കി മാറ്റുകയാണ് ട്രംപിൻറെ ലക്ഷ്യം.
1948-ലെ നഖ്ബ സംഭവത്തിൻറെ, അതായത്, പലസ്തീൻ യുദ്ധത്തിൻറെയും അറബ് ഇസ്രായേൽ സംഘർഷത്തിൻറെയും വേളയിൽ 7 ലക്ഷത്തോളം പലസ്തീൻകാർ പുറത്താക്കപ്പെടുകയൊ പലായനം ചെയ്യുകയൊ ചെയ്തതിൻറെ ആവർത്തനമായി ഭവിക്കുന്നതാണ് ട്രംപിൻറെ നിർദ്ദേശമെന്ന് മാസച്ചുസെറ്റ്സിലെ പ്രായംചെന്ന റബ്ബി തോബിയ സ്പിറ്റ്സെർ പ്രതികരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: