MAP

പാലസ്തീന പ്രദേശത്തെ ഒരു കുട്ടിക്ക് പോളിയോ പ്രതിരോധമരുന്ന് നൽകുന്നു പാലസ്തീന പ്രദേശത്തെ ഒരു കുട്ടിക്ക് പോളിയോ പ്രതിരോധമരുന്ന് നൽകുന്നു  (AFP or licensors)

ഗാസാ പ്രദേശത്ത് ആറുലക്ഷത്തോളം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകി യൂണിസെഫ്

കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നതുപോലെ, ഗാസാ പ്രദേശത്തെ 5.86.000 കുട്ടികൾക്ക് പോളിയോ പ്രതിരോധമരുന്ന് നൽകാനായെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് ഫെബ്രുവരി 26 ബുധനാഴ്ച എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസാ പ്രദേശത്തെ ആറുലക്ഷത്തിനടുത്ത് കുട്ടികൾക്ക് പോളിയോ പ്രതിരോധമരുന്ന് നൽകാനായെന്നും, തങ്ങളുടെ ലക്ഷ്യത്തിന്റെ 99 ശതമാനവും ഇതുവഴി നേടാനായെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സാമൂഹ്യമാധ്യമമായ എക്‌സിൽ ഫെബ്രുവരി 26 ബുധനാഴ്ച കുറിച്ച സന്ദേശത്തിലൂടെയാണ് യൂണിസെഫ്, ഗാസാ പ്രദേശത്തെ കുട്ടികളുടെ ആരോഗ്യരംഗത്ത് മുതൽക്കൂട്ടാകുന്ന ഈയൊരു നേട്ടത്തെക്കുറിച്ച് അറിയിച്ചത്.

കഴിഞ്ഞ നാല് ദിവസങ്ങൾ കൊണ്ട് ഇത്തരമൊരു നേട്ടം കൊയ്യാനായത്, യൂണിസെഫ് ടീമിന്റെയും, പാലസ്തീനയിലെ ആരോഗ്യമന്ത്രാലയത്തിന്റെയും, അതോടൊപ്പം ലോകാരോഗ്യസംഘടനയുടെയും അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ വിഭാഗത്തിന്റെയും ഒരുമിച്ചുള്ള പ്രവർത്തനം കൊണ്ടാണെന്ന് യൂണിസെഫ് വിശദീകരിച്ചു.

2024 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായി ഗാസാ പ്രദേശത്തെ 95 ശതമാനം കുട്ടികൾക്കും ആദ്യ രണ്ട് ഡോസ് പോളിയോ പ്രതിരോധമരുന്നുകൾ നല്കിയതിനെക്കുറിച്ച് അറിയിച്ചിരുന്ന യൂണിസെഫ്, ഫെബ്രുവരി 19-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ, ഫെബ്രുവരി 22 മുതൽ 26 വരെ തീയതികളിലായി ഗാസാ പ്രദേശത്തെ പത്തുവയസ്സിൽ താഴെയുള്ള ആറുലക്ഷത്തോളം (5.91.000) കുട്ടികൾക്ക് പ്രതിരോധമരുന്നുകൾ ലഭ്യമാക്കാനുള്ള തങ്ങളുടെ പദ്ധതിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

ഗാസായുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ ജലപരിശോധനയിൽ പോളിയോ വൈറസ് പകർച്ച തുടരുന്നതിനെക്കുറിച്ച് വ്യക്തമായതിനാലും, പ്രദേശത്ത് വെടിനിറുത്തൽ പ്രഖ്യാപനം നിലനിൽക്കുന്നതിനാലുമാണ് ഇത്തരമൊരു ശ്രമത്തിന് യൂണിസെഫ് തയ്യാറായത്.

ഈ ദിവസങ്ങളിലെ ശ്രമങ്ങൾ കൊണ്ട്, തങ്ങളുടെ ഉദ്ദേശ്യലക്ഷ്യത്തിന്റെ 99 ശതമാനവും നേടാനായെന്ന് യൂണിസെഫ് അറിയിച്ചു. കുട്ടികളുടെ ആരോഗ്യവും ജീവനും പരിരക്ഷിക്കാനായും, പോളിയോ ബാധ തടയാനായുമുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും യൂണിസെഫ് വ്യക്തമാക്കി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഫെബ്രുവരി 2025, 15:51