MAP

അന്തരീക്ഷ മലിനീകരണത്തിൻറെ ഒരു ദൃശ്യം അന്തരീക്ഷ മലിനീകരണത്തിൻറെ ഒരു ദൃശ്യം  (AFP or licensors)

കാലാവസ്ഥപ്രതിസന്ധി അനുദിനം നൂറിലേറെ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്നു!

ലോകത്ത്, അനാരോഗ്യകരമായ തോതിലുള്ള അന്തരീക്ഷമലിനീകരണമുള്ളിടങ്ങളിൽ ജീവിക്കുന്ന കുട്ടികളുടെ സംഖ്യ 50 കോടിവരുമെന്നും യുണിസെഫ് .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കാലാവസ്ഥ പ്രതിസന്ധി മൂലം, അനുദിനം, 5 വയസ്സിൽ താഴെ പ്രായമുള്ള നൂറിലേറെ കുട്ടികൾ മരണമടയുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF) വെളിപ്പെടുത്തുന്നു.

കിഴക്കെ ഏഷ്യയിലും പസഫിക് പ്രദേശങ്ങളിലുമാണ് മലിനീകരണവുമായി ബന്ധപ്പെട്ട ഈ മരണങ്ങളിലേറെയുമെന്ന് ഈ സംഘടന വ്യക്തമാക്കുന്നു. അനാരോഗ്യകരമായ തോതിലുള്ള അന്തരീക്ഷമലിനീകരണമുള്ളിടങ്ങളിൽ ജീവിക്കുന്ന കുട്ടികളുടെ സംഖ്യ 50 കോടിവരുമെന്നും യുണിസെഫ് പറയുന്നു.

ശാരീരകവും ബുദ്ധിപരവുമായ വളർച്ചയെ അപകടപ്പെടുത്തുകയും ശ്വാസകോശത്തിന് ഹാനിവരുത്തുകയും ചെയ്യുന്നതരത്തിലുള്ള വായുവാണ് കുഞ്ഞുങ്ങൾ ശ്വസിക്കുന്നതെന്ന് പൂർവ്വേഷ്യ-പസഫിക് പ്രദേശത്തെ യുണിസെഫിൻറെ ചുമതലയുള്ള ജൂൺ കുനുജി പറഞ്ഞു. അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ കുഞ്ഞുങ്ങൾക്ക് അന്തരീക്ഷമലിനീകരണത്തിൻറെ ദോഷഫലം ഉണ്ടാകുന്നുണ്ടെന്നും അത് മാസം തികയാതെയുള്ള ജനനത്തിനും ഭാരക്കുറവിനും മറ്റും കാരണമാകുന്നുവെന്നും കുനുജി വെളിപ്പെടുത്തി.

അന്തരീക്ഷമലിനീകരണത്തിനെതിരെ നടപടികൾ സ്വീകരിക്കുന്നതിനായി പരിശ്രമിക്കാൻ യുണിസെഫ് എല്ലാവരോടും,  സർക്കാരുകളോടും വ്യവസായ സംരംഭകരോടും ആരോഗ്യപ്രവർത്തകരോടും മാതാപിതാക്കളോടും അദ്ധ്യാപകരോടും അഭ്യർത്ഥിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ഫെബ്രുവരി 2025, 12:13