MAP

സങ്കീർത്തനചിന്തകൾ - 107 സങ്കീർത്തനചിന്തകൾ - 107 

അതിരുകളില്ലാത്ത ദൈവസ്നേഹത്തിന് നന്ദി പറയുക

വചനവീഥി: നൂറ്റിയേഴാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - നൂറ്റിയേഴാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രവാസാനന്തരകാലത്ത് രൂപപ്പെട്ടതെന്ന് കരുതപ്പെടുന്ന നൂറ്റിയേഴാം സങ്കീർത്തനം, ഇസ്രായേൽ ജനത്തെ തങ്ങളുടെ രക്ഷാകരചരിത്രവുമായി ബന്ധപ്പെട്ട വസ്തുതകൾ ഓർമ്മപ്പെടുത്തി കർത്താവിന് കൃതജ്ഞതയേകാൻ ആഹ്വാനം ചെയ്യുന്ന, സ്തുതികീർത്തനങ്ങളുടെ ഗണത്തിൽപ്പെട്ട ഒരു സങ്കീർത്തനമാണ്. സങ്കീർത്തനത്തിന്റെ ഒന്നുമുതൽ മുപ്പത്തിരണ്ടുവരേയുള്ള ഭാഗം കൃതജ്ഞതയ്ക്കുള്ള ആഹ്വാനമായും മുപ്പത്തിമൂന്ന് മുതൽ നാല്പത്തിമൂന്നുവരെയുള്ള ഭാഗം ജ്ഞാനഗീതമായും കണക്കാക്കപ്പെടുന്നു. ദൈവത്താൽ രക്ഷിക്കപ്പെട്ടവരേവരെയും ദൈവസ്തുതിക്ക് ആഹ്വാനം ചെയ്യുന്ന സങ്കീർത്തകൻ (സങ്കീ. 107, 1-3), ദൈവികമായ ഇടപെടലിന്റേതായ നാല് സംഭവങ്ങൾ ഇസ്രയേലിനെ ഓർമ്മിപ്പിക്കുകയും, എപ്പോഴൊക്കെ ദൈവജനം അപകടത്തിലായിരുന്നുവോ അപ്പോഴൊക്കെ ദൈവം അവരെ രക്ഷിച്ചുവെന്ന് അനുസ്മരിപ്പിക്കുകയും ചെയ്യുന്നു. ദൈവികമായ ഈ രക്ഷയുടെ അനുഭവങ്ങൾ, ദൈവകരുണയെയും സംരക്ഷണത്തെയും പറ്റിയുള്ള ചിന്തകൾ ഉള്ളിലുയർത്തുകയും, നന്ദിയുള്ള ഹൃദയത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുകയും വേണമെന്ന് സങ്കീർത്തനം ഓർമ്മിപ്പിക്കുന്നുണ്ട്.

എല്ലാ തിന്മകളിൽനിന്നും മോചിപ്പിക്കുന്ന ദൈവം

സങ്കീർത്തനത്തിന്റെ നാല് മുതൽ മുപ്പത്തിരണ്ട് വരെയുള്ള വാക്യങ്ങളിൽ, ഇസ്രായേൽ ജനത്തിന്റെ ചരിത്രത്തിലെ നാല് വലിയ ബുദ്ധിമുട്ടുകളുടെ അവസരങ്ങളിൽ ദൈവം ഇടപെട്ടതിനെക്കുറിച്ചാണ് സങ്കീർത്തകൻ ജനത്തെ ഓർമ്മിപ്പിക്കുന്നത്.

ഇതിൽ ഒന്നാമത്തേത് മരുഭൂമിയുടെ ഊഷരതയിൽനിന്നുള്ള രക്ഷയാണ്. നാല് മുതൽ ഒൻപതുവരെയുള്ള വാക്യങ്ങളിലാണ് നാമിത് കാണുന്നത്. വാസയോഗ്യമായ നഗരത്തിലേക്കുള്ള വഴി കണ്ടെത്താനാകാതെ, വിശന്നും ദാഹിച്ചും മരുഭൂമിയിൽ അലഞ്ഞുതിരിഞ്ഞ ജനം, തങ്ങളുടെ കഷ്ടതയിൽ കർത്താവിനെ വിളിച്ചപേക്ഷിച്ചപ്പോൾ, അവിടുന്ന് അവരെ രക്ഷിച്ച് (സങ്കീ. 107, 4-5) വാസയോഗ്യമായ നഗരത്തിൽ എത്തുവോളം അവരെ നേർവഴിക്ക് നയിക്കുകയും (സങ്കീ. 107, 6), ദാഹത്തിനും വിശപ്പിനും പരിഹാരമുണ്ടാക്കി അവർക്ക് സംതൃപ്തി വരുത്തുകയും ചെയ്തു (സങ്കീ. 107, 6).

അത്യുന്നതനായ ദൈവത്തിന്റെ വാക്കുകളും ഉപദേശങ്ങളും ഉപേക്ഷിച്ച്, അന്ധകാരത്തിലും മരണത്തിന്റെ താഴ്വരയിലുമായി ആരുടെയും സഹായമില്ലാതിരുന്ന അവസരത്തിൽ കർത്താവിനോട് നിലവിളിച്ച ജനത്തെ (സങ്കീ. 107, 10-13) ഞെരുക്കങ്ങളിൽനിന്ന് കർത്താവ് രക്ഷിച്ചതും, പിച്ചളവാതിലുകളും ഇരുമ്പോടാമ്പലുകളും തകർത്ത്, അന്ധകാരത്തിൽനിന്നും മരണത്തിന്റെ നിഴലിൽനിന്നും അവരെ പുറത്തുകൊണ്ടുവന്നതിനെക്കുറിച്ചുമാണ് (സങ്കീ. 107, 14-16) പത്ത് മുതൽ പതിനാറ് വരെയുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നത്. രക്ഷകനായ കർത്താവിനെ ധിക്കരിക്കുന്നത് അടിമത്തത്തിന്റെയും തിന്മകളുടെയും അന്ധകാരത്തിലേക്കും മരണത്തിലേക്കുമാണ് മനുഷ്യനെ നയിക്കുന്നത്.

പാപവും അകൃത്യങ്ങളും, രോഗങ്ങളിലേക്കും ദുരിതങ്ങളിലേക്കുമാണ് മനുഷ്യരെ നയിക്കുകയെന്ന ചിന്ത മുന്നിൽവച്ച് (സങ്കീ. 107, 17), കഷ്ടതയിലും മരണകവാടത്തിലുമായിരുന്ന ജനം കർത്താവിനോട് നിലവിളിച്ചപേക്ഷിച്ചപ്പോൾ (സങ്കീ. 107, 18-19), അവൻ അവരെ ഞെരുക്കങ്ങളിൽനിന്ന് രക്ഷിച്ചതും, തന്റെ വചനമായച്ച് അവരെ സൗഖ്യമാക്കിയതും വിനാശത്തിൽനിന്ന് വിടുവിച്ചതുമാണ് (സങ്കീ. 107, 20) പതിനേഴ് മുതൽ ഇരുപത് വരെയുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നത്.

സമുദ്രവ്യാപാരം ചെയ്യാൻ കപ്പലുകളിൽ പുറപ്പെട്ട ജനം, കർത്താവിന്റെ കല്പനയനുസരിച്ചുണ്ടായ കൊടുങ്കാറ്റിലും, ആകാശത്തോളമുയരുന്ന തിരമാലകളിലും പെട്ട് അപകടകരമായ അവസ്ഥയിലെത്തിയപ്പോൾ അവരുടെ ധൈര്യം ചോർന്നതും (സങ്കീ. 107, 23-27) , തങ്ങളുടെ കഷ്ടതയിൽ അവർ കർത്താവിനോട് നിലവിളിച്ചപേക്ഷിച്ചപ്പോൾ, അവരെ തങ്ങളുടെ ഞെരുക്കങ്ങളിൽനിന്ന് അവൻ വിടുവിച്ചതും, കൊടുങ്കാറ്റിനെയും തിരമാലകളെയും ശാന്തമാക്കിയതും, അവർക്ക് സന്തോഷമേകിയതും, ആഗ്രഹിച്ച തുറമുഖത്ത് അവരെ എത്തിച്ചതുമാണ് (സങ്കീ. 107, 28-30) ഇരുപത്തിമൂന്ന് മുതൽ മുപ്പത് വരെയുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്ന നാലാമത്തെ സംഭവം.

പൂർണ്ണതയുടെ സംഖ്യയായി കണക്കാക്കപ്പെടുന്ന നാല് തിന്മയുടെ അനുഭവങ്ങളുടെയും വിവരണത്തിന്റെ അവസാനം 8-9, 15-16, 21-22, 31-32 എന്നീ വാക്യങ്ങളിലായി, കർത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും, അവിടുന്ന് മനുഷ്യർക്കായി ചെയ്ത അത്ഭുതങ്ങളെപ്രതിയും നന്ദി പറയാൻ സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നതും നമുക്ക് കാണാം. രക്ഷയുടെ അനുഭവങ്ങൾ നന്ദി പറയാനുള്ള അവസരങ്ങളാണ്. തന്റെ ജനത്തിന്റെ എല്ലാ തകർച്ചകളിലും വീഴ്ചകളിലും ദുരിതങ്ങളിലും കടന്നുചെല്ലാനും രക്ഷിക്കാനും കഴിവുള്ള ദൈവത്തെ മുറുകെപ്പിടിക്കാനും ആശ്വാസവും ആനന്ദവും അനുഭവിക്കാനും, അവന് നന്ദി പറയാനും ഈ സങ്കീർത്തനവരികൾ നമ്മെയും ആഹ്വാനം ചെയ്യുന്നുണ്ട്.

തന്റെ ജനത്തോടുള്ള ദൈവത്തിന്റെ കരുതൽ

ഇസ്രായേൽ ജനതയുടെ ചരിത്രത്തിലെ ദൈവത്തിന്റെ രക്ഷാകരമായ ഇടപെടലിനെക്കുറിച്ചുള്ള ചില ആശയങ്ങളാണ് മുപ്പത്തിമൂന്ന് മുതൽ നാൽപത്തിയൊന്ന് വരെയുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ ആവർത്തിക്കുന്നത്. ദേശവാസികളുടെ ദുഷ്ടത നിമിത്തം (സങ്കീ. 107,34) അവൻ നദികളെ മരുഭൂമിയായും നീരുറവകളെ വരണ്ട നിലമായും (സങ്കീ. 107,33), ഫലപുഷ്ടിയാർന്ന ഭൂമിയെ ഓരുനിലമായും (സങ്കീ. 107,34), എന്നാൽ തന്റെ ജനത്തിനായി മരുഭൂമിയെ തടാകങ്ങളായും, വരണ്ട ഭൂമിയെ നീരുറവകളായും മാറ്റുകയും (സങ്കീ. 107,35) അവർക്കായി നഗരം സ്ഥാപിക്കുകയും ചെയ്യുന്നു (സങ്കീ. 107,36). അവരുടെ വയലുകളും മുന്തിരിത്തോട്ടങ്ങളും സമൃദ്ധമായി വിളവുനൽകാനും, അവരും അവരുടെ കന്നുകാലികളും പെരുകാനും അവിടുന്ന് അനുഗ്രഹമേകുന്നു (സങ്കീ. 107,37-38). പ്രഭുക്കന്മാരെ നിന്ദാപാത്രങ്ങളാക്കുകയും ശൂന്യപ്രദേശങ്ങളിൽ ഉഴലാൻ അവർക്ക് ഇടവരുത്തുകയും ചെയ്ത കർത്താവ്, പാവപ്പെട്ടവരെ പീഡനങ്ങളിൽനിന്ന് കരകയറ്റുകയും, അവരുടെ കുടുംബങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്തു (സങ്കീ. 107, 40-41). കാനാൻദേശത്തെ ദുഷ്ടരായ ആളുകളെ നശിപ്പിച്ച്, ഇസ്രായേൽ ജനത്തിനായി ദൈവം വഴിതെളിച്ച സംഭവമായാണ് ഈ വാക്യങ്ങൾ വ്യാഖ്യാനിക്കപ്പെടുന്നത്. മനുഷ്യബുദ്ധിയിൽ അസാദ്ധ്യമെന്നും വൈരുധ്യങ്ങളെന്നും തോന്നുന്നവയെ ദൈവം സാധ്യമാക്കുകയും, ജനത്തിന് അനുവദിച്ചനുഗ്രഹിക്കുകയും ചെയ്യുന്ന ചരിത്രമാണ് ഇസ്രയേലിന്റേതെന്ന് ഇവിടെ സങ്കീർത്തകൻ നമ്മെ ഓർമ്മിപ്പിക്കുന്നു..

ദൈവത്തിന്റെ പ്രവൃത്തികൾ പരാമർത്ഥഹൃദയരിൽ ആനന്ദവും, ദുഷ്ടരിൽ മൗനവും നിറയ്ക്കുന്നു; വിവേകമുള്ളവർ ഇവ ശ്രദ്ധിച്ച് ഗ്രഹിക്കുകയും ദൈവകാരുണ്യത്തെപ്പറ്റി ചിന്തിക്കുകയും ചെയ്യട്ടെ എന്ന വാക്യങ്ങളിലൂടെ (സങ്കീ. 107, 42-43) ദൈവത്തിന്റെ നിരന്തരമായ രക്ഷാകരകർമ്മങ്ങൾ ഓർമ്മിക്കാൻ ഇസ്രായേൽജനത്തെയും, ഇന്ന് നമ്മെയും ആഹ്വാനം ചെയ്തുകൊണ്ടാണ് സങ്കീർത്തനം അവസാനിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

നൂറ്റിയേഴാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ഇസ്രായേൽ ജനത്തെപ്പോലെ നാമേവരെയും സ്നേഹിച്ച്, തിരഞ്ഞെടുത്ത്, കുറവുകൾ പരിഹരിച്ച്, രക്ഷിച്ച്, പരിപാലിക്കുന്ന ദൈവത്തോടുള്ള നന്ദിക്കായി സങ്കീർത്തനം നമ്മെയും ക്ഷണിക്കുന്നത് തിരിച്ചറിയാം. ജീവിതത്തിന്റെ ഇന്നലെകളിൽ എത്രയോ വീഴ്ചകളിൽനിന്നാണ് അവൻ നമ്മെ കരകയറ്റിയതെന്ന്, തകർച്ചകളുടെ എത്രയോ ആഴങ്ങളിൽനിന്നാണ് അവൻ നമ്മെ സംരക്ഷിച്ചുപിടിച്ചതെന്ന് അനുസ്മരിക്കാം. പാപത്തിന്റെയും വീഴ്ചകളുടെയും മരണത്തിന്റെയും താഴ്വരകളിലെ അന്ധകാരത്തിലായിരുന്ന നമുക്ക് അവൻ തന്റെ കരുണയുടെയും സ്നേഹത്തിന്റെയും വെളിച്ചം പകർന്നത് ഓർമ്മകളിൽ സൂക്ഷിക്കാം. അർഹിക്കാത്ത എത്രയോ ഇടങ്ങളിൽ, എത്രയോ അനുഗ്രഹങ്ങളാണ് നാം അനുഭവിച്ചിട്ടുള്ളത്! ഊഷരതയുടെ മരുഭൂമികളിൽ അവൻ നമുക്കായി പെയ്യിച്ച നനവിന്റെ അനുഭവങ്ങളെ, വരണ്ട ഭൂമികളിൽ അവൻ നമുക്കായി ഒരുക്കിയ സമൃദ്ധമായ വിളവിനെ മറക്കാതിരിക്കാം. സങ്കീർത്തകനും ദൈവജനത്തിനുമൊപ്പം, സകലജനതകൾക്കും ലോകം മുഴുവനും മുന്നിൽ, ദൈവം നമുക്കായി ചെയ്ത നന്മകളെ പ്രഘോഷിക്കുകയും, അവനെ മഹത്വപ്പെടുത്തുകയും പ്രകീർത്തിക്കുകയും, ഒരിക്കലും കുറയാത്ത അവന്റെ സ്നേഹത്തിന് നന്ദി പറയുകയും ചെയ്യാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ഫെബ്രുവരി 2025, 15:42