MAP

സങ്കീർത്തനചിന്തകൾ - 106 സങ്കീർത്തനചിന്തകൾ - 106 

പാപത്തിൽ തുടരുന്ന ജനവും കരുണ വറ്റാത്ത ദൈവവും

വചനവീഥി: നൂറ്റിയാറാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - നൂറ്റിയാറാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ചരിത്രപരമായ സങ്കീർത്തനങ്ങളിൽ ഒന്നായ നൂറ്റിയാറാം സങ്കീർത്തനം, ഇസ്രയേലിന്റെ തുടർച്ചയായ പാപങ്ങളും ദൈവത്തിന്റെ കോപവും, തന്റെ ജനത്തോടുള്ള അവന്റെ കാരുണ്യവും ജനത്തിന്റെ സ്തുതിയും ഇടകലർന്ന ഒരു പ്രബോധനഗീതമാണ്. തങ്ങളുടെയും തങ്ങളുടെ പിതാക്കന്മാരുടെയും പാപങ്ങളെക്കുറിച്ചുള്ള അനുസ്മരണം, അനുതാപത്തിലേക്കും മെച്ചപ്പെട്ട ഒരു ജീവിതത്തിലേക്കുമായിരിക്കണം ദൈവജനത്തെ നയിക്കേണ്ടത്. മനുഷ്യപാപങ്ങളെക്കാളും, ദൈവകോപത്തെക്കാളും വലുതാണ് ദൈവകാരുണ്യമെന്ന് ഉദ്ബോധിപ്പിക്കുന്ന സങ്കീർത്തകൻ, പാപം മൂലം ദൈവത്തിൽനിന്ന് അകന്ന്, ജനതകളുടെ അധികാരത്തിന് കീഴിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഇസ്രായേൽജനത്തെ, ഈ പ്രവാസകാലത്തിന് ശേഷം വീണ്ടും ഒരുമിച്ചുകൂട്ടണമേയെന്നും, അങ്ങനെ വീണ്ടും ദൈവസ്തുതിയുയർത്താൻ തങ്ങൾക്ക് സാധിക്കണമേയെന്നും പ്രാർത്ഥിക്കുന്നു. പാപവും അകൃത്യങ്ങളും എത്രമാത്രം വലുതാണെങ്കിലും, അവയെക്കുറിച്ചുള്ള തിരിച്ചറിവും ആത്മാർത്ഥമായ അനുതാപവുമുണ്ടെങ്കിൽ, ദൈവത്തിന്റെ ക്ഷമയ്ക്കും കാരുണ്യത്തിനും അർഹരായിത്തീർന്നേക്കാമെന്നും, വീണ്ടെടുക്കലിന്റെയും രക്ഷയുടെയും അനുഭവത്തിലേക്ക് തിരികെ വരാനും അവന്റെ നാമത്തിന് കൃതജ്ഞതയും സ്തുതിയുമർപ്പിക്കാനും സാധിച്ചേക്കുമെന്നുമുള്ള പ്രത്യാശ ഇസ്രായേൽ ജനത്തിന് പകരുന്ന മനോഹരമായ ഒരു സങ്കീർത്തനമാണിത്.

ദൈവസ്‌തുതിയും ഇസ്രായേൽ ജനവും

സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ മൂന്ന് വരെയുള്ള വാക്യങ്ങളിൽ, ദൈവസ്‌തുതിക്കുള്ള പൊതുവായ ആഹ്വാനമാണ് നാം കാണുന്നത്. കർത്താവ് നല്ലവനും കാരുണ്യവാനുമാകയാൽ (സങ്കീ. 106, 1) അവൻ സ്തുതിക്ക് യോഗ്യനാണ് എന്ന ഒരു ബോധ്യത്തിൽനിന്നാണ് സങ്കീർത്തകൻ ഈ വാക്യങ്ങൾ എഴുതുക. തങ്ങളുടെ കുറവുകളേക്കാൾ വലുതാണ് ദൈവത്തിന്റെ കാരുണ്യമെന്ന തിരിച്ചറിവുള്ള, ന്യായം പാലിക്കുകയും നീതിയിൽ ജീവിക്കുകയും ചെയ്യുന്ന നന്മയുള്ള മനുഷ്യരാണ് യഥാർത്ഥത്തിൽ ദൈവത്തെ സ്തുതിക്കുക (സങ്കീ. 106, 2-3).

അനുതപിക്കുകയും ദൈവത്തെ സ്നേഹിക്കുകയും ചെയ്യുന്ന ദൈവജനത്തിന്റെ ഭാഗമായി നിൽക്കാനും, അവർക്കൊപ്പം ദൈവകരുണയിൽ പങ്കുപറ്റാനും ആഗ്രഹിക്കുന്ന സങ്കീർത്തകന്റെ പ്രാർത്ഥനയാണ് നാലും അഞ്ചും വാക്യങ്ങളിൽ നമുക്ക് കാണാനാകുക. ഇസ്രായേൽജനം ചരിത്രത്തിലുടനീളം അനുഭവിക്കുന്ന ദൈവകാരുണ്യത്തിന്റെയും മോചനത്തിന്റെയും അനുഭവങ്ങളും, ദൈവത്തിൽനിന്നുള്ള അവരുടെ ഐശ്വര്യവും, അവരുടെ സന്തോഷവും ആനന്ദവും തിരിച്ചറിയുന്നതുകൊണ്ടാണ്, അതിൽ പങ്കുചേരാനും, ദൈവത്തിൽ അഭിമാനം കൊള്ളാനും (സങ്കീ. 106, 4-5) അങ്ങനെ അവരിൽ ഒരുവനായി ദൈവത്താൽ കരുതപ്പെടാനും സങ്കീർത്തകൻ ആഗ്രഹിക്കുന്നത്.

ദൈവകരുണയും അനുതാപവും പ്രാർത്ഥനയും

സങ്കീർത്തനത്തിന്റെ ആറ് മുതൽ നാല്പത്തിയാറ് വരെയുള്ള വാക്യങ്ങളിൽ ചരിത്രത്തിന്റെ വിവിധ നിമിഷങ്ങളിൽ, വിവിധയിടങ്ങളിൽവച്ച് ഇസ്രായേൽജനത്തിന് സംഭവിച്ച എട്ട് വീഴ്ചകളും, ദൈവകോപവും, വിധിയും, ദൈവകാരുണ്യവുമാണ് സങ്കീർത്തകൻ വിവരിക്കുന്നത്. പാപാവബോധമാണ് തിന്മയിൽനിന്നകന്ന്, പശ്ചാത്താപത്തിലേക്കും, അതുവഴി ദൈവകരുണയിലേക്കും ദൈവസ്നേഹത്തിലേക്കും മനുഷ്യരെ നയിക്കുകയെന്ന തിരിച്ചറിവിൽനിന്നാണ് ഈയൊരു ഉദ്‌ബോധനം സങ്കീർത്തകൻ നടത്തുന്നതെന്ന് "ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പാപം ചെയ്തു. ഞങ്ങൾ അനീതി പ്രവർത്തിച്ചു. ഞങ്ങൾ ദുഷ്ടതയോടെ പെരുമാറി" (സങ്കീ. 106, 6) എന്ന ആറാം വാക്യം വ്യക്തമാക്കുന്നുണ്ട്.

ഏഴ് മുതൽ പന്ത്രണ്ട് വരെയുള്ള വാക്യങ്ങളിൽ ഈജിപ്‌തിൽ നിന്ന് തന്റെ ജനത്തെ മോചിപ്പിച്ച്, ചെങ്കടലിലൂടെ അവരെ നടത്തി, അവരുടെ ശത്രുക്കളെ ജലത്താൽ മൂടിക്കളഞ്ഞ ദൈവത്തെക്കുറിച്ചാണ് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നത് (സങ്കീ. 106, 7-12; പുറപ്പാട് 14-15). ചെങ്കടലിന്റെ തീരത്തെ ദൈവികസംരക്ഷണത്തെപ്പോലും സംശയിക്കുകയും ദൈവത്തോട് മറുതലിക്കുകയും ചെയ്‌ത ഒരു ജനമാണ് ഇസ്രായേൽ. എങ്കിലും, ദൈവം തന്റെ ശക്തി വെളിപ്പെടുത്തുകയും, തന്റെ നാമത്തെപ്രതി അവരെ രക്ഷിക്കുകയും ചെയ്തു.

പാപത്തിന്റെയും അടിമത്തത്തിന്റെയും ചെങ്കടലിനപ്പുറം തങ്ങളെയെത്തിച്ച ദൈവത്തെ സ്തുതിക്കുന്ന ജനം പക്ഷെ, മരുഭൂമിയിൽ വച്ച്, ദൈവത്തിന്റെ പ്രവൃത്തികൾ മറന്നുകളഞ്ഞ്, വീണ്ടും പാപത്തിന്റെ പാതയിലേക്ക് തിരികെപ്പോകുന്നതാണ്, മാംസത്തിനായി ദൈവത്തോട് മറുതലിക്കുന്നതാണ്, പതിമൂന്നും പതിനാലും വാക്യങ്ങളിൽ സങ്കീർത്തകൻ ഓർമ്മിപ്പിക്കുക (സങ്കീ. 106, 13-14; സംഖ്യ 11). അവരുടെ തെറ്റിന് ശിക്ഷയായി ദൈവം അവർക്കിടയിലേക്ക് മാരകരോഗം അയക്കുന്നു (സങ്കീ. 106, 15).

ദൈവം വിളിച്ച്, അധികാരം നൽകിയ മോശയുടെയും കർത്താവിന്റെ വിശുദ്ധനായ അഹറോന്റെയും നേരെ, പാളയത്തിൽ വച്ച്, അസൂയാലുക്കളാകുന്ന ജനത്തെകുറിച്ചാണ് സങ്കീർത്തകൻ പതിനാറാം വാക്യത്തിൽ എഴുതുക (സങ്കീ. 106, 16; സംഖ്യ 16). അതിന് ശിക്ഷയായി, ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങിയതും, അബീറാമിന്റെ സംഘത്തെ മൂടിക്കളഞ്ഞതും, അഗ്നിബാധയുണ്ടായി ദുഷ്ടരെ ദഹിപ്പിച്ചതും സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു (സങ്കീ. 106, 17-18).

ദൈവാനുഗ്രഹങ്ങൾ മറന്ന ഇസ്രായേൽ ജനം, ഹോറെബിൽ വച്ച് തങ്ങൾതന്നെ വാർത്തുണ്ടാക്കിയ കാളക്കുട്ടിയെ ആരാധിച്ചത് ഓർമ്മിപ്പിക്കുന്ന സങ്കീർത്തകൻ (സങ്കീ. 106, 18-20; പുറപ്പാട് 32-34)) പക്ഷെ, ഇതിൽ ദൈവം കോപിക്കുന്നുണ്ടെങ്കിലും, തന്നെ പലവുരു എതിർത്ത ഇസ്രായേൽ ജനത്തിനായി മോശ മാദ്ധ്യസ്ഥ്യം വഹിച്ചുവെന്നും അതുവഴി ജനത്തിന് ദൈവകരുണ ലഭിച്ചുവെന്നും എഴുതുന്നു. (സങ്കീ. 106, 21-23).

ദൈവം വാഗ്ദാനം ചെയ്ത കാനാൻദേശത്ത് പ്രവേശിക്കാൻ നിരസിക്കുകയും, കർത്താവിന്റെ കൽപ്പനകൾ അനുസരിക്കാതെ, അവനെതിരെ തങ്ങളുടെ കൂടാരങ്ങളിലിരുന്ന് പിറുപിറുക്കുകയും ചെയ്യുന്ന ജനത്തെക്കുറിച്ച് ഇരുപത്തിനാലും ഇരുപത്തിയഞ്ചും വാക്യങ്ങളിൽ സങ്കീർത്തകൻ എഴുതുന്നു (സങ്കീ. 106, 24-25, സംഖ്യ 13-14, നിയമാവർത്തനം 1-2). ഇതിന് ശിക്ഷയായി മരുഭൂമിയിൽ അവരെ വീഴ്ത്തുമെന്നും, ജനതകളുടെയും രാജ്യങ്ങളുടെയും ഇടയിൽ അവരെ ചിതറിക്കുമെന്നും ദൈവം ശപഥം ചെയ്യുന്നു (സങ്കീ. 106, 26-27).

പെയോറിലെ ബാലിന്റെ അനുയായികളായി നിർജ്ജീവദേവന്മാർക്ക് അർപ്പിച്ച ബലിവസ്തുക്കൾ ജനം ഭക്ഷിച്ചതും, കർത്താവ് കോപിഷ്ഠനായതും, അവർക്കെതിരെ മഹാമാരി അയച്ചുവെങ്കിലും, അഹറോന്റെ പുത്രനായ ഏലിയാസറിന്റെ പുത്രൻ ഫിനെഹാസിന്റെ ഇടപെടൽ മൂലം അവൻ അവരോട് ക്ഷമിച്ചതും ഇരുപത്തിയെട്ട് മുതൽ മുപ്പത് വരെയുള്ള വാക്യങ്ങളിൽ നമുക്ക് കാണാം (സങ്കീ. 106, 28-30).

മേരീബാജലാശയത്തിനടുത്തുവച്ച് ദൈവത്തെ പ്രകോപിപ്പിച്ച ജനത്തോട് മോശയ്ക്ക് ദേഷ്യമുണ്ടായതായും, അവൻ വിവേകരഹിതനായി സംസാരിച്ചതായും സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നുണ്ട് (സങ്കീ. 32-33). അവിവേകത്തോടെ പ്രവർത്തിച്ച മോശയ്‌ക്കെതിരെ ദൈവകോപം തിരിയുന്നുണ്ട് (സംഖ്യ 20, 1-13).

സങ്കീർത്തനത്തിന്റെ മുപ്പത്തിയഞ്ചാം വാക്യം മുതലുള്ള അവസാനഭാഗത്ത്, കാനാൻ ദേശത്തുവച്ച് ഇസ്രായേൽ ജനം മറ്റുജനങ്ങളോട് ഇടകലർന്ന്, അവരുടെ ആചാരങ്ങൾ ശീലിക്കുന്നതും (സങ്കീ. 106, 35), അവരുടെ വിഗ്രഹങ്ങളെ സേവിക്കുന്നതും (സങ്കീ. 106, 36), തങ്ങളുടെ പുത്രീപുത്രന്മാരെപ്പോലും പിശാചുകൾക്ക് ബലിയർപ്പിക്കുന്നതും (സങ്കീ. 106, 37), തങ്ങളുടെ പ്രവൃത്തികൾകൊണ്ട് അശുദ്ധരെയായിത്തീർന്നതും ദൈവത്തോട് അവിശ്വസ്തത കാണിച്ചതും (സങ്കീ. 106, 39) അനുസ്മരിപ്പിക്കുന്ന സങ്കീർത്തകൻ, കർത്താവിന്റെ കോപം ജനത്തിനെതിരെ ജ്വലിച്ചതും, അവൻ അവരെ വെറുത്ത് (സങ്കീ. 106, 40-41), ജനതകൾക്ക് ഏല്പിച്ചുകൊടുത്തതും, അവർ തങ്ങളുടെ വൈരികളുടെ ഭരണത്തിൻകീഴിൽ ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നതും (സങ്കീ. 106, 41-42), പിന്നീട് അവൻ അവരെ മോചിപ്പിച്ചെങ്കിലും അവർ തങ്ങളുടെ ധിക്കാരവും അകൃത്യങ്ങളും തുടരുന്നതും (സങ്കീ. 106, 43) ജനത്തെ ഓർമ്മിപ്പിക്കുന്നുണ്ട്. ജനത്തിന്റെ നിലവിളിയിൽ പക്ഷെ, ദൈവം തന്റെ ഉടമ്പടി അനുസ്മരിക്കുന്നതും, അവരോട് സഹതാപം കാട്ടാൻ ജനതകളെ പ്രേരിപ്പിക്കുന്നതും (സങ്കീ. 106, 55-46) സങ്കീർത്തകൻ ഇവിടെ രേഖപ്പെടുത്തുന്നു.

തങ്ങളെ രക്ഷിക്കണമേയെന്നും, ജനതകൾക്കിടയിൽനിന്ന് തങ്ങളെ ഒരുമിച്ച് കൂട്ടണമേയെന്നുമുള്ള ഇസ്രായേൽ ജനത്തിനൊപ്പമുള്ള പ്രാർത്ഥനയാണ് സങ്കീർത്തനത്തിന്റെ അവസാനവാക്യങ്ങളിൽ സങ്കീർത്തകൻ എഴുതിവയ്ക്കുന്നത്. ഇത് തങ്ങളുടെ അകൃത്യങ്ങൾ ക്ഷമിച്ച്, തങ്ങളോട് കരുണ കാണിക്കുന്ന ദൈവത്തിന് കൃതജ്ഞതയർപ്പിക്കാനും അവനെ വാഴ്ത്തുവാനും സ്തുതിക്കുവാനുമായാണ് (സങ്കീ. 106, 47).

സങ്കീർത്തനം ജീവിതത്തിൽ

നൂറ്റിയാറാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, സങ്കീർത്തകനും ദൈവജനത്തിനുമൊപ്പം, നമ്മുടെയും പാപങ്ങളും വീഴ്ചകളും തിരിച്ചറിയാനും, അനുതപിക്കാനും, ദൈവകാരുണ്യം സ്വന്തമാക്കാനും നമ്മെയും ദൈവം ക്ഷണിക്കുന്നത് തിരിച്ചറിയാം. അവിശ്വസ്തതയും, പാപങ്ങളും, തിന്മയും നമ്മുടെ ഹൃദയത്തിന്റെ നന്മയും വിശുദ്ധിയും കെടുത്താതിരിക്കട്ടെ. നമ്മെ വിളിച്ച്, സ്വന്തമാക്കി, സംരക്ഷണത്തിന്റെ ഇടമൊരുക്കി, അനുഗ്രഹങ്ങളാൽ നിറയ്ക്കുന്ന ദൈവത്തിൽനിന്ന് ഒരിക്കലും അകലാതെ, അവന് പ്രീതികരമായ ജീവിതം നയിക്കാനും, തന്റെ വിശ്വസ്തജനത്തിന് ദൈവം വാഗ്ദാനം ചെയ്ത കാനാൻദേശത്ത്, ദൈവഭവനത്തിൽ, അവന്റെ സ്തുതിയും കൃതജ്ഞതയും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കൊപ്പം നമുക്കും നിരന്തരം ആലപിക്കാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഫെബ്രുവരി 2025, 15:01