MAP

ഗാസാ മുനമ്പിലെ ഒരു കാഴ്ച - ഫയൽ ചിത്രം ഗാസാ മുനമ്പിലെ ഒരു കാഴ്ച - ഫയൽ ചിത്രം  (AFP or licensors)

ഗാസാ പ്രദേശത്തെ വെടിനിറുത്തലിനെ സ്വാഗതം ചെയ്‌ത്‌ യൂണിസെഫ്

പതിനയ്യായിരത്തോളം കുട്ടികളുടെ മരണത്തിനും, അതിലധികം കുട്ടികൾക്ക് പരിക്കിനും കാരണമായ പലസ്തീൻ-ഇസ്രായേൽ പ്രശ്നത്തിന് താത്കാലികപരിഹാരമായി വെടിനിറുത്തൽ കരാർ പ്രഖ്യാപിക്കപ്പെട്ടതിനെ സ്വാഗതം ചെയ്‌ത്‌ യൂണിസെഫ്. ഗാസാ പ്രദേശത്തെ മുപ്പത്തിയാറ് ആശുപത്രികളിൽ പകുതിയിൽത്താഴെ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും, ജല-ഭക്ഷണലഭ്യതക്കുറവുൾപ്പെടെ, ഗാസാ പ്രദേശത്തെ ആളുകൾ കടുത്ത ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസാ മുനമ്പിൽ സംഘർഷത്തിലായിരുന്ന ഇരുകക്ഷികളും തമ്മിൽ വെടിനിറുത്തൽ കരാർപ്രഖ്യാപിക്കപ്പെട്ടതിനെ സ്വാഗതം ചെയ്‌ത്‌ യൂണിസെഫ്. പതിനായിരക്കണക്കിന് കുട്ടികളുടെ ജീവിതത്തെയുൾപ്പെടെ ഗുരുതരമായി ബാധിച്ച സംഘർഷങ്ങൾക്കാണ് നിലവിലെ കരാർ താത്കാലികമായെങ്കിലും അറുതിവരുത്തുന്നത്. ഗാസായിലെ കുട്ടികളും കുടുംബങ്ങളും ഏറെ നാളുകളായി ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു ഇപ്പോൾ നിലവിൽ വന്ന വെടിനിറുത്താലെന്ന് യൂണിസെഫ് ജനുവരി പതിനാറ് വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കഴിഞ്ഞ ഒരു വർഷത്തിലധികമായി ഗാസാ പ്രദേശത്തെ ആളുകളും, ഗാസായിൽ തടവിലാക്കപ്പെട്ടിരുന്ന ആളുകളും ഇസ്രയേലിലുള്ള അവരുടെ കുടുംബങ്ങളും വലിയ സഹനങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു. പ്രദേശത്ത് ഏറ്റവും കുറഞ്ഞത് പതിനാലായിരത്തിയഞ്ഞൂറോളം കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും, അത്രത്തോളം തന്നെ കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും യൂണിസെഫ് അറിയിച്ചു. ഏതാണ്ട് പതിനേഴായിരം കുട്ടികൾ തങ്ങളുടെ മാതാപിതാക്കളിൽനിന്ന് ആകന്നാണ് ജീവിക്കുന്നത്. പത്തുലക്ഷത്തോളം ആളുകളാണ് സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായിരിക്കുന്നത്.

ഗാസാ പ്രദേശത്തെ മുപ്പത്തിയാറ് ആശുപത്രികളിൽ പകുതിയിൽത്താഴെ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നതെന്ന് യൂണിസെഫ് വ്യക്തമാക്കി. പ്രദേശത്ത് ലഭ്യമാക്കാൻ കഴിയുന്നതിന്റെ ഇരുപത്തിയഞ്ച് ശതമാനം മാത്രമാണ് ഇപ്പോൾ പുറത്തെടുക്കാൻ സാധിക്കുന്നത്. പ്രദേശത്തുള്ള ഇരുപത്തിയൊന്ന് ലക്ഷത്തോളം ആളുകൾ കടുത്ത ഭക്ഷ്യലഭ്യതക്കുറവ് അനുഭവിക്കുകയാണെന്നും ശിശുക്ഷേമനിധി കൂട്ടിച്ചേർത്തു.

നിലവിലെ വെടിനിറുത്തലിൽ ഇരുകക്ഷികളും പൂർണ്ണമായും പങ്കുചേരണമെന്നും, അതുവഴി ഗാസാ പ്രദേശത്തേക്ക് കൂടുതൽ മാനവികസഹായങ്ങളെത്തിക്കാനുള്ള സുരക്ഷിതമാർഗ്ഗങ്ങൾ ഒരുക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു. ഗാസാ പ്രദേശത്തെ കുട്ടികൾക്ക് സേവനങ്ങൾ ഉറപ്പാക്കാൻ യൂണിസെഫിന് കഴിയുന്നതിനും പ്രദേശത്ത് സമാധാനം ഉറപ്പാക്കുന്നത് പ്രധാനപ്പെട്ടതാണെന്ന് സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. കുട്ടികളുടേതുൾപ്പെടെയുള്ള അവകാശങ്ങളും സുസ്ഥിതിയും ഉറപ്പാക്കുന്നതിനായി, നിലനിൽക്കുന്ന ഒരു രാഷ്ട്രീയപരിഹാരം സംഘർഷങ്ങളിലേർപ്പെട്ടിരിക്കുന്ന ഇരുകക്ഷികളും കണ്ടെത്തണമെന്ന് യൂണിസെഫ് ആഹ്വാനം ചെയ്‌തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ജനുവരി 2025, 17:12