MAP

റഷ്യ-ഉക്രൈൻ യുദ്ധത്തിൽ മരണമടഞ്ഞ കുട്ടികളുടെ സ്മരണയിൽ - ഫയൽ ചിത്രം റഷ്യ-ഉക്രൈൻ യുദ്ധത്തിൽ മരണമടഞ്ഞ കുട്ടികളുടെ സ്മരണയിൽ - ഫയൽ ചിത്രം  (ANSA)

പുതുവർഷത്തിന്റെ ആദ്യദിനങ്ങളിൽ ഉക്രൈനിൽ പത്ത് കുട്ടികൾക്ക് പരിക്കേറ്റു: യൂണിസെഫ്

2025-ന്റെ ആദ്യ എട്ട് ദിവസങ്ങൾക്കുള്ളിൽ ഉക്രൈനിലുണ്ടായ വിവിധ ആക്രമണങ്ങളിൽ പത്ത് കുട്ടികൾക്ക് പരിക്കേറ്റുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി. ജനുവരി എട്ടിന് ഉക്രൈനിലെ സപ്പൊറിജ്ജ്യയിലുണ്ടായ ഗുരുതര ആക്രമണത്തിൽ പതിമൂന്ന് വയസ്സുള്ള ഒരു കുട്ടിക്ക് പരിക്കേറ്റിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2025-ന്റെ ആദ്യ എട്ടു ദിനങ്ങളിൽ മാത്രം, രണ്ടുവർഷങ്ങളായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായി പത്ത് കുട്ടികൾക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. ജനുവരി ഒൻപത് വ്യാഴാഴ്ച സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ഉക്രൈനിലെ കുട്ടികൾ കടന്നുപോകുന്ന ഗുരുതരാവസ്ഥയെക്കുറിച്ച് ഐക്യരാഷ്ട്രസഭാസംഘടന പ്രസ്താവന നടത്തിയത്.

ജനുവരി എട്ടിന് ഉക്രൈനിലെ സപ്പൊറിജ്ജ്യയിലുണ്ടായ ഗുരുതര ആക്രമണത്തിൽ പതിമൂന്ന് വയസ്സുള്ള ഒരു കുട്ടിക്ക് പരിക്കേറ്റിരുന്നു. ഇത് കൂടാതെ, ജനുവരി ഒന്ന് മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിൽ സ്ഫോടനവസ്തുക്കൾ ഉപയോഗിച്ച് നടന്ന ആക്രമണങ്ങളിൽ മറ്റ് ഒൻപത് കുട്ടികൾക്കും പരിക്കേറ്റിരുന്നു.

കുട്ടികളുടെ ജീവനെതിരെ ഭീഷണിയുയർത്തുന്ന ഇത്തരമൊരു ഭീകരതയ്ക്ക് മുന്നിൽ നമുക്ക് നിശ്ശബ്ദരായിരിക്കാൻ സാധിക്കുകയില്ലെന്ന് യൂണിസെഫ് എഴുതി. കുട്ടികളെ സംരക്ഷിക്കുകയെന്നത് നമ്മുടെ ആവശ്യമാണെന്നും, ആക്രമണങ്ങൾ അവസാനിക്കണമെന്നും ശിശുക്ഷേമനിധി തങ്ങളുടെ സന്ദേശത്തിൽ കുറിച്ചു.

2022-ൽ ആരംഭിച്ച റഷ്യ-ഉക്രൈൻ യുദ്ധത്തിൽ നാളിതുവരെ 2472 കുട്ടികൾ ഇരകളായെന്നും, നിരവധി കുട്ടികൾ അതിഭീകരമായ വിധത്തിൽ കൊല്ലപ്പെട്ടുവെന്നും യൂണിസെഫ്. നിരവധി സ്‌കൂളുകൾ ബോംബാക്രമണങ്ങൾക്ക് വിധേയമായെന്നും ജനുവരി ഏഴിന് എക്‌സിൽ കുറിച്ച മറ്റൊരു സന്ദേശത്തിലൂടെ യൂണിസെഫ് അറിയിച്ചിരുന്നു.

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ മാത്രം ഉക്രൈനിൽ 574 സാധാരണക്കാർ കൊല്ലപ്പെടുകയും 3082 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ജനുവരി 2025, 15:26