സിറിയയിൽ ദിവസത്തിൽ നാലോളം കുട്ടികൾ സ്ഫോടനങ്ങളുടെ ഇരകളാകുന്നു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സമാധാനത്തിനായുള്ള പ്രതീക്ഷകൾ നിലനിൽക്കുമ്പോഴും, സിറിയയുടെ വിവിധ ഭാഗങ്ങളിൽ അവശേഷിക്കുന്ന, മൈനുകൾ ഉൾപ്പെടെ, ഇനിയും പൊട്ടിത്തെറിക്കാത്ത സ്ഫോടനായുധങ്ങൾ, സിറിയയിലെ കുട്ടികളുടെ ജീവന് ഭീഷണിയുയർത്തുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യൂണിസെഫിന്റെ ആശയവിനിമയവിഭാഗം മാനേജർ റിക്കാർഡോ പീരെസ് പ്രസ്താവിച്ചു.
കഴിഞ്ഞ ഡിസംബർ മാസത്തിൽ മാത്രം സിറിയയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന സ്ഫോടനയുധങ്ങൾ പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങളിൽ 116 കുട്ടികൾ ഇരകളായെന്ന് യൂണിസെഫ് അറിയിച്ചു. ദിവസവും നാലോളം കുട്ടികളാണ് ഇത്തരം ദാരുണസംഭവങ്ങളുടെ ഇരകളാകുന്നത്.
കഴിഞ്ഞ ഒൻപത് വർഷങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി, മുൻപുണ്ടായിരുന്ന സംഘർഷങ്ങളിൽ ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന സ്ഫോടനായുധങ്ങൾ പൊട്ടിത്തെറിച്ച 4.22.000 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവയിൽ പകുതിയോളം സംഭവങ്ങളിൽ കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്.
2024 നവംബർ 27 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടര ലക്ഷത്തോളം കുട്ടികൾ തങ്ങളുടെ ഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായെന്നും, സ്വഭവനങ്ങളിലേക്കുള്ള മടക്കയാത്ര, ഇത്തരം, ഇനിയും പൊട്ടിത്തെറിച്ചിട്ടില്ലാത്ത സ്ഫോടനയുധങ്ങളുടെ സാന്നിധ്യം മൂലം അപകടകരമാണെന്നും യൂണിസെഫ് പ്രതിനിധി അറിയിച്ചു.
കഴിഞ്ഞ പത്തുവർഷങ്ങളിലധികമായി തുടരുന്ന സായുധസംഘർഷങ്ങളുടെ ഫലമായി സിറിയയുടെ വിവിധയിടങ്ങളിലായി ഇനിയും ഏതാണ്ട് മൂന്നേകാൽ ലക്ഷത്തോളം (3.24.000) സ്ഫോടനയുധങ്ങളാണ് അവശേഷിക്കുന്നത്. ഈ പ്രദേശങ്ങളിൽ ജീവിക്കുന്ന ഏതാണ്ട് അൻപത് ലക്ഷത്തോളം കുട്ടികളുടെ ജീവന് വൻ ഭീഷണിയാണ് ഇത്തരം ആയുധങ്ങൾ ഉയർത്തുന്നത്.
രാജ്യത്ത് കുട്ടികൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാനായി, മൈനുകൾ നീക്കം ചെയ്യാനും, യുദ്ധങ്ങൾ അവശേഷിപ്പിച്ച അപകടകാരികളായ ആയുധവശിഷ്ടങ്ങൾ നശിപ്പിച്ച് സുരക്ഷിതമായ ഒരിടം ഒരുക്കാനും നടപടികൾ വേണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു. മൈനുകൾ ഉൾപ്പെടെ, ഇനിയും പൊട്ടിത്തെറിക്കാത്ത ആയുധങ്ങൾ തിരിച്ചറിയാൻ സഹായകമായ രീതിയിൽ കുട്ടികൾക്ക് പരിശീലനം നൽകണമെന്നും, അപകടങ്ങളിൽപ്പെട്ടവർക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ശിശുക്ഷേമനിധി ആഹ്വാനം ചെയ്‌തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: