MAP

സൊമാലിയയിൽനിന്നുള്ള ഒരു ദൃശ്യം സൊമാലിയയിൽനിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

സോമാലിയ: കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വരൾച്ചമൂലം മരണമടഞ്ഞത് എഴുപതിനായിരത്തിലധികം ആളുകൾ

2022 ജനുവരി മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ സൊമാലിയയിൽ 71000-ലധികം ആളുകൾ മരണമടഞ്ഞിട്ടുണ്ടാകാമെന്ന് യൂണിസെഫ്. ഇവരിൽ 40 ശതമാനത്തോളം കൊച്ചുകുട്ടികൾ. ജനുവരി 22 ബുധനാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് പ്രകൃതിയുടെ ദുരുപയോഗത്തിന്റെ കൂടി ഫലമായ ഈ ദുരിതത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭാസംഘടന പ്രസ്താവന നടത്തിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സൊമാലിയ നേരിടുന്ന വരൾച്ച എഴുപത്തിയൊന്നായിരത്തിലധികം ആളുകളുടെ ജീവനെടുത്തെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ജനുവരി 22 ബുധനാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് ദീര്ഘനാളുകളായുള്ള വരൾച്ച മൂലം മൂലം സൊമാലിയ നേരിട്ട ഈ ദുരിതത്തെക്കുറിച്ച് സംഘടന പ്രസ്താവന നടത്തിയത്. മരണമടഞ്ഞവരിൽ നാൽപ്പത് ശതമാനത്തോളം, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളായിരുന്നുവെന്നും യൂണിസെഫ് അറിയിച്ചു.

സോമാലിയയിലെ ആരോഗ്യമന്ത്രാലയവും, ലോകാരോഗ്യസംഘടനയും യൂണിസെഫും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലാണ്, 2022 ജനുവരി മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ സൊമാലിയയിൽ 71000-ലധികം ആളുകൾ വരൾച്ചയും അതേത്തുടർന്നുണ്ടായ ക്ഷാമവും മൂലം മരണമടഞ്ഞതെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്..

ലണ്ടനിലെ ഇമ്പേരിയിൽ കോളേജ്, സോമാലിയയിലെ സിമദ്‌ യൂണിവേഴ്സിറ്റി എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളാണ് സോമാലിയ നേരിട്ട വരൾച്ചയും അത് സൃഷ്‌ടിച്ച ദുരിതാവസ്ഥയും വ്യക്തമാക്കിയത്. 2022 ആരംഭം മുതലുള്ള മുപ്പത് മാസങ്ങളിൽ വരൾച്ച മൂലം സോമാലിയയിലെ ജനസംഖ്യയുടെ പകുതിയോളം, അതായത് ഏതാണ്ട് എൺപത് ലക്ഷത്തോളം ജനങ്ങൾ കഷ്ടതയനുഭവിച്ചുവെന്ന് പഠനങ്ങൾ തെളിയിച്ചു.

സോമാലിയയിലെ ഗവൺമെന്റിന്റെയും അതിനോട് സഹകരിച്ച മാനവികസംഘടനകളുടെയും പ്രവർത്തനഫലമായാണ് വരൾച്ച മൂലമുണ്ടായ ക്ഷാമത്തെ അവസാനിപ്പിക്കാനായതെന്നും പഠനങ്ങൾ വ്യക്തമാക്കി. കാലാവസ്ഥാവ്യതിയാനങ്ങൾ സോമാലിയയിലെ ദുർബലജനവിഭാഗങ്ങളെ എത്രമാത്രം ബാധിച്ചുവെന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് സോമാലിയയിലെ യൂണിസെഫ് പ്രതിനിധി വഫാ സയീദ് പ്രസ്താവിച്ചു.

2022-ൽ സോമാലിയ നേരിട്ട കടുത്ത വരൾച്ചയെക്കുറിച്ച് 2023-ൽ പുറത്തുവിട്ട ഒരു പഠനറിപ്പോർട്ടിന്റെ തുടർച്ചയായാണ് പുതിയ ഈ റിപ്പോർട്ട് ഇപ്പോൾ പുറത്തുവിട്ടത്. വരൾച്ച മൂലം സൊമാലിയയിൽ നാൽപ്പത്തിനായിരത്തിലധികം ആളുകൾ മരണമടഞ്ഞുവെന്നായിരുന്നു മുൻവർഷത്തിലെ റിപ്പോർട്ട് രേഖപ്പെടുത്തിയുരുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ജനുവരി 2025, 17:34