കോംഗോയിൽ തുടരുന്ന സായുധസംഘർഷങ്ങൾ മൂലം മൂന്ന് ലക്ഷത്തോളം കുട്ടികൾ ദുരിതത്തിൽ: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് കോംഗോയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കടുത്ത സായുധസംഘർഷങ്ങളിലേക്കും പ്രതിഷേധപ്രകടനങ്ങളിലേക്കും വളർന്നതിനെത്തുടർന്ന് സാധാരണ ജനജീവിതം താറുമാറിലായെന്നും, രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് മാത്രം ഏതാണ്ട് മൂന്ന് ലക്ഷത്തോളം കുട്ടികൾ സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. ജനുവരി 30 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് കോംഗോ നേരിടുന്ന ഗുരുതരപ്രതിസന്ധിയെക്കുറിച്ച് യൂണിസെഫ് അറിയിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ വടക്കും തെക്കും കിവു പ്രദേശങ്ങളിൽ മാത്രം ഏതാണ്ട് ആറരലക്ഷത്തിലധികം ആളുകളാണ് കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുന്നത്.
റുവാണ്ടയുടെ അതിർത്തിയോടടുത്തുള്ള കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിലെ ഗോമ നഗരം വിമതർ കീഴടക്കിയതിനെത്തുടർന്നാണ് രാജ്യത്ത് സായുധസംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് രാജ്യതലസ്ഥാനമായ കിൻഷാസയിലേക്ക് രണ്ടുലക്ഷത്തോളം ആളുകൾ പ്രതിഷേധപ്രകടനവുമായെത്തിയിരുന്നു.
രാജ്യത്തെ മാനവികസ്ഥിതി അതിവേഗം വഷളായിക്കൊണ്ടിരിക്കുന്നതിനിടെ അടിയന്തിരമായി ഭക്ഷണം, ജലം, ആരോഗ്യപരിപാലനം, ശുചിത്വസേവനസൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കായി 22 മില്യൺ ഡോളറിന്റെ സഹായം ആവശ്യമുണ്ടെന്ന് യൂണിസെഫ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ കിവുവിലെ ഗോമായിൽ അക്രമങ്ങൾ കൂടുതൽ വഷളായതിനെത്തുടർന്ന് ഈ പ്രദേശങ്ങളിൽ അഭയാർത്ഥികേന്ദ്രങ്ങളിലായിരുന്ന ആളുകൾ, പ്രദേശത്തിന്റെ മധ്യഭാഗത്തേക്ക് നീങ്ങാൻ നിർബന്ധിതരായെന്നും, ഗോമാ പ്രദേശത്തെ സ്ഥിതിഗതികൾ അതിതീവ്രമാണെന്നും കോംഗോയിലെ യൂണിസെഫ് താത്കാലികപ്രതിനിധി ഷാൻ ഫ്രാൻസ്വ ബാസ്സ് പ്രസ്‌താവിച്ചു. പ്രദേശത്ത് വിദ്യുശ്ചക്തിയും, ജലസൗകര്യവും, ഇന്റർനെറ്റും ലഭ്യമല്ലെന്നും, കുട്ടികളും കുടുംബങ്ങളും എത്രമാത്രം ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നതെന്നതിനെപ്പറ്റി കൃത്യമായ വിവരങ്ങളിലെന്നും അദ്ദേഹം വിശദീകരിച്ചു.
തങ്ങളുടെ മാതാപിതാക്കളിൽനിന്ന് മാറിത്താമസിക്കാൻ നിർബന്ധിതരാകുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതായും, ഇത്, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും, സായുധസംഘങ്ങളിൽ നിർബന്ധിതസേവനത്തിനായി ഉപയോഗിക്കപ്പെടുന്നതും, ലൈംഗിക അതിക്രമങ്ങൾക്ക് കുട്ടികൾ ഇരകളാകുന്നതുമുൾപ്പെടെയുള്ള അപകടസാധ്യതകളിലേക്കാണ് നയിക്കുകയെന്നും യൂണിസെഫ് അറിയിച്ചു.
സംഘർഷങ്ങളിലായിരിക്കുന്നവർ, കുട്ടികളുടേതുൾപ്പെടെ മാനവികജീവിതം ബുദ്ധിമുട്ടേറിയതാക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യൂണിസെഫ് പ്രാദേശികപ്രതിനിധി ബാസ്സ് ആവശ്യപ്പെട്ടു.
ജനുവരി 29 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ, കോംഗോയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ പാപ്പാ ആഹ്വാനം ചെയ്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: