ഗാസാമുനമ്പിലെ കുട്ടികൾക്ക് സഹായവുമായി 350 ട്രക്കുകളെത്തി: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഗാസാ മുനമ്പിൽ സാധനസാമഗ്രികളുമായെത്തിയ 350-ലധികം ട്രക്കുകളിൽനിന്നുള്ള വസ്തുക്കൾ അവിടെയുള്ള പത്ത് ലക്ഷത്തോളം കുട്ടികൾക്ക് വിതരണം ചെയ്തുതുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, ദീർഘകാലത്തിന് ശേഷം ഗാസാ പ്രദേശത്ത് നടപ്പിലായ വെടിനിറുത്തലിനെത്തുടർന്ന്, പ്രദേശത്തേക്ക് ഇതിനോടകം നിരവധി ട്രാക്കുകളിലായി സഹായസമഗ്രികൾ എത്തിയതായും, അവയുടെ വിതരണം ആരംഭിച്ചതായും ശിശുക്ഷേമനിധി അറിയിച്ചത്.
ഗാസാ മുനമ്പിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ളവരെ സ്വാതന്ത്രരാകുന്നതിനുവേണ്ടിയുള്ള തങ്ങളുടെ അഭ്യർത്ഥന ശിശുക്ഷേമനിധി ജനുവരി 27-ന് പുറത്തുവിട്ട പത്രക്കുറിപ്പിലും പുതുക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിൽനിന്നുള്ള പന്ത്രണ്ട് കുട്ടികൾ സ്വതന്ത്രരാക്കപ്പെട്ടതിനെ യൂണിസെഫ് സ്വാഗതം ചെയ്തു.
കഴിഞ്ഞ പതിനഞ്ച് മാസങ്ങളോളമായി തുടർന്നിരുന്ന യുദ്ധത്തിന്റെ ഫലമായി ഗാസാ പ്രദേശത്ത് ഏതാണ്ട് പത്തുലക്ഷം കുട്ടികളുൾപ്പെടെ ഇരുപത് ലക്ഷത്തോളം ആളുകളാണ് അടിസ്ഥാനാവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്നത്. പ്രദേശത്ത് നിരവധി ആരോഗ്യസ്ഥാപനങ്ങളും, സ്‌കൂളുകളും വീടുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഗാസാപ്രദേശത്തെ കുട്ടികൾക്ക് പ്രതിരോധമരുന്നുകൾ നൽകുന്നതും, ശുദ്ധജലലഭ്യതയും ശുചിത്വസൗകര്യങ്ങളും ഉറപ്പാക്കുന്നതും തങ്ങളുടെ പ്രാഥമികലക്ഷ്യങ്ങളിൽപ്പെടുമെന്ന് ശിശുക്ഷേമനിധി അറിയിച്ചു. നിലവിലെ വെടിനിറുത്തൽ പ്രഖ്യാപനം, പ്രദേശത്ത് നീണ്ടുനിൽക്കുന്ന സമാധാനത്തിനുള്ള ഒരു വഴിയാണ് തുറക്കുന്നതെന്ന് പ്രതീക്ഷിക്കാമെന്ന് യൂണിസെഫ് ഡയറക്ടർ ജെനെറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു.
കുട്ടികളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും മുൻഗണന നൽകാനും, മാനവികഇടനാഴികൾ സുരക്ഷിതമാക്കാനും അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയും യൂണിസെഫ് തങ്ങളുടെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: