ഉക്രൈനിൽ ഡിസംബർ മാസത്തിൽ മാത്രം യുദ്ധത്തിന്റെ ഇരകളായത് ഇരുപത്തിരണ്ട് കുട്ടികൾ: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ദീർഘനാളുകളായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായി, ഡിസംബർ മാസത്തിൽ മാത്രം ഉക്രൈനിൽ ഇരുപത്തിരണ്ട് കുട്ടികൾ ആക്രമണങ്ങളുടെ ഇരകളായെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ജനുവരി പതിനാല് ചൊവ്വാഴ്ചയാണ് റഷ്യ-ഉക്രൈൻ യുദ്ധം കുട്ടികളുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് യൂണിസെഫ് അറിയിച്ചത്.
റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതുമുതൽ നാളിതുവരെ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായ കുട്ടികൾ രണ്ടായിരത്തിയഞ്ഞൂറിലധികം വരുമെന്ന് ശിശുക്ഷേമനിധി അറിയിച്ചു. കുട്ടികൾ എക്കാലത്തും സംരക്ഷിക്കപ്പെടേണ്ടവരാണെന്നും, അവർ യുദ്ധത്തിന്റെ അക്രമണലക്ഷ്യങ്ങളിൽ ഒന്നല്ലെന്നും യൂണിസെഫ് ഓർമ്മിപ്പിച്ചു.
ജനവാസപ്രദേശങ്ങളിൽ ആക്രമണം നടത്തുന്നതിനെതിരെയും യൂണിസെഫ് പ്രതിഷേധം അറിയിച്ചു. ഇത്തരം അക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭാസംഘടന ആവശ്യപ്പെട്ടു. റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായി ഉക്രൈനിലെ നിരവധി സ്‌കൂളുകൾ തകർക്കപ്പെട്ടിരുന്നു.
പുതുവർഷത്തിന്റെ ആദ്യ ദിനങ്ങളിൽ ഉക്രൈനിൽ പത്തോളം കുട്ടികൾക്ക് പരിക്കേറ്റതായി ജനുവരി ഒൻപതാം തീയതി എക്‌സിൽ കുറിച്ച ഒരു സന്ദേശത്തിലൂടെ യൂണിസെഫ് അറിയിച്ചിരുന്നു. സ്ഫോടനവസ്തുക്കൾ ഉപയോഗിച്ചുള്ള വിവിധ അക്രമണങ്ങളിലാണ് കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പുതുവർഷദിനങ്ങളിലും പരിക്കേറ്റത്. കുട്ടികളുടെ ജീവനെതിരെ ഭീഷണിയുയർത്തുന്ന യുദ്ധമെന്ന ഭീകരതയ്ക്ക് മുന്നിൽ നിശ്ശബ്ദരായിരിക്കാൻ നമുക്ക് സാധിക്കില്ലെന്നും യൂണിസെഫ് ഓർമ്മിപ്പിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: