MAP

സുഡാനിൽനിന്നുള്ള ഒരു ദൃശ്യം സുഡാനിൽനിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

സുഡാനിൽ എൽ ഫാഷർ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് കുട്ടികൾ ഇരകളായി: യൂണിസെഫ്

കഴിഞ്ഞ വെള്ളിയാഴ്ച സുഡാനിലെ വടക്കൻ ഡാർഫൂറിലുള്ള എൽ ഫാഷർ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് യൂണിസെഫ്. മുൻപുണ്ടായ ആക്രമണങ്ങളിൽ പരിക്കേറ്റ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലുണ്ടായിരുന്ന കുട്ടികളാണ് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്റെ ഇരകളായത്. കുട്ടികളുടെ അവകാശങ്ങൾക്ക് നേരെയുള്ള കടുത്ത ആക്രമണമാണ് സംഭവമെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജനുവരി 24 വെള്ളിയാഴ്ച സുഡാനിലെ വടക്കൻ ഡാർഫൂറിലുള്ള എൽ ഫാഷർ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് കുട്ടികൾ ഇരകളായെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അധ്യക്ഷ കാതറിൻ റസ്സൽ അറിയിച്ചു. ഈ കിരാതസംഭവത്തിൽ ആശുപത്രിയിലുണ്ടായിരുന്ന നാല് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമാധാനപരമായ ജീവിതത്തിനായുള്ള കുട്ടികളുടെ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്നും കുട്ടികൾ ഏറ്റവും സുരക്ഷിതരായിരിക്കേണ്ട ഇടങ്ങളിലാണ് അവർ കൊല്ലപ്പെട്ടതെന്നും ശിശുക്ഷേമനിധി അദ്ധ്യക്ഷ അപലപിച്ചു.

രാജ്യത്ത് മുൻദിവസങ്ങളിൽ ആക്രമണങ്ങളിൽ പരിക്കേറ്റ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടികളാണ് കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഇരകളായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങൾ, അരക്ഷിതാവസ്ഥ തുടങ്ങി വിവിധ ദുരിതങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികളുടെയും കുടുംബങ്ങളുടെയും ദാരുണാവസ്ഥയെ കൂടുതൽ വഷളാക്കുന്നതാണ് ഇത്തരം അക്രമങ്ങളെന്ന് കാതറിൻ റസ്സൽ പ്രസ്താവിച്ചു.

സുഡാനിലെ സംഘർഷബാധിതപ്രദേശങ്ങളിൽ എഴുപതുശതമാനത്തിലധികം ആശുപത്രികളും ചികിത്സാഉപകാരണങ്ങളുടെ അഭാവം മൂലമോ, ആശുപത്രികൾ അഭയാർത്ഥികേന്ദ്രങ്ങളായി ഉപയോഗിക്കപ്പെടുന്നതുമൂലമോ ചികിത്സാസകേന്ദ്രങ്ങളായി പ്രവർത്തിക്കുന്നില്ലെന്ന് യൂണിസെഫ് അറിയിച്ചു. നിലവിലെ അരക്ഷിതാവസ്ഥകാരണം, കുട്ടികൾക്ക് വൈദ്യസഹായമെത്തിക്കുന്നതിനോ, പതിവ് പ്രതിരോധകുത്തിവയ്പുകൾ നൽകുന്നതിനോ സാധിക്കുന്നില്ലെന്നും, ഇത് കുട്ടികളുടേതുൾപ്പെടെ സാധാരണജനത്തിന്റെ ജീവിതം അപകടസാധ്യതയിലാക്കുകയാണെന്നും ഐക്യരാഷ്ട്രസഭാസംഘടന കൂട്ടിച്ചേർത്തു.

ആരോഗ്യപരിപാലനകേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ കുട്ടികളുടെ ജീവന് കടുത്ത ഭീഷണിയാണുയർത്തുന്നതെന്നും, ജീവൻരക്ഷാമരുന്നുകൾ പോലും ലഭ്യമാക്കാൻ സാധിക്കുന്നില്ലെന്നും അപലപിച്ച യൂണിസെഫ് അധ്യക്ഷ, അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും, കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ജനുവരി 2025, 14:20