MAP

സുഡാനിൽ നിന്നുള്ള കാഴ്ച്ച സുഡാനിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

സുഡാനിൽ കുട്ടികളിൽ പോഷകാഹാരക്കുറവ് വർധിക്കുന്നു: യൂണിസെഫ് സംഘടന

സുഡാനിൽ 2025ൽ, അഞ്ച് വയസ്സിന് താഴെയുള്ള 7,70,000 കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുമെന്നു യൂണിസെഫ് സംഘടന മുന്നറിയിപ്പ് നൽകി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സംഘർഷങ്ങൾ അനിയന്ത്രിതമായി നടക്കുന്ന സുഡാനിൽ, കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചതായും, കടുത്ത പോഷകാഹാരക്കുറവ് ഗുരുതരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പ്രസ്താവിച്ചു. കഴിഞ്ഞ വർഷം ജൂണിനും, ഡിസംബറിനും ഇടയിൽ അറുനൂറോളം ഗുരുതരമായ കുറ്റകൃത്യങ്ങൾ കുട്ടികൾക്കെതിരെ നടന്നിട്ടുണ്ടെന്ന കണക്കുകളും സംഘടന പുറത്തുവിട്ടു. ഇതിൽ എൺപതു ശതമാനവും കൊലപാതകങ്ങളും, അംഗച്ഛേദങ്ങളുമാണെന്നതും ഞെട്ടിപ്പിക്കുന്ന വിവരമാണ്.

ജനുവരി 13, 14 തീയതികളിൽ ഒംദുർമാനിൽ നടന്ന ബോംബാക്രമണത്തിൽ 120 പേരാണ് കൊല്ലപ്പെട്ടത്. അതുപോലെ ജനുവരി 7 നും 8  നും ഇടയിൽ, ഖാർത്തൂം സംസ്ഥാനത്ത് ബോംബാക്രമണത്തിൽ 23 കുട്ടികൾ ദാരുണമായി കൊല്ലപ്പെട്ടു. സുഡാനിലെ ഡാർഫൂർ, കോർഡോഫാൻ, ഖാർത്തൂം സംസ്ഥാനങ്ങളിലാണ് പ്രധാനമായും അക്രമസംഭവങ്ങൾ നടക്കുന്നതെന്നും സംഘടന അറിയിച്ചു.

സുഡാനിലുടനീളമുള്ള 2.7 ദശലക്ഷം കുട്ടികൾക്കാണ് സംഘടന ഇപ്പോൾ സേവനങ്ങൾ നല്കിവരുന്നത്. എന്നാൽ അതിർത്തി കടന്നു സഹായങ്ങൾ എത്തിക്കുന്നതിൽ നേരിടുന്ന തടസ്സങ്ങളും സംഘടന വാർത്താക്കുറിപ്പിൽ എടുത്തു പറയുന്നു. യുദ്ധത്തിൻ്റെ ഭീകരതയിൽ നിന്ന് കുട്ടികളുടെ ഭാവിയെ മോചിപ്പിക്കുവാൻ സംഘർഷങ്ങൾ അവസാനിപ്പിക്കുവാൻ സംഘടന ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ജനുവരി 2025, 10:59