കാരുണ്യവാനും ക്ഷമാശീലനുമായ ദൈവത്തെ വാഴ്ത്തുക
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
"ദാവീദിന്റെ സങ്കീർത്തനം" എന്ന തലക്കെട്ടോടെയുള്ള നൂറ്റിമൂന്നാം സങ്കീർത്തനം കൃതജ്ഞതയുടെ ഒരു ഗീതമായും എന്നാൽ അതേസമയം തന്റെ ശ്രോതാക്കൾക്ക് താക്കീതുനൽകുന്ന ദാവീദിന്റെ വിധികീർത്തനമായും കരുതപ്പെടുന്നു. തനിക്ക് ലഭിച്ച നന്മകൾക്കായി ദൈവത്തിന് നന്ദി പറയുന്ന സങ്കീർത്തകൻ, തുടർന്ന് ദൈവജനത്തിനുനേരെയുള്ള ദൈവത്തിന്റെ കാരുണ്യം വർണ്ണിക്കുന്നത് നമുക്ക് കാണാം. മനുഷ്യന്റെ ബലഹീനതകളും പാപങ്ങളും, അതിനേക്കാൾ വലുതായ ദൈവത്തിന്റെ കാരുണ്യവും ഒക്കെ ഇതിൽ ഇതിവൃത്തമാകുന്നുണ്ട്. ദൈവദൂതരെയും, കർത്താവിന്റെ ദാസരെയും, സൃഷ്ടികളെവരെയും, തന്റെ ആത്മാവിനെയും ദൈവസ്‌തുതിക്ക് ആഹ്വാനം ചെയ്തുകൊണ്ടാണ് സങ്കീർത്തകൻ ഈ ഗീതം അവസാനിപ്പിക്കുന്നത്. താൻ തിരഞ്ഞെടുത്തവരുടെ എല്ലാ കുറവുകളിലും വീഴ്ചകളിലും അവരോട് വിശ്വസ്തത കൈവെടിയാത്ത, അവരെ തന്നോട് ചേർത്തുനിറുത്തുന്ന ഒരു ദൈവമാണ് ഇസ്രയേലിന്റേത്. ഈ സ്നേഹം തിരിച്ചറിയാനും, അവനോട് ചേർന്ന് നിൽക്കാനുമുള്ള ഒരു വിളിയായി ഈ സങ്കീർത്തനത്തെ നമുക്ക് വ്യാഖ്യാനിക്കാനാകും. സ്വന്തം ജീവിതത്തെക്കുറിച്ച് സത്യസന്ധമായി വിലയിരുത്താനാകുന്ന ഏതൊരു മനുഷ്യനും തന്നിൽത്തന്നെ കണ്ടെത്താനാവുന്ന ചില രംഗങ്ങളാണ് ഈ സങ്കീർത്തനവരികളിൽ ദാവീദ് എഴുതിവയ്ക്കുന്നത്.
ദൈവസ്നേഹവും കരുണയും തിരിച്ചറിയേണ്ട മനുഷ്യാത്മാവ്
ദൈവം നൽകിയ അനുഗ്രഹങ്ങളെയും, അവന്റെ ക്ഷമയും, അവനേകിയ സൗഖ്യവും, മരണത്തിൽനിന്നുള്ള മോചനവും, അവനേകുന്ന സ്നേഹവും കരുണയും, സംതൃപ്തിയും മറക്കരുതെന്നും, അവയെ ഓർത്ത് കർത്താവിനെ വാഴ്ത്തുവാനും, അവന്റെ നാമത്തെ പുകഴ്ത്തുവാനും തന്റെ ആത്മാവിനോട് കൽപ്പിക്കുന്ന ദാവീദിലെ വിശ്വാസിയെയാണ് സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ അഞ്ചുവരെയുളള വാക്യങ്ങളിൽ നാം കാണുന്നത് (സങ്കീ. 103, 1-5).. നമ്മുടെ ചിന്തകൾക്കും കഴിവുകൾക്കും അതീതമായി നമ്മെ അനുഗ്രഹിക്കുന്ന ദൈവത്തോടുള്ള സ്തുതി നാവിൽ മാത്രമല്ല, നമ്മുടെ ആത്മാവിലും നിറഞ്ഞുനിൽക്കണമെന്ന ബോധ്യത്തിൽനിന്നാണ് ദാവീദ് ഈ വരികൾ എഴുതുന്നത്. ആത്മാവിന്റെ അകൃത്യങ്ങൾ പൊറുക്കപ്പെട്ട മനുഷ്യൻ ശരീരത്തിലും ദൈവത്താൽ സൗഖ്യം നേടുന്നുണ്ട്. പാപത്തിൽനിന്നും മോചനം നൽകി, രോഗത്തിൽനിന്നും, നാശത്തിന്റെ പാതാളത്തിൽനിന്നും രക്ഷിച്ച ദൈവം, തന്റെ കരുണയാലും സ്നേഹത്താലും നമ്മെ കിരീടം ചാർത്തുകയും, പുതിയൊരു വ്യക്തിയാക്കി മാറ്റുകയും ചെയ്യുന്നു. നമ്മുടെ അന്തരംഗവും, ആത്മാവും ദൈവത്തോടുള്ള നന്ദിയാൽ നിറയണമെന്ന്, ഓർമ്മകൾ കാത്തുസൂക്ഷിക്കണമെന്ന്, ജീവിതം ആരാധനയായി മാറണമെന്ന് ഈ വാക്യങ്ങളിലൂടെ സങ്കീർത്തകൻ ഉദ്ബോധിപ്പിക്കുന്നു. എഴുതിച്ചേർത്ത വാക്യങ്ങൾ മറന്ന് ജീവിച്ച ദാവീദിനെപ്പോലെ, ചിലയവസരങ്ങളിലെങ്കിലും ദൈവം നമുക്ക് നൽകിയ രക്ഷയുടെയും സ്നേഹത്തിന്റെയും ദിനങ്ങൾ നാമും മറന്നിട്ടുണ്ടല്ലോ.
ദുർബലരായ ജനവും ദൈവത്തിന്റെ വിശ്വസ്തതയും
തന്റെ വ്യക്തിജീവിതത്തിൽ താൻ അനുഭവിച്ചറിഞ്ഞ ദൈവസ്നേഹവും കാരുണ്യവും, ഇസ്രയേലിനോടും സകല മനുഷ്യരോടും ദൈവം കാണിച്ചിട്ടുണ്ടെന്ന് സങ്കീർത്തനത്തിന്റെ ആറ് മുതൽ പതിനെട്ട് വരെയുള്ള വാക്യങ്ങളിലൂടെ ദാവീദ് ഓർമ്മിപ്പിക്കുന്നു. പീഡിതർക്ക് നീതിയും ന്യായവും പാലിച്ചുകൊടുക്കുന്ന, മോശയ്ക്ക് തന്റെ വഴികളും ഇസ്രായേൽ ജനത്തിന് തന്റെ പ്രവൃത്തികളും വെളിപ്പെടുത്തിക്കൊടുക്കുന്ന കർത്താവാണ് ദൈവം (സങ്കീ. 103, 6-7). ആർദ്രഹൃദയനും കാരുണ്യവാനും ക്ഷമാശീലനും സ്നേഹനിധിയുമായ ഒരു ദൈവമാണ് അവിടുന്ന് (സങ്കീ. 103, 8). അവന്റെ ശാസനവും കോപവും എന്നന്നേക്കും നിലനിൽക്കുന്നില്ല, നമ്മുടെ പാപങ്ങൾക്കൊത്ത് അവൻ നമ്മെ ശിക്ഷിക്കുകയോ, അകൃത്യങ്ങൾക്കനുസരിച്ച് പകരം വീട്ടുകയോ ചെയ്യുന്നില്ല (സങ്കീ. 103, ൯-10). മറിച്ച്, ആകാശത്തോളം ഉന്നതമായ കാരുണ്യമാണ് അവൻ തന്റെ ഭക്തരോട് കാട്ടുന്നത് (സങ്കീ. 103, 11). പുറപ്പാട് പുസ്തകത്തിന്റെ മുപ്പത്തിനാലാമദ്ധ്യായം ആറുമുതലുള്ള വാക്യങ്ങളിലും, താൻ "കാരുണ്യവാനും, കൃപാനിധിയുമായ ദൈവമാണെന്നും, കോപിക്കുന്നതിൽ വിമുഖനും സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരനാണെന്നും" കർത്താവ് പറയുന്നത് നാം വായിക്കുന്നുണ്ട്. ദാവീദും ഇസ്രായേൽ ജനവും തങ്ങളുടെ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ ഒരു സത്യം കൂടിയാണ് ഇത്.
ഒരിക്കലും കൂട്ടിമുട്ടാത്ത കിഴക്കും പടിഞ്ഞാറും പോലെ, നമ്മുടെ പാപങ്ങളെ നമ്മിൽനിന്ന് അകറ്റിനിറുത്തുകയും, മക്കളോടെന്നപോലെ തന്റെ ഭക്തരോട് അലിവ് കാട്ടുകയും (സങ്കീ. 103, 12-13) ചെയ്യുന്നവനാണ് ഇസ്രയേലിന്റെ ദൈവം. മക്കൾക്കടുത്ത മനോഭാവത്തോടെ, പിതാവായ ദൈവത്തിന്റെ സ്നേഹം തിരിച്ചറിയുകയും, സ്നേഹത്തോടെ അവനോട് ചേർന്നുനിൽക്കുകയും ചെയ്യേണ്ടവരാണ് നാമെന്ന ബോധ്യം ഈ വാക്യങ്ങൾ പകരുന്നുണ്ട്.
തന്റെ സൃഷ്ടിയായ, ബലഹീനനായ മനുഷ്യനെ അവനായിരിക്കുന്നതുപോലെ തിരിച്ചറിയുന്നവനാണ് ദൈവമെന്ന് പതിനാല് മുതലുള്ള വാക്യങ്ങളിലൂടെ ദാവീദ് ദൈവജനത്തെ ഓർമ്മിപ്പിക്കുന്നുണ്ട്. നമ്മെ മണ്ണുകൊണ്ടാണ് മെനഞ്ഞെടുത്തതെന്നും, നാം ധൂളിയാണെന്നും (സങ്കീ. 103, 14), പുല്ലുപോലെയും, കാറ്റടിക്കുമ്പോൾ കൊഴിയുകയും ആളുകൾ മറന്നുപോവുകയും ചെയ്യുന്ന വയലിലെ പൂവിനെപ്പോലെയുമാണ് മനുഷ്യജീവിതമെന്നും ദൈവത്തിനറിയാമെന്ന് സങ്കീർത്തകൻ ഉദ്ബോധിപ്പിക്കുന്നു (സങ്കീ. 103, 15-16). ഏശയ്യാപ്രവാകനും തന്റെ നാൽപ്പതാം അദ്ധ്യായത്തിൽ മനുഷ്യജീവന്റെ ക്ഷണികതയെക്കുറിച്ച് സമാനമായ വാക്കുകളിൽ ഉദ്ബോധിപ്പിക്കുന്നുണ്ട് (ഏശയ്യാ 40, 7-8). ജീവിതത്തിന്റെ നിസ്സാരതയെയും ബലഹീനതയെയുംകുറിച്ച് ബോധ്യമുള്ള, ദൈവകരുണയിൽ ശരണം വയ്ക്കുന്ന മനുഷ്യരാകാൻ ഈ വാക്യങ്ങൾ നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്. താനുമായുള്ള ഉടമ്പടികൾ പാലിക്കുകയും, തന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുന്ന തന്റെ ഭക്തരുടേമേൽ കർത്താവ് കാരുണ്യം ചൊരിയുമെന്നും, അവന്റെ നീതി തലമുറകളോളം നിലനിൽക്കുമെന്നുമുള്ള ഉറപ്പാണ് സങ്കീർത്തകൻ പതിനെട്ടാം വാക്യം വരെയുള്ള സങ്കീർത്തനത്തിന്റെ ഈ രണ്ടാം ഭാഗത്തിന്റെ അവസാനവാക്യങ്ങളിൽ നൽകുന്നത് (സങ്കീ. 103, 17-18).
സ്വർഗ്ഗസ്ഥനായ ദൈവത്തെ സകലരും വാഴ്ത്തുക
സങ്കീർത്തനത്തിന്റെ പത്തൊൻപതുമുതൽ ഇരുപത്തിരണ്ടുവരേയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന മൂന്നാമത്തേതും അവസാനത്തേതുമായ ഭാഗത്ത്, സ്വർഗ്ഗത്തിൽ തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്ന കർത്താവിന്റെ മഹത്വവും, അവന്റെ അധികാരവും ഓർമ്മിപ്പിച്ചുകൊണ്ട് (സങ്കീ. 103, 19) കർത്താവിനെ സ്‌തുക്കുവാൻ സകലരെയും, കർത്താവിന്റെ വചനം ശ്രവിക്കുകയും അവന്റെ ആജ്ഞകൾ അനുസരിക്കുകയും ചെയ്യുന്ന ദൂതരെയും (സങ്കീ. 103, 20), ദൈവഹിതമനുസരിച്ച് പ്രവർത്തിക്കുന്ന ദൈവദാസരുടെ വ്യൂഹങ്ങളെയും (സങ്കീ. 103, 21), കർത്താവിന്റെ അധികാരസീമയിൽപ്പെട്ട സകലസൃഷ്ടികളെയും തന്റെ തന്നെ ആത്മാവിനെത്തന്നെയും ആഹ്വാനം ചെയ്യുന്ന ദാവീദിനെ നമുക്ക് കാണാം (സങ്കീ. 103, 22). സകലരും, സകലതും, സ്രഷ്ടാവും നാഥനുമായ ഇസ്രയേലിന്റെ ദൈവത്തിന്റെ അധികാരത്തിൻകീഴിലാണെന്ന ഉദ്ബോധനവും, അതുകൊണ്ടുതന്നെ സകലരും അവനെ വാഴ്ത്തുകയും സ്തുതിക്കുകയും, അവനിൽ ആശ്രയിക്കുകയും ചെയ്യണമെന്നുമുള്ള ബോധ്യവുമാണ് ഈയൊരു സങ്കീർത്തനത്തിലൂടെ ദാവീദ് പകർുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
നൂറ്റിമൂന്നാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, തന്റെ ആത്മാവിനോടും, ഇസ്രായേൽ ജനതയോടുമെന്നതുപോലെ, നമ്മോടും നമ്മുടെ ബലഹീനതകളും നിസ്സാരതയും, ഒപ്പം ഇസ്രയേലിന്റെ ദൈവത്തിന്റെ അനുഗ്രഹങ്ങളും കരുണയും സ്നേഹവും തിരിച്ചറിയുവാനും, സങ്കീർത്തകനും തിരഞ്ഞെടുക്കപ്പെട്ട ജനത്തിനും സൃഷ്ടപ്രപഞ്ചത്തിനും സ്വർഗ്ഗീയവൃന്ദങ്ങൾക്കുമൊപ്പം കർത്താവിനെ വാഴ്ത്തുവാനും അവന്റെ നാമത്തെ പുകഴ്ത്തുവാനും ആഹ്വാനം ചെയ്യുന്ന ദാവീദിന്റെ ഉദ്ബോധനവും വിളിയും ഹൃദയത്തിൽ സ്വീകരിച്ച് നന്ദിയോടെ ജീവിക്കാം. അളവുകളും പരിധികളുമില്ലാതെ നമ്മെ സ്നേഹിക്കുകയും, എളിയവരായിരുന്നിട്ടും നമ്മെ കരുതുകയും പരിപാലിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ദൈവസ്നേഹത്തിന്റെ ആഴം തിരിച്ചറിയാം. നമ്മുടെ വ്യക്തിജീവിതങ്ങളിൽ അവൻ ചൊരിഞ്ഞ കൃപകളും കാരുണ്യവും ക്ഷമയും മറക്കാതെ, എന്നും അവനോട് ചേർന്ന് നിൽക്കാനും, അവനെപ്പോലെ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മുഖമുള്ളവരായിരിക്കാനും പരിശ്രമിക്കാം. "എന്റെ ആത്മാവേ, കർത്താവിനെ സ്തുതിക്കുക" എന്ന സങ്കീർത്തനവാക്യം നമ്മുടെ മനസ്സിലും ഓർത്തുവയ്ക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: