ലോകത്തിലെ സഹനങ്ങളും വിശ്വാസമേകുന്ന ദൈവാശ്രയബോധവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
"അവശനായി കർത്താവിന്റെ മുമ്പിൽ ആവലാതി ചൊരിയുന്ന പീഡിതന്റെ പ്രാർത്ഥന" എന്ന തലക്കെട്ടോടെയുള്ള നൂറ്റിരണ്ടാം സങ്കീർത്തനം വിവിധ വിലാപങ്ങളും, പ്രാർത്ഥനകളും, ഒപ്പം ദൈവാശ്രയബോധത്തിന്റേതായ ചിന്തകളും അടങ്ങിയിരിക്കുന്ന ഒരു കീർത്തനമാണ്. ബി.സി. 170-ൽ അന്ത്യോക്കസ് എപ്പിഫാനസ് നാലാമൻ ജെറുസലേം നശിപ്പിക്കുകയും ദേവാലയത്തിന് തീ വയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിൽ രൂപം കൊണ്ടതാകാം ഈ സങ്കീർത്തണമെന്ന് കരുതുന്നവരുണ്ട്. പ്രായശ്ചിത്തസങ്കീർത്തനങ്ങൾ എന്നറിയപ്പെടുന്ന ഏഴ് സങ്കീർത്തനങ്ങളിൽ ഒന്നായും നൂറ്റിരണ്ടാം സങ്കീർത്തനം കരുതപ്പെടുന്നു. 6, 32, 38, 51, 130, 143 എന്നിവയാണ് മറ്റുള്ളവ. മാനസികവും ശാരീരികവുമായ വേദനയനുഭവിക്കുന്ന ഒരുവൻ, ഇസ്രയേലിന് രക്ഷയും, തന്റെ ദേവാലയത്തിൽ നിത്യമായ സാന്നിധ്യവും വാഗ്ദാനവും ചെയ്ത ദൈവത്തിന് മുന്നിൽ ഉയർത്തുന്ന വിലാപവാക്കുകളാണ് സങ്കീർത്തനത്തിൽ നാം കാണുക. പഴയനിയമത്തിലെ തന്നെ ഏറ്റവും ആർദ്രമായ വിലാപത്തിനുടമയായ ജോബിന്റെ വാക്കുകളും ഈ സങ്കീർത്തനത്തിന്റെ രൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ടാകാം.
സങ്കീർത്തകന്റെ വിലാപം
സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങളിൽ ഒരു വൈയക്തികവിലാപമാണ് നാം കാണുന്നത്. ഭൂമിയിലെ സഹനങ്ങളുടെയും ദുരനുഭവങ്ങളുടെയും വ്യത്യസ്ത രൂപകങ്ങൾ ഉപയോഗിച്ച് തന്റെ സഹനത്തിന്റെ ആഴവും വ്യാപ്തിയും, അതിന്റെ കാഠിന്യവും ദൈവത്തിന് മുൻപിൽ ഒരു വിലാപപ്രാർത്ഥനയായി അവതരിപ്പിക്കുകയാണ് സങ്കീർത്തകൻ. തന്റെ പ്രാർത്ഥനയും നിലവിളിയും ദൈവസന്നിധിയിലെത്തുമെന്ന ഉറപ്പോടെ, തന്റെ കഷ്ടതയുടെ ദിനങ്ങളിൽ തന്നിൽ നിന്ന് മുഖം മറയ്ക്കരുതേയെന്നും, തന്റെ വിലാപസ്വരത്തിന് മുന്നിൽ ചെവിചായ്‌ച് ഉത്തരമരുളേണമേയെന്നും അവൻ പ്രാർത്ഥിക്കുന്നു (സങ്കീ. 102, 1-2). തന്റെ ജനത്തെ പൂർണ്ണമായും കൈവിടാത്ത ഒരു ദൈവമാണ് തനിക്ക് മുന്നിലെന്ന സങ്കീർത്തകന്റെ വിശ്വാസം കൂടിയാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുക.
മൂന്നുമുതൽ ഏഴുവരെ വാക്യങ്ങളിൽ, പഴയനിയമത്തിലെ ജോബിന്റെ വിലാപത്തിന്റെ ശൈലിയിൽ, തന്റെ വേദനയെ അവതരിപ്പിക്കുകയാണ് സങ്കീർത്തകൻ. പുകപോലെ കടന്നുപോകുന്ന ദിനങ്ങൾ, അഗ്നിയിലെരിയുന്ന തീക്കൊള്ളിപോലെ എരിയുന്ന അസ്ഥികൾ, നിരാശയുടെ വേനൽച്ചൂടിൽ പുല്ലുപോലെ വാടിപ്പോകുന്ന ഹൃദയം, "എന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും ഒട്ടിയിരിക്കുന്നു" എന്ന ജോബിന്റെ വാക്കുകളെ അനുസ്മരിപ്പിക്കുന്ന (ജോബ് 19, 20), "കരഞ്ഞു കരഞ്ഞു ഞാൻ എല്ലും തോലുമായി" (സങ്കീ. 102, 5) എന്ന വാക്കുകൾ, മരുഭൂമിയുടെ ഊഷരതയിൽ വേഴാമ്പൽ പോലെയും വിജനപ്രദേശത്തെ മൂങ്ങയെപ്പോലെയും ഒറ്റപ്പെട്ട ജീവിതം തുടങ്ങിയ ആശയങ്ങളിലൂടെ തന്റെ വേദനയുടെ ആഴമാണ് സങ്കീർത്തകൻ കർത്താവിന് മുന്നിൽ വിവരിക്കുന്നത്.
രണ്ടു കാരണങ്ങളാണ് തന്റെ ദുരിതാവസ്ഥയ്ക്ക് ഹേതുക്കളായി സങ്കീർത്തകൻ എടുത്തുകാട്ടുന്നത്. എട്ടുമുതൽ പതിനൊന്നുവരെയുള്ള ഭാഗത്ത് നമുക്കിത് കാണാം. ഇതിൽ ഒന്നാമത്തേത്, തന്റെ ശത്രുക്കളുടെ നിന്ദനവും വൈരികളുടെ ശാപവുമാണ് (സങ്കീ. 102, 8). മറ്റുള്ളവരുടെ പരിഹാസമാണ് വീഴ്ചയേക്കാൾ വേദനാജനകം. "ചാരം എന്റെ ആഹാരമായിത്തീർന്നിരിക്കുന്നു; എന്റെ പാനപാത്രത്തിൽ കണ്ണീർ കലരുന്നു" എന്ന ഒൻപതാം വാക്യം, എത്രമാത്രം കയ്പുനിറഞ്ഞ ഒരു ജീവിതമാണ് സങ്കീർത്തകന്റേതെന്ന് വ്യക്തമാക്കുന്നു. ദൈവം തന്നെ ക്രോധത്താൽ വലിച്ചെറിഞ്ഞതിനാലാണ് താൻ ഈ വേദനകൾ അനുഭവിക്കേണ്ടിവരുന്നതെന്ന പത്താം വാക്യത്തിലെ പരാതി, വിശ്വാസിക്ക് ദൈവികസാന്നിദ്ധ്യത്തിലുള്ള ജീവിതം എത്രമാത്രം ആശ്വാസദായകമാണെന്ന സൂചന നൽകുന്നതാണ്. സങ്കീർത്തകന്റെ ദുരിതാവസ്ഥയുടെ രണ്ടാമത്തെ കാരണം ഈയൊരു അകൽച്ചയാണ്. സായാഹ്നത്തിലെ നിഴൽ പോലെയും, വാടിക്കരിഞ്ഞ പുല്ലുപോലെയും (സങ്കീ. 102, 11), ജീവിതത്തിന്റെ നിരാശയുടെയും തകർച്ചയുടെയും അനുഭവങ്ങളിലൂടെയാണ് സങ്കീർത്തകൻ കടന്നുപോകുന്നത്.
സീയോന്റെ തകർച്ചയും വളർച്ചയും
സങ്കീർത്തനത്തിന്റെ പന്ത്രണ്ടു മുതൽ ഇരുപത്തിരണ്ടുവരെയുള്ള വാക്യങ്ങളിൽ, സീയോന്റെ, തകർക്കപ്പെട്ട ദൈവനഗരത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കപ്പെടുന്നതിനെക്കുറിച്ചുള്ള പ്രത്യാശാനിറഞ്ഞ ചിന്തകളാണ് സങ്കീർത്തകൻ പങ്കുവയ്ക്കുന്നത്. പ്രതീക്ഷകളറ്റ മനുഷ്യന് മുന്നിൽ, എന്നേക്കും സിംഹാസനസ്ഥനായ കർത്താവിനെക്കുറിച്ചും, തലമുറകളോളം നിലനിൽക്കുന്ന അവിടുത്തെ നാമത്തെക്കുറിച്ചുമുള്ള (സങ്കീ. 102, 12) സങ്കീർത്തകന്റെ വാക്കുകൾ പ്രത്യാശപകരുന്നവയാണ്.
സീയോന്റെ തകർച്ചയുടെ മുന്നിൽ പ്രത്യാശയറ്റിരുന്ന, അതിന്റെ കല്ലുകളും പൊടിയും പോലും പ്രിയങ്കരമായിരുന്ന (സങ്കീ. 102, 14) ഇസ്രായേൽ ജനതയ്ക്ക് ആശ്വാസവും ആനന്ദവും പകരുന്ന വാക്കുകളാണ് പതിമൂന്ന് മുതലുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ പങ്കുവയ്ക്കുക. സീയോനോട് കർത്താവ് കരുണയും കൃപയും കാണിക്കുന്ന സമയം വന്നുചേർന്നിരിക്കുന്നു (സങ്കീ. 102, 13). ജനതകൾ കർത്താവിന്റെ നാമത്തെയും, രാജാക്കന്മാർ അവന്റെ മഹത്വത്തെയും ഭയപ്പെടുന്ന വിധത്തിൽ (സങ്കീ. 102, 15), കർത്താവ് സീയോനെ പണിതുയർത്തുകയും, മഹത്വത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും (സങ്കീ. 102, 16) എന്ന വാക്യങ്ങളിലൂടെ ഇസ്രയേലിന്റെ ദൈവം മുഴുവൻ ലോകത്തിനും മുന്നിൽ ബഹുമാനിതനായി കണക്കാക്കപ്പെടുന്ന ഒരു ദിനത്തെക്കുറിച്ചാണ് സങ്കീർത്തകൻ സംസാരിക്കുന്നത്.
തന്റെ ജനത്തിന്, ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് സമീപസ്ഥനായ ഒരു ദൈവചിത്രമാണ് സങ്കീർത്തകൻ പതിനേഴ് മുതലുള്ള വാക്യങ്ങളിലൂടെ കാണിച്ചുതരുന്നത്. അഗതികളുടെ പ്രാർത്ഥനകളും യാചനകളും നിരസിക്കാത്ത (സങ്കീ. 102, 17), തടവുകാരുടെ ഞരക്കം കേൾക്കാനും, മരണത്തിന് വിധിക്കപ്പെട്ടവരെ സ്വാതന്ത്രരാക്കാനും വേണ്ടി തന്റെ വിശുദ്ധ മന്ദിരത്തിൽനിന്ന് താഴേക്ക്, സ്വർഗ്ഗത്തിൽനിന്ന് ഭൂമിയിലേയ്ക്ക് നോക്കുന്ന ഒരു ദൈവം (സങ്കീ. 102, 19-20). ഇനിയും ജനിച്ചിട്ടില്ലാത്ത ജനം പോലും ഈയൊരു ദൈവത്തെ സ്തുതിക്കാൻ വേണ്ടി, ഇത് എഴുതപ്പെടണമെന്നും സങ്കീർത്തകൻ ആവശ്യപ്പെടുന്നു (സങ്കീ. 102, 18). ജനതകളും രാജ്യങ്ങളും സീയോനിൽ കർത്താവിന്റെ നാമവും ജറുസലേമിൽ അവിടുത്തെ സ്തുതിയും പ്രഘോഷിക്കുന്ന ഒരു ദിനത്തെക്കുറിച്ചുള്ള ആശയം സങ്കീർത്തകൻ ഇരുപത്തിയൊന്നും ഇരുപത്തിരണ്ടും വാക്യങ്ങളിൽ ആവർത്തിക്കുന്നുണ്ട്.
ആവർത്തിക്കപ്പെടുന്ന വിലാപവറും പ്രത്യാശയും
സങ്കീർത്തനത്തിന്റെ ഇരുപത്തിമൂന്ന് മുതലുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന അവസാനഭാഗത്ത്, തന്റെ ദുരിതങ്ങളും ഭയവും വേദനകളും, പ്രത്യാശ നശിക്കാതെ, ദൈവത്തിന് മുൻപിൽ പ്രാർത്ഥനയായി അവതരിപ്പിക്കുന്ന സങ്കീർത്തകനെയാണ് നാം കാണുന്നത്. സങ്കീർത്തനത്തിന്റെ ഒന്നാം ഭാഗത്തിന്റെ തുടർച്ചയോ മറ്റേതെങ്കിലും വിലാപഗാനത്തിന്റെ ബാക്കിയോ ആകാം ഇതെന്ന് കരുതപ്പെടുന്നു. തന്റെ ആയുസ്സിന്റെ മധ്യത്തിൽവച്ച്, ദൈവം തന്റെ ശക്തി തകർത്തെന്നും, തന്റെ ദിനങ്ങൾ വെട്ടിച്ചുരുക്കിയെന്നും പരാതി പറയുന്ന സങ്കീർത്തകൻ (സങ്കീ. 102, 23), എന്നാൽ, ഒരിക്കൽ വസ്ത്രം പോലെ പഴകിപ്പോവുകയും, നശിച്ചുപോവുകയും ചെയ്യുന്ന ഭൂമിക്ക് അടിസ്ഥാനമിടുകയും, ആകാശം സൃഷ്ടിക്കുകയും എന്നാൽ എന്നും നിലനിൽക്കുകയും, മാറ്റമില്ലാത്തവനും (സങ്കീ. 102, 25-27), വത്സരങ്ങൾക്ക് അറുതിയില്ലാത്തവനുമായ ദൈവത്തിന് മുന്നിൽ തന്റെ ആയുസ്സിന്റെ മധ്യത്തിൽവച്ച് തന്നെ എടുക്കരുതേയെന്ന് വിശ്വാസത്തോടെ യാചിക്കുന്നു (സങ്കീ. 102, 24). "അങ്ങയുടെ ദാസരുടെ മക്കൾ സുരക്ഷിതരായി വസിക്കും; അവരുടെ സന്തതിപരമ്പര അങ്ങയുടെ മുൻപിൽ നിലനിൽക്കും" എന്ന ശുഭാപ്തിവിശ്വാസം നിറഞ്ഞ വാക്കുകളോടെയാണ് (സങ്കീ. 102, 28) സങ്കീർത്തനം അവസാനിക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
തകർന്ന സീയോന്റെയും, ദുരിതത്തിലാഴ്ന്ന ജീവിതത്തിന്റെയും മുന്നിൽ, നിരാശയിലകപ്പെട്ട ഒരു വിശ്വാസിയുടെ സഹന-ദുഃഖാനുഭവങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്ന നൂറ്റിരണ്ടാം സങ്കീർത്തനവിചിന്തനം അവസാനിക്കുമ്പോൾ, നിരാശയ്ക്കും പരാജയങ്ങൾക്കും അപമാനങ്ങൾക്കും മനുഷ്യരിൽനിന്നും ദൈവത്തിൽനിന്നുമുള്ള ഒറ്റപ്പെടലിന്റെയും ഭയചിന്തകൾക്കപ്പുറം, എന്നന്നേക്കുമായി നമ്മെ കൈ വെടിയാത്ത, നമ്മുടെ ഹൃദയവിലാപങ്ങൾ അറിയുന്ന, നമ്മുടെ ഹൃദയമിടിപ്പുകൾ കാതോർത്ത് കേൾക്കുന്ന, നമ്മെ രക്ഷിക്കുന്ന, എന്നും നിലനിൽക്കുന്ന ഒരു ദൈവമാണ് നമുക്കുള്ളതെന്ന ശുഭാപ്‌തിവിശ്വാസത്തോടെ വിശ്വാസജീവിതത്തിൽ മുന്നോട്ട് പോകാൻ ഈ വൈയക്തികാവിലാപഗീതത്തിലെ സങ്കീർത്തകന്റെ വാക്കുകളിലുടെ ദൈവം നമ്മെ വിളിക്കുന്നത് നമുക്ക് തിരിച്ചറിയാൻ പരിശ്രമിക്കാം. ദുരിതങ്ങളോ അപഹാസങ്ങളോ, വീഴ്ചകളോ അല്ല, അവസാനമില്ലാത്ത, കാരുണ്യവാനും വിശ്വസ്തനുമായ ദൈവത്തിന്റേതാണ് നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള അവസാനവാക്കെന്ന ബോധ്യം നമ്മുടെ ജീവിതത്തിൽ പ്രത്യാശ നിറയ്ക്കട്ടെ. ജീവിതദുരിതങ്ങളുടെ നെരിപ്പോടുകളിൽ കരിഞ്ഞമരാതെ, ദൈവത്തിന്റെ കൺകോണുകളിൽ നമ്മുടെ ചിത്രവും തെളിയുന്നുണ്ടെന്ന, അവൻ നമ്മെ കൈവെടിയാത്ത ദൈവമാണെന്ന ബോധ്യത്തോടെയും, തകരാത്ത വിശ്വാസത്തോടെയും ദൈവാശ്രയബോധത്തോടെയും മുന്നോട്ടുപോകാൻ നമുക്ക് സാധിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: