MAP

സങ്കീർത്തനചിന്തകൾ - 100 സങ്കീർത്തനചിന്തകൾ - 100 

നല്ലവനായ കർത്താവും തിരിച്ചറിവിന്റെ ജനവും

വചനവീഥി: നൂറാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - നൂറാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

"കൃതജ്ഞതാബലിക്കുള്ള സങ്കീർത്തനം" എന്ന തലക്കെട്ടോടെയുള്ള നൂറാം സങ്കീർത്തനം ഘോഷയാത്രകളിൽ ഉപയോഗിച്ചിരുന്ന ഒരു ഗീതമാണെന്ന് കരുതപ്പെടുന്നു. അഞ്ചു വാക്യങ്ങൾ മാത്രമുള്ള ഈ സങ്കീർത്തനത്തിന്റെ ഉള്ളടക്കം യാഹ്‌വെ ദൈവമാണെന്നുമുള്ള പ്രഖ്യാപനമാണ്. സ്രഷ്ടാവും തന്റെ ജനത്തെ പരിപാലിക്കുന്നവനുമായ കർത്താവിനെ സന്തോഷത്തോടെയും ഗാനാലാപനത്തോടെയും സ്തുതിക്കുവാൻ സങ്കീർത്തകൻ ഏവരെയും പ്രത്യേകിച്ച് ഇസ്രായേൽ ജനത്തെ ആഹ്വാനം ചെയ്യുന്നു. ദേവാലയത്തിലേക്കുള്ള ഒരു യാത്രയുടെ പശ്ചാത്തലം ഈ സങ്കീർത്തനത്തിൽ വ്യക്തമാണ്. കർത്താവ് നല്ലവനും കാരുണ്യവാനും വിശ്വസ്തനുമാണെന്ന ബോധ്യത്തോടെയും, ചരിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള തിരിച്ചറിവോടെയും ദൈവത്തിന്  നന്ദി പറയാനും അവന്റെ നാമത്തെ വാഴ്ത്താനും ഇസ്രായേൽ ജനം വിളിക്കപ്പെട്ടിരിക്കുന്നു. കർത്താവ് നമ്മുടെ ഇടയാനാണെന്നും അവിടുന്ന് നല്ലവനാണെന്നുമുള്ള തിരിച്ചറിവ് നന്ദിയുടെ ഭാവം നമ്മിൽ നിറയ്‌ക്കേണ്ടിയിരിക്കുന്നു. ലോകം മുഴുവനും വേണ്ടിയുള്ള ഒരു ക്ഷണമാണ് ഈ സങ്കീർത്തനമെങ്കിലും, തങ്ങൾ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന തിരിച്ചറിവുള്ള ഇസ്രായേൽ ജനത്തെ സംബന്ധിച്ചിടത്തോളം ഈ സങ്കീർത്തനം അവർക്കുള്ള വ്യക്തിപരമായ ഒരു ക്ഷണമായി മാറുന്നുണ്ട്. തലമുറകളോളം നീണ്ടുനിൽക്കുന്ന അവിടുത്തെ വിശ്വസ്തതയും സ്നേഹവും തലമുറകൾ തിരിച്ചറിയുകയും അതിനോട് നന്ദി നിറഞ്ഞ ഹൃദയത്തോടെ പ്രത്യുത്തരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

എങ്ങനെ എന്തുകൊണ്ട് എവിടെ ദൈവത്തെ സ്തുതിക്കണം

നൂറാം സങ്കീർത്തനം എങ്ങനെ, എന്തുകൊണ്ട്, എവിടെ ദൈവത്തെ സ്തുതിക്കണം എന്നിങ്ങനെയുള്ള മൂന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരമാണെന്ന് നമുക്ക് കാണാം.

ഇതിൽ "ഭൂമി മുഴുവൻ കർത്താവിന്റെ മുൻപിൽ ആനന്ദഗീതം ഉതിർക്കട്ടെ. സന്തോഷത്തോടെ ശുശ്രൂഷ ചെയ്യുവിൻ; ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയിൽ വരുവിൻ" (സങ്കീ. 100, 1-2) എന്നീ ഒന്നും രണ്ടും വാക്യങ്ങൾ എങ്ങനെ ദൈവത്തെ സ്തുതിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. മുൻപുള്ള സങ്കീർത്തനങ്ങളിൽനിന്ന് വ്യത്യസ്തമായി ദൈവത്തിന്റെ മഹത്വമോ അധികാരമോ ശക്തിയോ വർണ്ണിച്ചുകൊണ്ടല്ല നൂറാം സങ്കീർത്തനം ആരംഭിക്കുന്നത്. ലളിതവും എന്നാൽ കൃത്യവുമായ ഒരു ക്ഷണമാണ് ഇവിടെ നാം കാണുക. ദൈവജനമെന്ന രീതിയിൽ ഇസ്രായേൽ ജനത്തിന് ദൈവസന്നിധിയിലുള്ള സ്വീകാര്യത കണക്കിലെടുക്കുമ്പോൾത്തന്നെ, ഇവിടെ നാം കാണുന്ന ക്ഷണം ഭൂമി മുഴുവനും, അതുകൊണ്ടുതന്നെ സകല ജനതകൾക്കുമുള്ള ഒരു ആഹ്വാനമാണെന്ന് നമുക്ക് കാണാം. കർത്താവിന് മുന്നിൽ ആനന്ദഗീതം ഉതിർക്കാനും, അവന് സന്തോഷത്തോടെ ശുശ്രൂഷ ചെയ്യാനും, അവന്റെ സന്നിധിയിൽ ഗാനാലാപത്തോടെ വരാനുമാണ് സങ്കീർത്തകൻ മുന്നോട്ടുവയ്ക്കുന്ന വിളി. പ്രജകൾ തങ്ങളുടെ രാജാവിന് മുന്നിൽ, ദൈവജനം ദൈവത്തിന് മുന്നിൽ എപ്രകാരമാണോ ആനന്ദിക്കുക, അതെ സന്തോഷത്തോടെ യാഹ്‌വെയ്ക്ക് മുന്നിൽ ഗീതം ആലപിക്കുക എന്നത്, ദൈവത്തിന് മുന്നിൽ ഒരു വിശ്വാസി അനുഭവിക്കേണ്ട സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റെയും സുരക്ഷിതത്വത്തിന്റെയും മനോഭാവങ്ങളെ വ്യക്തമാക്കുന്നുണ്ട്. ഒരു അധികാരിയുടെയോ രാജാവിന്റെയോ മുന്നിൽ പ്രജകൾ തങ്ങളുടെ കടമകൾ നിർവ്വഹിക്കുന്നതുപോലെയോ, ദേവാലയത്തിൽ തങ്ങളുടെ തവണയനുസരിച്ച് ഔപചാരികമായി ഒരുവൻ ശുശ്രൂഷ ചെയ്യുന്നതുപോലെയോ അല്ല, സന്തോഷത്തോടെ, മനസ്സുനിറഞ്ഞ് വേണം ദൈവത്തിന് ശുശ്രൂഷ ചെയ്യേണ്ടത് എന്ന ഒരു ബോധ്യമാണ് രണ്ടാം വാക്യത്തിന്റെ ആദ്യഭാഗം നൽകുന്നത്. ദൈവവുമായുള്ള ബന്ധം ആനന്ദത്തിന്റേതായിരിക്കണമെന്ന ഒരു ചിന്തകൂടി ഇവിടെ നമുക്ക് കാണാം. മറ്റു പല സങ്കീർത്തനങ്ങളിലുമെന്നപോലെ  ഗാനാലാപത്തിലൂടെയുള്ള സ്തുതിയർപ്പണത്തിന്റെ പ്രാധാന്യവറും ഈ വാക്യത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. ദൈവസ്തുതിയുടെ പ്രധാനപ്പെട്ട ഒരു മാർഗ്ഗവും ഗാനാലാപനമാണ്. സംഗീതത്തോടെയുള്ള സ്തുതിയർപ്പിക്കൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ മെച്ചപ്പെട്ട ആരാധനയുടെ പ്രകടനമായാണല്ലോ കണക്കാക്കപ്പെടുന്നത്.

എന്തുകൊണ്ട് ദൈവത്തിന് നാം സ്തുതിയർപ്പിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് "കർത്താവ് ദൈവമാണെന്ന് അറിയുവിൻ; അവിടുന്നാണ് നമ്മെ സൃഷ്ടിച്ചത്; നമ്മൾ അവിടുത്തെത്താണ്; നാം അവിടുത്തെ ജനവും അവിടുന്ന് മേയ്ക്കുന്ന അജഗണവുമാകുന്നു" (സങ്കീ. 100, 3) എന്ന മൂന്നാം വാക്യത്തിലും, കർത്താവ് നല്ലവനാണ്, അവിടുത്തെ കാരുണ്യം ശാശ്വതമാണ്; അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനിൽക്കും" (സങ്കീ. 100, 5) എന്ന അഞ്ചാം വാക്യത്തിലും നാം കാണുന്നത്. യാഹ്‌വെ, കർത്താവ് ദൈവമാണെന്ന ബോധ്യത്തിൽനിന്നാണ് എന്തുകൊണ്ട് അവനെ സ്തുതിക്കണം എന്ന തിരിച്ചറിവ് നമ്മിൽ ഉളവാകുന്നത്. ഇസ്രയേലിന്റെയും നമ്മുടെയും, ലോകം മുഴുവന്റെയും സ്രഷ്ടാവും, പരിപാലകനുമാണവിടുന്ന് എന്ന അറിവ് എന്തുകൊണ്ട് കർത്താവിന് സ്തുതിഗീതമാലപിക്കണമെന്ന നമ്മുടെ ബോധ്യത്തെ കൂടുതൽ ആഴപ്പെടുത്തുകയും അധികാരികമാക്കുകയും ചെയ്യും. നമുക്ക് നാം തന്നെ മതി എന്ന ചിന്തയും, നമുക്ക് നമ്മെത്തന്നെ മെനഞ്ഞെടുക്കാമെന്ന വിചാരവുമൊക്കെ എത്ര ബാലിശവും അർത്ഥരഹിതവുമാണെന്നും, നാമല്ല, ദൈവമാണ് സകലത്തിന്റെയും സ്രഷ്ടാവും, യഥാർത്ഥ പരിപാലകനുമെന്നുമുള്ള ഒരു ഉദ്‌ബോധനം ഈ വരികളിലൂടെ സങ്കീർത്തകൻ ലോകത്തിന് മുഴുവനുമായി മുന്നോട്ടുവയ്ക്കുന്നുണ്ട്. കർത്താവ് മേയ്ക്കുന്ന അജഗണമെന്ന ഒരു ചിത്രം ഇസ്രായേൽ ജനതയുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. തന്റെ ആടുകളെ ഒരിടയൻ എപ്രകാരം പരിപാലിക്കുന്നുവോ അതെ കരുതലോടെയാണ് നമ്മെ ദൈവം പരിപാലിക്കുന്നത്. "കർത്താവാണ് എന്റെ ഇടയൻ, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല" എന്ന ഇരുപത്തിമൂന്നാം സങ്കീർത്തനം ഒന്നാം വാക്യവും, സമാനചിന്ത മുന്നോട്ടുവയ്ക്കുന്ന തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം ഏഴാം വാക്യവുമൊക്കെ ഈയൊരു ആശയത്തെ കൂടുതൽ വ്യക്തമാക്കുന്നുണ്ട്.

ഏതാണ് ദൈവത്തിന് സ്തുതിയർപ്പിക്കാനുള്ള ഏറ്റവും മികച്ച ഇടം എന്ന ഒരു ചോദ്യത്തിനുള്ള ഉത്തരവും ഈ ചെറിയ സങ്കീർത്തനം നൽകുന്നുണ്ട്. നാലാം വാക്യത്തിലാണ് നാം ഇത് കാണുക. "കൃതജ്ഞതാഗീതത്തോടെ അവിടുത്തെ കവാടങ്ങൾ കടക്കുവിൻ; സ്തുതികൾ ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തിൽ പ്രവേശിക്കുവിൻ. അവിടുത്തേക്ക് നന്ദി പറയുവിൻ; അവിടുത്തെ നാമം വാഴ്ത്തുവിൻ" (സങ്കീ. 100, 4). ദൈവത്തിന്റെ ഭവനമായ ദേവാലയമാണ് ദൈവസ്‌തുതികൾ ആലപിക്കുവാൻ ഏറ്റവും മികച്ചയിടമെന്ന ഒരു ബോധ്യമാണ് ഇവിടെ നമുക്ക് ലഭിക്കുക. ലോകം മുഴുവനും ദൈവസാന്നിദ്ധ്യമുണ്ടെങ്കിലും, അവന്റെ പ്രത്യേക സാന്നിദ്ധ്യമുള്ള, ദൈവഭവനമായി കരുതപ്പെടുന്ന ദേവാലയത്തിൽ പ്രവേശിക്കുന്ന വിശ്വാസിക്ക്, ദൈവസാന്നിദ്ധ്യത്തിലായിരിക്കാൻ സാധിക്കുന്നതുതന്നെ, അവന്റെ സ്തുതികൾ ആലപിക്കുവാനുള്ള ഒരു കാരണമായി മാറുന്നുണ്ട്. ദേവാലയമെന്ന ഒരിടത്തിന്റെ സാമൂഹികമായ പ്രാധാന്യം കൂടിയാണ് സങ്കീർത്തനം നമുക്ക് മുന്നിൽ എടുത്തുകാട്ടുന്നത്. ഹൃദയത്തിലും, നമ്മുടെ സ്വകാര്യയിടങ്ങളിലും, ഭവനങ്ങളിലും ഉയരുന്ന ദൈവസ്‌തുതി ദൈവത്തിന് മുന്നിൽ സ്വീകാര്യത കുറഞ്ഞതല്ല എങ്കിലും, ദേവാലയത്തിൽ, സമൂഹത്തിനും സഹോദരങ്ങൾക്കുമൊപ്പമുള്ള ദൈവാരാധനയും സ്തുതിയും, ചുറ്റുമുള്ളവർക്ക് ഒരു സാക്ഷ്യവും സഹായവുമായി മാറുന്നുണ്ട് എന്ന് നാം തിരിച്ചറിയണം.

സങ്കീർത്തനം ജീവിതത്തിൽ

കർത്താവ് നല്ലവനും, നമ്മുടെ സ്രഷ്ടാവും പരിപാലകനുമാണെന്ന തിരിച്ചറിവിൽ, അവനോട് ചേർന്ന് നിൽക്കാനും, അവന് മുന്നിൽ സന്തോഷപൂർവ്വം സ്തുതിയും ശുശ്രൂഷയും അർപ്പിക്കാനും നമ്മെ ആഹ്വാനം ചെയ്യുന്ന നൂറാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ഈ ചെറുഗീതം നമ്മുക്ക് മുന്നിൽ വയ്ക്കുന്ന ഉദ്ബോധനങ്ങൾ ഹൃദയത്തിൽ ഉൾക്കൊണ്ട്, നന്ദിയുള്ള മനുഷ്യരായി ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം. യാഹ്‌വെയുടെ വിശ്വസ്‌തതയും സ്നേഹവും ഇസ്രായേൽ ജനത്തിന് മാത്രമല്ല, നാമുൾപ്പെടുന്ന തലമുറകളോളം നീണ്ടുനിൽക്കുന്നതാണെന്ന ബോധ്യം നമ്മിൽ പ്രത്യാശയും ശരണവും വളർത്തട്ടെ. ദൈവത്തിന്റെ അജഗണമാണ് നാമെന്ന ബോധ്യം, അവനോട് ചേർന്ന് നിൽക്കാനും, അവനിൽ സുരക്ഷിതത്വം കണ്ടെത്താനും നമ്മെ സഹായിക്കട്ടെ. ഇസ്രായേൽ ജനം മാത്രമല്ല, സങ്കീർത്തകൻ ഒന്നാം വാക്യത്തിൽ ആഹ്വാനം ചെയ്തതുപോലെ, ഭൂമി മുഴുവനും യാഹ്‌വെയെ തങ്ങളുടെ ദൈവവും നാഥനുമായി തിരിച്ചറിഞ്ഞ്, അവന്റെ ദേവാലയത്തിൽ ആരാധിക്കുകയും സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്യുന്ന ഒരു ദിനത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കാം. മനോഹരമായ ദേവാലയാങ്കണത്തിൽ മാലാഖമാർക്കും സ്വർഗ്ഗീയവൃന്ദങ്ങൾക്കുമൊപ്പം നമുക്കും നിത്യം വസിക്കുകയും നമ്മുടെ കർത്താവായ ദൈവത്തിന് സ്വീകാര്യമായ ഒരു സ്തുതിഗീതമായി ജീവിതം സമർപ്പിക്കുകയും ചെയ്യാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ജനുവരി 2025, 15:48