MAP

ജീവൻ പണയം വച്ചുള്ള യാത്ര - ലാംപദൂസ തീരത്തുനിന്നുള്ള ഒരു ദൃശ്യം ജീവൻ പണയം വച്ചുള്ള യാത്ര - ലാംപദൂസ തീരത്തുനിന്നുള്ള ഒരു ദൃശ്യം  (ANSA)

മെഡിറ്ററേനിയൻ കടലിൽ ബോട്ട് മുങ്ങി രണ്ടു കുട്ടികൾ മരണമടഞ്ഞു: യൂണിസെഫ്

കഴിഞ്ഞ ദിവസം ലാംപദൂസ തീരം ലക്ഷ്യമാക്കി അഭയാർത്ഥികളുമായെത്തിയ ബോട്ട് മുങ്ങി രണ്ട് കുട്ടികൾ മരണമടഞ്ഞതായും ഒരു കുട്ടിയെ കാണാതായതായും യൂണിസെഫ് അറിയിച്ചു. യൂറോപ്പിലേക്കും മദ്ധ്യേഷ്യയിലേക്കുമുള്ള യൂണിസെഫിന്റെ ഇറ്റലിയിലെ കോഓർഡിനേറ്റർ നിക്കോള ആർചിപ്രേത്തെയാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഞായറാഴ്ച രാത്രി മെഡിറ്ററേനിയൻ കടലിൽ ലാംപദൂസയോടടുത്ത് ബോട്ടുമുങ്ങിയുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ മരണമടഞ്ഞതായും, ഒരു കുട്ടിയെ കാണാതായതായും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിന്റെ ഇറ്റലിയിലെ വിഭാഗം കോഓർഡിനേറ്റർ നിക്കോള ആർചിപ്രേത്തെ അറിയിച്ചു. സംഭവത്തിൽ പതിനഞ്ചുപേരെ രക്ഷിക്കാനായതായാണ് സംഘടന അറിയിച്ചത്.

കഴിഞ്ഞ മാസം മാത്രം മെഡിറ്ററേനിയൻ കടലിൽ യൂറോപ്പിലേക്കുള്ള യാത്രാമധ്യേ മുന്നൂറിലധികം ആളുകൾ മുങ്ങിമരിച്ചതായി യൂണിസെഫ് ഇറ്റാലി വിഭാഗം പ്രതിനിധി പ്രസ്താവിച്ചു. സായുധസംഘർഷങ്ങളും, ദാരിദ്ര്യവും, പീഡനങ്ങളും മൂലം തങ്ങളുടെ രാജ്യങ്ങളിൽനിന്ന് രക്ഷപ്പെടാനായും, മെച്ചപ്പെട്ട ജീവിതം തേടിയുമാണ് ഇവരിൽ നല്ലൊരു വിഭാഗവും യൂറോപ്പിലേക്കെത്തുന്നത്. ഇതുപോലെയുള്ള അപകടങ്ങൾ അവർത്തിക്കപ്പെടരുതെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു.

കുടിയേറ്റവും, അഭയാർത്ഥികളായി എത്തുന്നതും സംബന്ധിച്ചുള്ള കരാറനുസരിച്ച് ആളുകൾക്ക് യൂറോപ്പിലേക്ക് സുരക്ഷിതമായും നിയമപരമായും എത്തുവാനുള്ള മാർഗ്ഗങ്ങൾ പാലിക്കണമെന്നും, കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും യൂണിസെഫ് ഓർമ്മിപ്പിച്ചു.

ബോട്ടപകടങ്ങൾ പോലെയുള്ള സംഭവങ്ങളിൽപ്പെടുന്ന ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനും, യൂറോപ്പിലെത്തുന്നവർക്ക് അഭയമേകുന്നതിനും ശ്രമങ്ങൾ തുടരണമെന്ന് ശിശുക്ഷേമനിധി പ്രതിനിധി ആവശ്യപ്പെട്ടു. എന്നാൽ അതോടൊപ്പം, കുടിയേറ്റത്തിന് പിന്നിലുള്ള കാരണങ്ങൾക്ക് ഉത്തരം തേടാനും, കുടിയേറ്റക്കാരായെത്തിയവർക്ക് സമൂഹത്തിൽ ആരോഗ്യപരമായ രീതിയിൽ ഇടകലരാനുള്ള മാർഗ്ഗങ്ങൾ ഉറപ്പാക്കാനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ശ്രമങ്ങൾ വേണമെന്നും യൂണിസെഫ് പ്രതിനിധി ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ജനുവരി 2025, 14:18