കാലിഫോർണിയയിലെ അഗ്നിബാധ: ജോ ബൈഡന്റെ ഇറ്റാലിയൻ യാത്ര റദ്ദാക്കി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
അമേരിക്കൻ പ്രസിഡന്റ് പദവി ഒഴിയുന്നതിനു മുൻപായി, ഫ്രാൻസിസ് പാപ്പാ, ഇറ്റാലിയൻ പ്രസിഡൻ്റ് സെർജോ മത്തറെല്ല, പ്രധാനമന്ത്രി ജോർജ മെലോനി എന്നിവരുമായി കൂടിക്കാഴ്ച നടത്താനിരുന്ന, തൻ്റെ ഇറ്റലി യാത്ര റദ്ദാക്കാൻ ജോ ബൈഡൻ തീരുമാനിച്ചു. കാലിഫോർണിയയിലുണ്ടായ അതിതീവ്രമായ അഗ്നിബാധ അഭൂതപൂർവ്വമായ അടിയന്തിരാവസ്ഥയിലേക്ക് നയിച്ചതിനാലാണ് ഈ തീരുമാനം പ്രസിഡന്റ് കൈക്കൊണ്ടത്. ഇതുവരെ അഞ്ചുപേർ അഗ്നിബാധയിൽ കൊല്ലപ്പെടുകയും, 1,30,000-ത്തിലധികം ആളുകളെ സംഭവസ്ഥലത്തുനിന്നും ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി മാസം ഏഴാം തീയതിയാണ് കാലിഫോർണിയയിലെ ലോസ് ആഞ്ചലസിന് ചുറ്റുമുള്ള വനങ്ങളിൽ അഗ്നി പൊട്ടിപ്പുറപ്പെട്ടത്.
ഈ ദിവസങ്ങളിൽ എല്ലാവരും കാലാവസ്ഥാ അടിയന്തരാവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വൈറ്റ് ഹൌസ് ആവശ്യപ്പെട്ടു. സി-130 വിമാനങ്ങൾ പോലുള്ള സൈനിക സഹായങ്ങൾ പെന്റഗൺ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അനിയന്ത്രിതമായ കാറ്റും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയുയർത്തുന്നുണ്ട്. 10,000 ഹെക്ടർ ഭൂമി ഇതുവരെ കത്തിനശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്ത് വൈദ്യുതിയും ദിവസങ്ങളായി നിലച്ചിരിക്കുകയാണ്.
അമേരിക്കക്കാർക്ക് ഇതിനകം നിരവധി കാലാവസ്ഥാ ദുരന്തങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വികസിത പ്രദേശത്ത് ഉയർന്ന ജീവിതച്ചെലവിന് സമാന്തരമായി സമാനമായ സംഭവങ്ങളുടെ വ്യാപനം വർദ്ധിക്കുന്നത് ഏറെ ആശങ്കയുണർത്തുന്നു. പ്രശസ്തമായ ഹോളിവുഡ് ഹിൽസിലും അഗ്നിബാധയുണ്ടായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: