ഹൈറ്റിയിൽ അക്രമം കഞ്ഞുങ്ങളുടെ അവസ്ഥ പരിതാപകരമാക്കുന്നു, യുണിസെഫ് !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കരീബിയൻ നാടായ ഹൈറ്റിയിൽ 8-ൽ ഒരു കുട്ടിവീതം കുടിയിറക്കപ്പെട്ട അവസ്ഥയിൽ കഴിയേണ്ടിവരുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് (UNICEF) വെളിപ്പെടുത്തുന്നു.
അന്നാട്ടിൽ അരങ്ങേറുന്ന അക്രമങ്ങളാണ് ഇതിനു കാരണമെന്ന് ഈ സംഘടന വ്യക്തമാക്കുന്നു. സ്വഭവനം വിട്ട് ഹൈറ്റിക്കുള്ളിൽത്തന്നെ ആലംബഹീനരായി കഴിയുന്നവരുടെ എണ്ണം പത്തുലക്ഷത്തിലേറെയാണെന്നും ഇവരിൽ പകുതിയലേറെയും കുട്ടികളാണെന്നും സംഘടന വെളിപ്പെടുത്തുന്നു.
സായുധ സംഘങ്ങൾ കുട്ടികളെ സൈന്യത്തിൽ ചേർക്കുന്നത് ഇക്കഴിഞ്ഞ വർഷം 70 ശതമാനത്തോളം വർദ്ധിച്ചുവെന്നും ഇപ്പോൾ സായുധസംഘങ്ങളിലെ അംഗങ്ങളിൽ 50 ശതമാനവും കുട്ടികളാണെന്നാണ് കരുതപ്പെടുന്നതെന്നും യൂണിസെഫ് പറയുന്നു.
അന്നാട്ടിൽ ലൈംഗികാതിക്രമം, ചൂഷണം, ദുരുപയോഗം എന്നീ കുറ്റകൃത്യങ്ങൾ കുത്തനെ വദ്ധിച്ചുവരുന്ന ഒരു അവസ്ഥയാണുള്ളതെന്നു് ആശങ്ക പ്രകടിപ്പിക്കുന്ന ഈ സംഘടന ഇപ്പോഴത്തെ അവസ്ഥയിൽ അന്നാട്ടിൽ മാനവികസഹായം ആവശ്യമുള്ള കുട്ടികളുടെ സംഖ്യം 30 ലക്ഷത്തോളം വരുമെന്ന് വെളിപ്പെടുത്തുന്നു.
ഒരു കുഞ്ഞായിരിക്കുകയെന്നത് ഇപ്പോൾ ഹൈറ്റിയിൽ ഭീകരമായ ഒരു അവസ്ഥയാണെന്നും അക്രമം സകലവും തകിടം മറിക്കുകയാണെന്നും വീടുവിട്ടുപോകാൻ കുടുംബങ്ങളെയും കുട്ടികളെയും നിർബന്ധിതരാക്കുകയാണെന്നും യുണിസെഫിൻറെ ഡയറെക്ടർ ജനറൽ കാഥറിൻ റസ്സെൽ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: