MAP

പാലസ്തീൻ-ഇസ്രേയൽ അതിർത്തിയിൽനിന്നുള്ള ഒരു ദൃശ്യം പാലസ്തീൻ-ഇസ്രേയൽ അതിർത്തിയിൽനിന്നുള്ള ഒരു ദൃശ്യം 

പുതുവർഷത്തിൽ ഗാസാ പ്രദേശത്ത് കൊല്ലപ്പെട്ടത് 120 കുട്ടികൾ: യൂണിസെഫ്

പതിനഞ്ച് മാസത്തോളമായി തുടരുന്ന പാലസ്തീന-ഇസ്രായേൽ പ്രശ്നത്തിൽ, 2025-ൽ മാത്രം 120 കുട്ടികളെങ്കിലും കൊല്ലപ്പെട്ടുവെന്ന് യൂണിസെഫ്. ഇവിടുത്തെ സംഘർഷത്തിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം . മുൻകാലങ്ങളിലേക്കാൾ വർദ്ധിച്ചുവെന്ന് ശിശുക്ഷേമനിധി അറിയിച്ചു. അതിനിടെ പ്രദേശത്ത് സമാധാനപ്രതീക്ഷകൾ വളർത്തിക്കൊണ്ട് താത്കാലികപരിഹാരമായി വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗസാപ്രദേശത്ത് പുതുവർഷാരംഭം മുതലുള്ള ഏതാനും ദിവസങ്ങളിൽ മാത്രം നൂറ്റിയിരുപത് കുട്ടികളെങ്കിലും കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. മധ്യപൂർവ്വദേശങ്ങളിലേക്കും വടക്കൻ ആഫ്രിക്കയിലേക്കുമുള്ള യൂണിസെഫ് ഓഫീസാണ്, ജനുവരി പതിനഞ്ചിന് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ ഇതുസംബന്ധിച്ച സന്ദേശം നൽകിയത്.

കുട്ടികളെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും, ഇത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനുള്ള തീരുമാനമല്ലെന്നും ഐക്യരാഷ്ട്രസഭാസംഘടന ഓർമ്മിപ്പിച്ചു. കുട്ടികളുടെ ജീവൻ സുരക്ഷിതമാക്കുന്നതിന് വേണ്ടി ഉടൻ വെടിനിറുത്തൽ ആവശ്യമാണെന്നും യൂണിസെഫ് തങ്ങളുടെ സന്ദേശത്തിൽ എഴുതിയിരുന്നു.

അതിനിടെ ജനുവരി പതിനഞ്ചിനുതന്നെ പാലസ്തീന-ഇസ്രായേൽ പ്രശ്‌നത്തിന് താത്കാലികപരിഹാരമായി വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതോടെ ഗാസായിലെ കുട്ടികൾക്ക് സമാധാനപരമായി ജീവിക്കാനുള്ള സാദ്ധ്യതകൾ തെളിഞ്ഞു.

നാളിതുവരെ പതിനയ്യായിരത്തിനടുത്ത് കുട്ടികൾ ഈ പ്രദേശത്ത് കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഇതിലധികം കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. മുൻകാലങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രദേശത്തെ കുട്ടികളുടെ മരണനിരക്ക് വർദ്ധിച്ചുവെന്ന് യൂണിസെഫ് തങ്ങളുടെ സന്ദേശത്തിലൂടെ അപലപിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ജനുവരി 2025, 17:07