MAP

പാലസ്തീനായിൽനിന്നുള്ള ഒരു ദൃശ്യം പാലസ്തീനായിൽനിന്നുള്ള ഒരു ദൃശ്യം 

തടവിലായിരുന്ന ഒൻപത് പാലസ്തീൻ കുട്ടികൾ സ്വാതന്ത്രരാക്കപ്പെട്ടു: യൂണിസെഫ്

കഴിഞ്ഞ ഒരു വർഷത്തിലധികമായി തടവിലാക്കപ്പെട്ടിരുന്ന 9 പാലസ്തീൻ കുട്ടികൾ, ജനുവരി 19-ന് മോചിതരായെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി വെളിപ്പെടുത്തി. ജനുവരി 21-ന് സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലാണ് ഇസ്രായേൽ പാലസ്തീൻ തടവുകാരെ വിട്ടയച്ചതിനെക്കുറിച്ച് അറിയിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇസ്രായേൽ തടവുകാരായി പിടിച്ചുകൊണ്ടുപോയിരുന്നവരിൽ ഒൻപത് കുട്ടികൾ മോചിതരായെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ജനുവരി 21 ചൊവ്വാഴ്ച സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലാണ് ഇസ്രായേൽ പാലസ്തീൻ തടവുകാരെ വിട്ടയച്ചതിനെക്കുറിച്ച് യൂണിസെഫ് അറിയിച്ചത്.

ഒൻപത് പാലസ്തീൻ കുട്ടികളെ സ്വാതന്ത്രരാക്കിയതിനെ യൂണിസെഫ് സ്വാഗതം ചെയ്യുന്നുവെന്നും, അവർക്ക് തങ്ങളുടെ കുടുംബങ്ങളിൽ തിരികെയെത്താൻ സാധിച്ചുവെന്നുമാണ് യൂണിസെഫ് ഡയറക്ടർ ജെനെറൽ കാതറിൻ റസ്സൽ എക്‌സിൽ കുറിച്ചത്.

പാലസ്തീൻ-ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് ഇസ്രായേൽ തടവിലാക്കിയിരുന്ന കുട്ടികളിൽ ഒൻപത് പേരാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി സ്വാതന്ത്രരാക്കപ്പെട്ടത്. വെസ്റ്റ് ബാങ്ക്, കിഴക്കൻ ജെറുസലേം എന്നിവിടിങ്ങളിൽനിന്നുള്ളവരാണ് ഒൻപത് കുട്ടികളും.

2023 ഒക്ടോബർ ഏഴിന് ഹമാസ് പ്രവർത്തകർ ഇസ്രായേലിൽ ആക്രമണം നടത്തിയതിനെത്തുടർന്നുണ്ടായ സായുധസംഘർഷങ്ങളിലും, കര-വ്യോമാക്രമണങ്ങളിലും ആയിരക്കണക്കിന് കുട്ടികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

വിവിധ രാജ്യങ്ങളുടെ മേൽനോട്ടത്തിൽ നടന്ന സമാധാനചർച്ചകളെത്തുടർന്ന് ഗാസാ പ്രദേശത്ത് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെടുകയും, മൂന്ന് ഇസ്രായേൽക്കാരെയും നിരവധി പാലസ്തീൻകാരെയും ഇരുകൂട്ടരും സ്വാതന്ത്രരാക്കിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ജനുവരി 2025, 17:48