MAP

ഗാസായിൽനിന്ന് ബംബിനോ ജെസു ആശുപത്രിയിലെത്തിച്ച ഒരു കുട്ടി - ഫയൽ ചിത്രം ഗാസായിൽനിന്ന് ബംബിനോ ജെസു ആശുപത്രിയിലെത്തിച്ച ഒരു കുട്ടി - ഫയൽ ചിത്രം 

2025-ന്റെ ആദ്യ ആഴ്ചയിൽ ഗാസായിൽ കൊല്ലപ്പെട്ടത് 74 കുട്ടികൾ: യൂണിസെഫ്

ഗാസാ മുനമ്പിൽ തുടരുന്ന സായുധസംഘർഷങ്ങളിൽ, 2025-ന്റെ ആദ്യ ഏഴു ദിവസങ്ങളിൽ മാത്രം കുറഞ്ഞത് 74 കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് യൂണിസെഫ്. ഡിസംബർ 26 മുതലുളള കാലയളവിൽ 8 നവജാതശിശുക്കൾ കൊടിയ തണുപ്പുമായി ബന്ധപ്പെട്ട രോഗകാരണങ്ങളാൽ മരണമടഞ്ഞതായി റിപ്പോർട്ടുകൾ വന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, ജനുവരി 8-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ യൂണിസെഫ് ഡയറക്ടർ ജെനെറൽ കാതറിൻ റസ്സൽ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2025-ന്റെ ആദ്യ ആഴ്ചയിൽ മാത്രം ഗാസാ മുനമ്പിൽ 74 കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. ഗാസാ സിറ്റി, ഖാൻ യൂനിസ്, അൽ മവാസി എന്നിവിടങ്ങളിലുണ്ടായിരുന്നവരാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നടന്ന വിവിധ ആക്രമണസംഭവങ്ങളിൽ കൊല്ലപ്പെട്ട കുട്ടികൾ. ഇതിൽ ഏറ്റവും ഒടുവിലത്തേത് ജനുവരി ഏഴിന് അൽ മവാസിയിൽ കൊല്ലപ്പെട്ട അഞ്ചു കുട്ടികളാണ്. പൊതുവെ സുരക്ഷിതയിടങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നതാണ് ഈ സ്ഥലങ്ങൾ.

പുതുവർഷം ഗാസാ പ്രദേശത്തുള്ള കുട്ടികളുടെ ജീവിതത്തിലേക്ക് കൂടുതൽ മരണവും ദുരിതങ്ങളുമാണ് കൊണ്ടുവന്നതെന്നും, കടുത്ത തണുപ്പ് മൂലം ആളുകൾ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ, ജനുവരി എട്ടാം തീയതി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. അടിയന്തിരമായി വെടിനിറുത്തൽ ഉണ്ടാകണമെന്നും, ഒരുപാട് കുട്ടികൾ ഈ പുതുവർഷത്തിൽത്തന്നെ കൊല്ലപെട്ടുവെന്നും, നിരവധി കുട്ടികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരേ നഷ്ടമായിട്ടുണ്ടെന്നും ശിശുക്ഷേമനിധി അദ്ധ്യക്ഷ കൂട്ടിച്ചേർത്തു.

ഗാസാ പ്രദേശത്ത് സുരക്ഷിതയിടങ്ങൾ കുറവായതിനാലും, പ്രദേശത്ത് കടുത്ത തണുപ്പ് നിലനിൽക്കുന്നതിനാലും കുട്ടികളുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടേറിയതായെന്ന് യൂണിസെഫ് വ്യക്തമാക്കി. കഴിഞ്ഞ പതിനഞ്ചോളം മാസങ്ങളായി ഏതാണ്ട് പത്ത് ലക്ഷത്തോളം കുട്ടികൾ അവരുടെ കുടുംബങ്ങൾക്കൊപ്പം താൽക്കാലിക കൂടാരങ്ങളിലാണ് താമസിക്കുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഡിസംബർ 26 മുതൽ ഇതുവരെ 8 നവജാതശിശുക്കൾ കൊടിയ കാലാവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾമൂലം മരണമടഞ്ഞിട്ടുണ്ട്.

ഗാസാ പ്രദേശത്തെ മാനവികസ്ഥിതി നിയന്ത്രണാതീതമാണെന്നും, ഇവിടേക്ക് വളരെ കുറച്ചുമാത്രം മാനവികസഹായമാണെത്തുന്നതെന്നും ശിശുക്ഷേമനിധി അറിയിച്ചു. പ്രദേശത്തുള്ള ആശുപത്രികളിൽ വാൻ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മാസാവസാനമുണ്ടായ ഒരു ആക്രമണത്തിൽ, പ്രദേശത്തുണ്ടായിരുന്ന കമൽ അദ്ധ്വാൻ ആശുപത്രി പ്രവർത്തനരഹിതമായിരുന്നു.

സംഘർഷങ്ങളിലായിരിക്കുന്നവരും, അന്താരാഷ്ട്രസമൂഹവും, ഈ പ്രദേശത്തെ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനായി പ്രവർത്തിക്കണമെന്നും, രണ്ടു കുട്ടികൾ ഉൾപ്പെടെ, തടവിലാക്കപ്പെട്ട ഏവരെയും വിട്ടയക്കുന്നതിനും, പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനും വേണ്ടി തയ്യാറാകണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.

അന്താരാഷ്ട്രമാനവികാവകാശനിയമങ്ങൾ പാലിക്കപ്പെടണമെന്നും, പ്രദേശത്ത് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും യൂണിസെഫ് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ജനുവരി 2025, 15:33