MAP

യുദ്ധാനന്തര ഗാസയിൽ നിന്നുള്ള ഒരു ദൃശ്യം യുദ്ധാനന്തര ഗാസയിൽ നിന്നുള്ള ഒരു ദൃശ്യം 

തകർന്നടിഞ്ഞിരിക്കുന്ന ഗാസയിൽ മാനവിക സഹായം അടിയന്തിരം, ഫാദർ റൊമനേല്ലി!

ആക്രമണം ഗാസയുടെ ഘടനതന്നെ തകർത്തിരിക്കയാണ്. കുടിവെള്ളം, വൈദ്യുതി എന്നിവയുടെ വിതരണം തുടങ്ങി സകലവും പുനരാരംഭിക്കേണ്ടിയിരിക്കുന്നു. അന്താരാഷ്ട്രസമൂഹത്തിൻറെ സഹായം അനിവാര്യമായിരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വെടിനിറുത്തൽ പ്രാബല്യത്തിലായ ഗാസയിൽ ജങ്ങൾ പാർപ്പിടങ്ങൾ പുനർനിർമ്മിക്കുകയും ജീവിതം പുനരാരംഭിക്കുകയും ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങിയിരിക്കയാണെന്നും എന്നാൽ മാനവികസഹായം അടിയന്തിരാവശ്യമാണെന്നും ഗാസയിലെ ഇടവക വികാരിയച്ചൻ ഗബ്രിയേൽ റൊമനേല്ലി.

ജനുവരി 19-ന്, ഞായറാഴ്ച വെടിനിറുത്തൽ കരാർ പ്രാബല്യത്തിലായതിനെക്കുറിച്ച് വത്തിക്കാൻ വാർത്താ വിഭാഗത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടി നിറുത്തൽ നടപ്പായി എന്നതിനർത്ഥം സത്വര സമാധാനം എന്നല്ലയെന്നും എന്നാൽ യഥാർത്ഥ പ്രത്യാശയിൽ ഒരു വിശ്വാസം ജനങ്ങൾക്കുണ്ടായിട്ടുണ്ടെന്നും ഫാദർ റൊമനേല്ലി പറഞ്ഞു.

വെടിനിറുത്തൽ ഉടമ്പടിയുണ്ടായെങ്കിലും ജനങ്ങൾക്ക് സ്വഭവനങ്ങളിലേക്കു മടങ്ങാൻ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും അവിടം ഇപ്പോഴും സൈനികമേഖലയാണെന്ന് കരുതപ്പെടുന്നതാണ് ഇതിനുകാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഗാസയുടെ ഘടനതന്നെ തകർന്നിരിക്കയാണെന്നും ഏതാനും കെട്ടിടങ്ങൾമാത്രമാണ് അവിടെയുള്ളതെന്നും ജനങ്ങൾക്കു ഭക്ഷണത്തിനു പുറമെ ശുദ്ധജലവും വൈദ്യുതിൽപ്പാദനയന്ത്രത്തിനാവശ്യമായ ഇന്ധനവും മറ്റും ആവശ്യമാണെന്നും 600 ട്രക്ക് സഹായവസ്തുക്കൾ എത്തുന്നുണ്ടെങ്കിലും അത് മതിയാകില്ലെന്നും വെളിപ്പെടുത്തിയ ഫാദർ റൊമനേല്ലി അന്താരാഷ്ട്രസമൂഹത്തിൻറെ സഹായം ഉണ്ടാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ജനുവരി 2025, 11:42