MAP

പ്രകൃതിസംരക്ഷണത്തിനായി വൃക്ഷത്തൈകൾ - എത്യോപ്യയിൽനിന്നുള്ള ഒരു ദൃശ്യം പ്രകൃതിസംരക്ഷണത്തിനായി വൃക്ഷത്തൈകൾ - എത്യോപ്യയിൽനിന്നുള്ള ഒരു ദൃശ്യം 

എത്യോപ്യ: തുടർച്ചയായ ഭൂചലനങ്ങൾ മൂലം പതിനായിരക്കണക്കിന് ആളുകൾ കുടിയിറങ്ങാൻ നിർബന്ധിതരായി

കഴിഞ്ഞ ദിവസങ്ങളിൽ എത്യോപ്യയിൽ തുടർച്ചയായി അനുഭവപ്പെട്ട ഭൂചലനങ്ങൾ മൂലം എൺപത്തിനായിരത്തോളം ആളുകൾ തങ്ങളുടെ ഭവനങ്ങൾ ഉപേക്ഷിച്ചിറങ്ങാൻ നിർബന്ധിതരായെന്ന് ഫീദെസ് വാർത്താ ഏജൻസി. അഫാർ, ഒറോമിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ആഴ്ചകളിൽ തുടർച്ചയായ ഭൂചലനം രേഖപ്പെടുത്തപ്പെട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

എത്യോപ്യയിലെ അഫാർ, ഒറോമിയ പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളിൽ തുടർച്ചയായി ഉണ്ടായ ഭൂചലനത്തെത്തുടർന്ന്, എൺപത്തിനായിരത്തോളം ആളുകൾ തങ്ങളുടെ വീടുകൾ വിട്ടിറങ്ങാൻ നിർബന്ധിതരായെന്നും, എന്നാൽ ഇനിയും അനേകർ തങ്ങളുടെ ഭവനങ്ങളിൽ തുടരുന്നുണ്ടെന്നും ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു.

അഫാർ പ്രദേശത്തും, ആവാഷ് ഫെന്താലേ ജില്ലയിലും ഉണ്ടായ ഭൂചലനങ്ങൾ അഹ്‌മാറ, ഒറോമിയ എന്നിവിടങ്ങളിലും, തലസ്ഥാനമായ അദ്ദിസ് അബേബയിലും അനുഭവപ്പെട്ടതായി രാജ്യത്തെ ഇറ്റലിയുടെ നയതന്ത്രകേന്ദ്രം ജനുവരി 17-ന് പുറത്തുവിട്ട ഒരു അറിയിപ്പിൽ എഴുതിയിരുന്നുവെന്ന്  ഫീദെസ് റിപ്പോർട്ട് ചെയ്‌തു.

ഫെന്താലേ അഗ്നിപർവ്വതപ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മാത്രം 18 ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി ഐക്യരാഷ്ട്രസഭയുടെ മാനവികകാര്യഏകോപനസമിതി (OCHA) അറിയിച്ചിരുന്നു. എന്നാൽ കുടിയൊഴിയാൻ നിർദ്ദേശം ലഭിച്ചിട്ടും, നിരവധി ഇടയന്മാർ ഈ പ്രദേശങ്ങളിൽനിന്ന് മാറാൻ തയ്യാറാകുന്നില്ലെന്നും സമിതി അറിയിച്ചിരുന്നു. സുരക്ഷിതയിടമായി നിർദ്ദേശിക്കപ്പെട്ടയിടത്ത് തങ്ങളുടെ നാലു ലക്ഷത്തോളം ആടുമാടുകൾക്ക് ഭക്ഷണം ലഭ്യമല്ലാത്തതിനാലാണ് ഇവർ മാറാൻ തയ്യാറാകാത്തത്.

കുടിയൊഴിഞ്ഞവരിൽ ആറായിരത്തി എണ്ണൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യസഹായം ലഭ്യമാക്കിയെന്നും, എന്നാൽ ഇനിയും രണ്ടായിരത്തി ഇരുന്നൂറ്റമ്പതോളം കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ സാധിച്ചിട്ടില്ലെന്നും ഐക്യരാഷ്ട്രസഭാസംഘടന വ്യക്തമാക്കി.

കുടിയൊഴിഞ്ഞവർ, തുറസ്സായ സ്ഥലങ്ങളിൽ മിതമായ സൗകര്യങ്ങളിൽ, കടുത്ത ചൂടിലും തണുപ്പിലുമാണ് കഴിയുന്നതെന്നും, സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം ലഭ്യമല്ലെന്നും മാനവികകാര്യഏകോപനസമിതി അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ജനുവരി 2025, 17:39