MAP

സമാധാനത്തിനുവേണ്ടി കത്തോലിക്കാ- പ്രൊട്ടസ്റ്റന്റ് സഭകൾ ചേർന്ന് 2022 നടത്തിയ റാലി സമാധാനത്തിനുവേണ്ടി കത്തോലിക്കാ- പ്രൊട്ടസ്റ്റന്റ് സഭകൾ ചേർന്ന് 2022 നടത്തിയ റാലി  

കോംഗോയിൽ സമാധാനത്തിനുവേണ്ടി കത്തോലിക്കാ- പ്രൊട്ടസ്റ്റന്റ് സഭകൾ ചേർന്ന് പദ്ധതി തയ്യാറാക്കുന്നു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും, സമീപദേശങ്ങളിലും സമാധാനത്തിനും, സഹവർത്തിത്വത്തിനും ആഹ്വാനം ചെയ്തുകൊണ്ടുള്ള കരാർ നിർണ്ണിക്കുന്നതിനുള്ള പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കുവാൻ കത്തോലിക്കാ സഭയും, പ്രൊട്ടസ്റ്റന്റ് സഭകളും തീരുമാനമെടുത്തു

ഫാ. സ്റ്റാനിസ്ളാസ് കംബാഷി, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കോംഗോയിലെ ദേശീയ മെത്രാൻ സമിതിയും, ചർച്ച് ഓഫ് ക്രൈസ്റ്റ് പ്രൊട്ടസ്റ്റന്റ് സഭയും ചേർന്നുകൊണ്ട് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും, സമീപപ്രദേശമായ വൻ തടാക മേഖലകളിലും സമാധാനം ഉറപ്പുവരുത്തുന്നതിന്, 2025 ജൂബിലിവർഷത്തിൽ പദ്ധതികൾ തയ്യാറാക്കുന്നു. ഈ പദ്ധതിയോട് സഹകരിച്ചു പ്രവർത്തിക്കുവാൻ കോംഗോ പൗരന്മാരോട് ഇരുസഭകളും അഭ്യർത്ഥിക്കുന്നു. ആഫ്രിക്കയുടെ പാരമ്പര്യത്തിൽ ഉൾച്ചേർന്നിരിക്കുന്ന ആധികാരികമായ വ്യക്തിത്വം ഉറപ്പുവരുത്തുന്ന 'ബുമുന്തു' മതസംഹിതകളുടെ മൂല്യം വീണ്ടും തിരിച്ചറിയുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും, പ്രാവർത്തികമാക്കുന്നതിനും പദ്ധതി ലക്‌ഷ്യം വയ്ക്കുന്നു.

രാഷ്ട്രീയവും സായുധവുമായ സംഘട്ടനങ്ങളും, വിഭജനങ്ങളും, സാമൂഹിക-സാമ്പത്തിക ബുദ്ധിമുട്ടുകളും, വിനാശകരമായ ആഘാതങ്ങളും കൊണ്ട് വിഷമതയനുഭവിക്കുന്ന ജനങ്ങളുടെ നേരെ ഇനിയും നിസ്സംഗത പാലിക്കുവാൻ പാടില്ലെന്നും, കൊലപാതകങ്ങൾ, ബലാത്സംഗം, നിർബന്ധിത കുടിയേറ്റം എന്നിവ തടയുന്നതിന്, 'ബുമുന്തു' ആശയങ്ങൾ ജീവിതത്തിൽ പാലിക്കണമെന്നും ഇരു സഭകളും ആഹ്വാനം ചെയ്യുന്നു.

അതിർത്തികൾ കടന്നുള്ള നല്ല അയല്പക്കത്തിന്റെ സംസ്കാരം പുലർത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. അവകാശങ്ങൾ നേടിയെടുക്കാൻ ആയുധങ്ങൾ ഉപയോഗിക്കുന്ന തെറ്റായ കീഴ്‌വഴക്കങ്ങൾ  ഉപേക്ഷിക്കുവാൻ ഏവരെയും ക്ഷണിക്കുന്നു. ഈ "സാമൂഹ്യ ഉടമ്പടി" ആഗോള സാഹോദര്യത്തിൻ്റെ ഭാഗമാകുവാനും, രാഷ്ട്രീയവും സായുധവുമായ സംഘട്ടനങ്ങളിൽ നിന്ന് മോചിതരാകുവാനും ആഫ്രിക്കൻ ജനതയെ സഹായിക്കുമെന്ന് ഇരുകൂട്ടരും വിശ്വസിക്കുന്നു.

ആഗോളവൽക്കരണത്തിൻ്റെ വെല്ലുവിളികളെ അഭിമുഖീകരിച്ച് ശക്തവും, സമൃദ്ധവുമായ ഒരു ആഫ്രിക്ക കെട്ടിപ്പടുക്കാനും ഈ സാമൂഹിക - ആത്മീയ സംരംഭം ലക്‌ഷ്യം വയ്ക്കുന്നു. ഈ പദ്ധതിയുടെ സുഗമമമായ നടത്തിപ്പിനു വേണ്ടിയുള്ള കമ്മീഷനുകളെ ജനുവരി അവസാനത്തോടെ നിയമിക്കുമെന്നും ഇരു സഭകളുടെയും  പ്രതിനിധികൾ അറിയിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ജനുവരി 2025, 11:02